അനധികൃത സര്‍വീസിനെതിരെ ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്ത്‌

Posted on: August 6, 2016 12:00 pm | Last updated: August 6, 2016 at 12:00 pm

പാലക്കാട്: നഗരപരിധിയില്‍ അനധികൃത സര്‍വീസുകാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് അംഗീകൃത ഓട്ടോ സര്‍വീസുകാര്‍ രംഗത്ത്.
ഈ ആവശ്യം ഉന്നയിച്ച് നഗരസഭ ചെയര്‍പഴ്‌സന്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവര്‍ക്ക് ടൗണ്‍ പെര്‍മിറ്റ് ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ നിവേദനം നല്‍കി.
നഗരത്തില്‍ നിലവിലുള്ള 92 ഓട്ടോ സ്റ്റാന്‍ഡുകളില്‍ 52 എണ്ണത്തിനു മാത്രമേ അംഗീകാരമുള്ളൂ. ടൗണില്‍ പാര്‍ക്കിങ് അനുവദിച്ചത് 3000 ഓട്ടോകള്‍ക്കാണെങ്കിലും സര്‍വീസ് നടത്തുന്നത് എണ്ണായിരത്തിലേറെ വാഹനങ്ങളാണ്.5000 അനധികൃത ഓട്ടോകള്‍ അംഗീകൃത സ്റ്റാന്‍ഡുകളിലും പരിസരത്തുമായി നിലയുറപ്പിച്ചാണു യാത്രക്കാരെ കയറ്റുന്നത്. നഗരത്തില്‍ ഉണ്ടായ അതിക്രമങ്ങളില്‍ അനധികൃത ഓട്ടോ സര്‍വീസുകാരുടെ പങ്കാളിത്തവും നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കല്‍പാത്തിയിലേക്ക് ഓട്ടോ വിളിച്ച വനിതാ യാത്രക്കാരെ കല്‍മണ്ഡപം ‘ാഗത്തേക്കു തട്ടിക്കൊണ്ടുപോകാനുള്ള ഓട്ടോഡ്രൈവറുടെ ശ്രമം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.
വാഹനപലിശക്കാരും മറ്റും ചേര്‍ന്നു നടത്തുന്ന ഓട്ടോകളാണ് ഇത്തരം ക്രിമിനല്‍ നടപടികള്‍ക്കു പിന്നിലെന്നാണു ജീവനക്കാരുടെ പരാതി. ഇത് അംഗീകൃത ഡ്രൈവര്‍മാര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നു. അനധികൃത സര്‍വീസുകള്‍ നിയന്ത്രിച്ചാല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ തടയാനാകുമെന്നാണു ഡ്രൈവര്‍മാരുടെ പ്രധാന നിര്‍ദേശം. പോലീസ്, മോട്ടോര്‍ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഫലവത്തായി നടപ്പാക്കിയതും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നഗര പരിധിയി!ല്‍ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ള മുഴുവന്‍ ഓട്ടോകള്‍ക്കും പ്രത്യേക നിറം നല്‍കുക. ഇത്തരം ഓട്ടോകള്‍ക്ക് സ്റ്റാന്‍ഡ് നമ്പര്‍, പോലീസിന്റെ സ്റ്റിക്കര്‍ നമ്പര്‍ എന്നിവ അനുവദിക്കുക അംഗീകൃത ഓട്ടോക്കാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.