ഹോട്ടല്‍ ഭക്ഷണ സാധനങ്ങളുടെ വില വര്‍ധന: പ്രതിക്ഷേധം ശക്തം

Posted on: August 6, 2016 10:39 am | Last updated: August 6, 2016 at 10:39 am
SHARE

കുറ്റിയാടി: കുറ്റിയാടി ടൗണിലെ ചില ഹോട്ടലുകളില്‍ ഭക്ഷ്യ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതില്‍ പ്രതിക്ഷേധം ശക്തമാവുന്നു. പൊറോട്ടക്കും എണ്ണ പലഹാരങ്ങള്‍ക്കുമടക്കം നിലവിലുള്ള എട്ട് രൂപയില്‍ നിന്ന് ഒറ്റയടിക്ക് പത്ത് രൂപയും ഊണിന് 30 രൂപയില്‍ നിന്നും 40 രൂപയുമാക്കിയാണ് വില വര്‍ധിപ്പിച്ചത്.
ചില ഹോട്ടലുകളില്‍ ഇത് 50ഉം 60ഉം രൂപ വരെയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും പഞ്ചായത്തും യുവജന സംഘടനകളും നേരത്തെ ഉണ്ടാക്കിയ ധാരണകള്‍ക്ക് കടക വിരുദ്ധമായ തീരുമാനമാണ് ചില ഹോട്ടലുകള്‍ സ്വീകരിച്ചത്.
സമീപ പ്രദേശങ്ങളായ മൊകേരി, തൊട്ടില്‍പ്പാലം, കക്കട്ട് എന്നിവടങ്ങളില്‍ പഴയ വിലക്ക് ഭക്ഷ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുമ്പോഴാണ് യാതൊരു നീതീകരണവുമില്ലാതെ കുറ്റിയാടിയിലെ ഹോട്ടലുകളിലെ വില വര്‍ധനവ്.
ഭക്ഷ്യ സാധനങ്ങളുടെ വില വര്‍ധനവ് ഏറെ ബാധിക്കുന്നത് ആശുപത്രിയിലെത്തുന്ന രോഗികളെയും കൂട്ടിയിരുപ്പുകാരെയുമാണ്.
അതേ സമയം ടൗണില്‍ ചില ഹോട്ടലുകളില്‍ പഴയ വിലക്ക് തന്നെ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നുമുണ്ട്. ഇവരും വരും ദിവസങ്ങളില്‍ വില വര്‍ധിപ്പിക്കുമെന്നാണ് അറിയുന്നത്.
ഹോട്ടലുകളില്‍ അന്യായമായി വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വില കുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അടിയന്തരമായി പഞ്ചായത്ത് അധികൃതര്‍ ഇടപെടണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here