കക്കാട് വില്ലേജ് ഓഫീസ് കെട്ടിടം അപകടാവസ്ഥയില്‍

Posted on: August 6, 2016 12:23 pm | Last updated: August 6, 2016 at 12:23 pm

മുക്കം: രണ്ട് പതിറ്റാണ്ട് പഴക്കമുള്ള വില്ലേജ് ഓഫീസ് കെട്ടിടം മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് അപകടാവസ്ഥയില്‍. കാരശ്ശേരി ചോണാട്ട് പ്രവര്‍ത്തിക്കുന്ന കക്കാട് വില്ലേജ് ഓഫീസാണ് നാശത്തെ അഭിമുഖീകരിക്കുന്നത്. നാല് ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ചോര്‍ച്ച മൂലം വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിടത്തിന് മുകളില്‍ ഷീറ്റിട്ടിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായി ഇതും തകര്‍ന്നിരിക്കുകയാണ്. ഓഫീസ് കെട്ടിടത്തിനോട് ചേര്‍ന്ന മതിലിന്റെ കെട്ട് തകര്‍ച്ച തുടങ്ങിയിട്ടുണ്ട്. മതില്‍ താഴേക്ക് വിണ്ടുകീറിയ നിലയിലാണ്. സ്ഥല സൗകര്യക്കുറവും ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
കെട്ടിടം പൊളിച്ച് കൂടുതല്‍ സൗകര്യമുള്ള കെട്ടിടം പണിതാല്‍ ഫയലുകള്‍ സൂക്ഷിക്കാനും ജീവനക്കാര്‍ക്ക് ഭീതിയില്ലാതെ ജോലി ചെയ്യാനും സാധിക്കും. കെട്ടിടത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണുന്നതിന് അടിയന്തര നടപടികള്‍ വേണമെന്നാണ് നാട്ടുകാരും ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നത്.