പുതിയ ഒമാന്‍ എക്‌സ്‌പോ സെന്റര്‍ അടുത്ത മാസം തുറക്കും

Posted on: August 6, 2016 5:53 pm | Last updated: August 6, 2016 at 5:53 pm

expocentreമസ്‌കത്ത്: ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്റ് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ടം അടുത്ത മാസം തുറന്നു കൊടുക്കും.ഒന്നാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സപ്തംബര്‍ മദ്യത്തോടെയാണ് എക്‌സ്‌പോ സെന്റര്‍ തുറക്കുകയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഒമാന്റെ ആതിഥ്യമര്യാദയുടെ പ്രതീകമായി മാറുന്നതാകും പുതിയ എക്‌സ്‌പോ സെന്ററെന്ന് ജനറല്‍ മാനേജര്‍ മാക് കാറ്റനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സന്ദര്‍ശകര്‍ക്ക് എപ്പോഴും ഓര്‍ത്തുവെക്കാന്‍ പാകത്തിലുള്ളതാവും ഇവിടത്തെ സന്ദര്‍ശനമെന്നും ഒമാനി പാരമ്പര്യത്തിന്റെ ചൂടും ചൂരും ആസ്വദിക്കാനാവുമെന്നും അദ്ദേഹം വിശദീകരിച്ചു.
450 സീറ്റുകളുള്ള ഓഡിറ്റോറിയം, 19 സമ്മേളന ഹാളുകള്‍, 2688 സീറ്റുള്ള തീയെറ്റര്‍ മാതൃകയിലുള്ള ഗ്രാന്റ് ബാള്‍റൂം, 1200 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ഹാള്‍, 1026 പേര്‍ക്ക് ഇരിക്കാവുന്ന ജൂനിയര്‍ ബാള്‍ റൂം, 540 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന മറ്റൊരു ഹാള്‍ തുടങ്ങിയവ ഉള്‍കൊള്ളുന്നതാണ് പുതിയ എക്‌സ്‌പോ സെന്റര്‍.
മസ്‌കത്തിലെ അല്‍ ഇര്‍ഫാനിലാണ് പുതിയ എക്‌സ്‌പോ സെന്റര്‍ പണി പൂര്‍ത്തിയാകുന്നത്.ഒംറാന് ആണ് ഇതിന്റെ ഉടമസ്ഥതയും നിര്‍മാണവും നിര്‍വഹിക്കുന്നത്. നാല ്ആഡംബര ഹോട്ടലുകള്‍ എക്‌സ്‌പോ സെന്ററിന്റെ ചുറ്റു വട്ടത്തായുണ്ട്. ജെ ഡബ്ല്യൂ മാരിയറ്റ്, ഫോര്‍ സ്റ്റാര്‍ ക്രൗണ്‍ പ്ലാസ എന്നിവ അടുത്ത വര്‍ഷം തുറക്കും.
127,00 സ്‌ക്വയര്‍ മീറ്ററിലുള്ള വമ്പന്‍ ഷോപ്പിംഗ് മാളും ഒഴിവു വേളകള്‍ വിനിയോഗിക്കാവുന്ന നിരവധി കേന്ദ്രങ്ങളുള്ള ബിസിനസ് പാര്‍ക്കും ഇതിനോടനുബന്ധമായി വരുന്നുണ്ട്. ആദ്യ വര്‍ഷത്തില്‍ നാലര ലക്ഷം സന്ദര്‍ശകരെയാണ് ഒമാന്‍ എക്‌സ്‌പോ പ്രതീക്ഷിക്കുന്നത്.