മഞ്ചേരിയില്‍ ഗതാഗതക്കുരുക്ക് തുടരുന്നു; പ്രതിഷേധവും

Posted on: August 6, 2016 9:29 am | Last updated: August 6, 2016 at 9:29 am
SHARE

മഞ്ചേരി: നഗരത്തില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ഇടക്കിടെ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌കാരങ്ങള്‍ യാത്രക്കാര്‍, വ്യാപാരികള്‍, ബസുടമകള്‍, ബസ് തൊഴിലാളികള്‍, നാട്ടുകാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ പ്രതിഷേധത്തിന് കാരണമാകുന്നു. രണ്ടായിരമാണ്ടോടെയാണ് മഞ്ചേരി നഗരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ട് തുടങ്ങുന്നത്. ഇതിന് പരിഹാരമെന്നോണം സര്‍ക്കാര്‍ നിര്‍മിച്ച സബ്‌വേ ഗുണത്തെക്കാളേറെ ദോഷമാണ് വരുത്തി വെച്ചത്.
അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ട നഗരസഭ ഇതിന് തയ്യാറാകാത്തത് മൂലം സബ്‌വേ സാമൂഹിക വിരുദ്ധരുടെ ഇടത്താവളവും കൊതുകു വളര്‍ത്തല്‍ കേന്ദ്രവുമായി മാറുകയായിരുന്നു. അവസാനം സബ്‌വേ പൊളിച്ചു മാറ്റാന്‍ നഗരസഭാ കൗണ്‍സില്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. 165000 രൂപ ടെന്‍ഡര്‍ നല്‍കിയാണ് സബ്‌വേ പൊളിച്ചു മാറ്റിയത്. വാഹനങ്ങളുടെ ആധിക്യവും അനധികൃത കൈയേറ്റവും വീണ്ടും മഞ്ചേരിയിലെ ഗതാഗത സംവിധാനത്തെ ബാധിച്ചു. 2010 ആഗസ്റ്റ് 25 നഗരമധ്യത്തിലും പിന്നീട് ജസീല ജംഗ്ഷനിലും മുനിസിപ്പാലിറ്റി ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു. എന്നാല്‍ ബാറ്ററി ബാക്കപ്പ് സിസ്റ്റത്തില്‍ വന്ന തകരാര്‍ മൂലം സിഗ്നല്‍ പ്രവര്‍ത്തന രഹിതമാകുന്നത് നിത്യസംഭവമായി.
2013 ഫെബ്രുവരി 12ന് നഗരത്തില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ഗതാഗത പരിഷ്‌ക്കാരം പ്രഖ്യാപിച്ചു. ഉദ്ഘാടനം കഴിഞ്ഞ് നിര്‍ജ്ജീവമായി കിടക്കുന്ന കച്ചേരിപ്പടി ബസ് ടെര്‍മിനലിന് നവജീവന്‍ നല്‍കാനായിരുന്നു കമ്മിറ്റിയുടെ പ്രഖ്യാപനം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയും ഫെബ്രുവരി 14ന് വ്യാപാരികളും ബസുടമകളും ഹര്‍ത്താല്‍ നടത്തുകയും ചെയ്തു. സെപ്തംബര്‍ 28ന് വ്യാപാരി-തൊഴിലാളി-ബസുടമ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീണ്ടും പണിമുടക്ക്. ഒക്‌ടോബര്‍ അഞ്ചിന് വിദ്യാര്‍ത്ഥികളും നാട്ടുകാരും ഒന്നിച്ച് തഹസില്‍ദാരെ വഴിയില്‍ തടഞ്ഞ് നടത്തിയ സമരത്തില്‍ പ്രഖ്യാപിച്ച പരിഷ്‌ക്കാരങ്ങള്‍ക്ക് തിരശ്ശീല വീണു. ഇതിനിടയില്‍ തെരഞ്ഞടുപ്പുകള്‍ രണ്ടെണ്ണമെത്തി. അധികൃതര്‍ അടുത്ത ഊഴത്തിനായി കാത്തു നിന്നു. ഈ അവസരത്തിലാണ് നഗരമധ്യത്തില്‍ മഞ്ചേരി – ഒലിപ്പുഴ റോഡിന് കുറുകെയുള്ള ഡ്രൈനേജ് ജോലികള്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്. ജോലി പുരോഗമിക്കവെ പ്രവൃത്തി പൂര്‍ത്തിയാക്കും വരെ ഗതാഗതത്തില്‍ മാറ്റം ട്രാഫിക് പോലീസ് പ്രഖ്യാപിച്ചു. പണി പൂര്‍ത്തിയായപ്പോള്‍ തത്ക്കാലം ഇങ്ങനെത്തന്നെ തുടരട്ടെയെന്ന നിലപാടെടുത്തതോടെ പ്രതിഷേധങ്ങള്‍ പുകഞ്ഞു തുടങ്ങിയിട്ടുണ്ട്.
നിലമ്പൂര്‍, അരീക്കോട്, വണ്ടൂര്‍, കോഴിക്കോട് റോഡ്, പാണ്ടിക്കാട് ഭാഗങ്ങളില്‍ നിന്ന് മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ എസ് എച്ച് ബി ടിയിലിറങ്ങി ഓട്ടോറിക്ഷക്ക് 20 രൂപ നല്‍കി ഐ ജി ബി ടിയിലേക്ക് പോകേണ്ട അവസ്ഥയാണിപ്പോള്‍. 12 രൂപക്ക് മലപ്പുറത്തെത്തിയിരുന്ന യാത്രക്കാര്‍ ഇപ്പോള്‍ 32 രൂപ നല്‍കണം. മലപ്പുറത്ത് നിന്ന് മടങ്ങുമ്പോഴും ഇതേ അവസ്ഥയാണ്. യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നഗരത്തിലെ വ്യാപാരികള്‍ക്കും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നവര്‍ക്കും പ്രയാസം സൃഷ്ടിക്കുന്ന നിലവിലെ ഗതാഗത പരിഷ്‌കാരം ഓട്ടോ ജീവനക്കാര്‍ക്ക് ഗുണകരമാണ്. ഒരോ ബസിലും സ്റ്റാന്‍ഡുകളിലെത്തുന്ന യാത്രക്കാര്‍ ഓട്ടോ പിടിച്ച് അടുത്ത സ്റ്റാന്‍ഡിലേക്ക് പോകുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് വിര്‍ധിപ്പിക്കാന്‍ മാത്രമേ സഹായകമാകൂ എന്നും വിലയിരുത്തപ്പെടുന്നു. ട്രാഫിക് പോലീസ് പ്രഖ്യാപിച്ച അശാസ്ത്രീയ പരിഷ്‌ക്കാരം പഠന വിധേയമാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഏറെക്കാലമായി നീറുന്ന മഞ്ചേരിയിലെ ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് പൊതു സമൂഹത്തിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here