എസ് ഐയെ ന്യായീകരിക്കാനുള്ള അഭിഭാഷകരുടെ നീക്കം ദൗര്‍ഭാഗ്യകരം: പത്രപ്രവര്‍ത്തക യൂനിയന്‍

Posted on: August 6, 2016 9:41 am | Last updated: August 6, 2016 at 9:41 am

KUWJ-media-workersതൃശൂര്‍: മാധ്യമ പ്രവര്‍ത്തകരെ ബോധപൂര്‍വം കൈയേറ്റം ചെയ്യുകയും തടഞ്ഞുവെച്ച് പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്ത കോഴിക്കോട് ടൗണ്‍ എസ് ഐ. വിമോദിനെ ന്യായീകരിക്കാനുള്ള അഭിഭാഷക സംഘത്തിന്റെ നീക്കം ദൗര്‍ഭാഗ്യകരമാണെന്ന് തൃശൂരില്‍ ചേര്‍ന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു. പരാതിയുണ്ടെങ്കില്‍ എഴുതിത്തരണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എസ് ഐക്കെതിരെ പരാതി നല്‍കിയത്. അഭിഭാഷകരുമായി യാതൊരു പ്രശ്‌നവുമില്ലാത്ത കോഴിക്കോട് പോലുള്ള ഇടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുമായി ശത്രുത ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കലും ഗുണകരമല്ല. ജോലിയില്‍ നിന്നും സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ ശേഷവും പോലീസുദ്യോഗസ്ഥന്‍ സ്റ്റേഷന്‍ നടപടികളില്‍ ഇടപെട്ടതും സ്റ്റേഷനിലെത്തിയവരെ കൈയേറ്റം ചെയ്യുകയും ചെയ്തത് അഭിഭാഷക സുഹൃത്തുക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ. കൈയേറ്റത്തിനിരയായ വ്യക്തി പരാതി നല്‍കിയത് സ്വാഭാവികമാണ്. എസ് ഐയുടെ നടപടി തെറ്റാണെന്ന് ബോധ്യമായതിനാലാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതും. ഇതേ വിഷയത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരാതിയുള്ളത്. പിന്നെങ്ങിനെയാണ് മാധ്യമ പ്രവര്‍ത്തകരാണ് തെറ്റുകാരെന്ന് ആരോപിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാനത്തുടനീളം ആസൂത്രിതമായി കള്ളക്കേസുകളും കൗണ്ടര്‍ കേസുകളും നല്‍കി ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ സ്വാര്‍ഥ തത്പരരുടെ ഭാഗത്തുനിന്നും നീക്കം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ ഏതറ്റം വരെയും പോകും. കോഴിക്കോട് എസ് ഐക്കെതിരായ കേസ് റദ്ദാക്കിയാല്‍ അപ്പീല്‍ പോകുന്നതുള്‍പ്പെടെ നീതി ലഭ്യമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും പത്ര പ്രവര്‍ത്തക യൂനിയന്‍ സ്വീകരിക്കും. പരാതിക്കാരനായ മാധ്യമ പ്രവര്‍ത്തകന്‍ ബിനുരാജിനെതിരെ കൗണ്ടര്‍ പരാതി നല്‍കാനുള്ള നീക്കത്തെ ജനകീയ അഭിപ്രായ സ്വരൂപണത്തിലൂടെ എതിര്‍ക്കും. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ആരോഗ്യകരമായ സൗഹാര്‍ദം നിലനിര്‍ത്താന്‍ എല്ലാവിഭാഗം ആളുകളും തയ്യാറാകണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.