Connect with us

Articles

തൈ്വബ സെന്റര്‍ നാടിന് സമര്‍പ്പിക്കുമ്പോള്‍

Published

|

Last Updated

കൊല്ലം ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ പുതിയ സംരംഭം കൊല്ലം പള്ളിമുക്കില്‍ സ്ഥാപിച്ച തൈ്വബ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ പ്രൊഫറ്റ് മുഹമ്മദ് (സ) ഇന്ന് വൈകുന്നേരം സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് വൈജ്ഞാനിക കൈരളിക്ക് സമര്‍പ്പിക്കുകയാണ്.
തിരുനബി ജീവിതത്തിന്റെയും തിരുചര്യകളുടെയും സ്വതന്ത്രമായ ഒരു പഠന കേന്ദ്രമാണ് തൈ്വബ സെന്റര്‍. ബഹു ഭാഷകളില്‍ ബൃഹത്തായ ഗ്രന്ഥശേഖരവും ഗവേഷണ പണ്ഡിതന്മാരുടെ നിരന്തരമായ പഠനങ്ങള്‍ക്കുള്ള കേന്ദ്രവുമാണ് പ്രാഥമിക ഘട്ടം. റിസര്‍ച്ച് സ്‌കോളേഴ്‌സിന് താമസിച്ച് പഠനം നടത്താനുള്ള സൗകര്യം ഇതര മതസമുദായങ്ങള്‍ക്ക് നബി ജീവിതത്തെ അറിയാനുള്ള പ്രത്യേക പോര്‍ട്ടല്‍, സീറാ പഠനങ്ങള്‍ക്കായി “ഖത്മുല്‍ മുതൂന്‍” തുടങ്ങി ബൃഹത്തായ പദ്ധതികള്‍ സെന്റര്‍ ലക്ഷ്യം വെക്കുന്നു. ഹ്രസ്വകാല സീറാ പഠനങ്ങള്‍, അന്താരാഷ്ട്രതലത്തില്‍ സമാന സെന്ററുകളുമായി യോജിച്ചുള്ള സെമിനാറുകള്‍, സീറന്നബവിയ്യയില്‍ വിവിധ യൂനിവേഴ്‌സിറ്റികളില്‍ ഗവേഷണം നടത്തുന്നവര്‍ക്കുള്ള കൂട്ടായ്മകള്‍ എന്നിവ തുടര്‍ സംരംഭങ്ങളായി സെന്റര്‍ മുന്നില്‍ കാണുന്നു
കേരളത്തിലെ മതസ്ഥാപന ലൈബ്രറികളിലും മറ്റും സീറത്തുന്നബിയ്ക്ക് പ്രത്യക വിഭാഗം ഉണ്ടെങ്കിലും ഇതിനായി മാത്രം സ്വതന്ത്രമായ ഒരു പഠനകേന്ദ്രം ഇതാദ്യമാണ്. കൊല്ലം പള്ളിമുക്കില്‍ എസ് എസ് എഫിന്റെ അഭിമുഖ്യത്തില്‍ പത്തു വര്‍ഷമായി നടന്നുവരുന്ന, എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ “സ്‌നേഹപ്രപഞ്ചം” പ്രവാചക പഠന പ്രഭാഷണ പരമ്പരയില്‍ നിന്നാണ് ഇത്തരമൊരു കേന്ദ്രത്തിന്റെ ആലോചന ഉടലെടുത്തത്. ഒമ്പതാം വാര്‍ഷികത്തില്‍ കാന്തപുരം ഉസ്താദ് പ്രഖ്യാപിച്ച പദ്ധതിയുടെ പുലര്‍ച്ച കൂടിയാണീ സംരംഭം.
നബി ജീവിതത്തിന്റെ നേര്‍വായനകള്‍ കുറഞ്ഞു പോയതാണ് ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാനും വഴി നല്‍കുന്നത്. ഒരു ബഹുസ്വര സമൂഹത്തെ എങ്ങനെ സംബോധന ചെയ്യണം എന്ന കൃത്യമായ മാര്‍ഗം പ്രവാചക പാഠശാലയില്‍ നിന്ന് നമുക്ക് ലഭ്യമാണ്. പാശ്ചാത്യന്‍ രചനകളിലൂടെയോ ഓറിയന്റലിസ്റ്റ് വ്യാഖ്യാനങ്ങളിലൂടെയോ പ്രവാചകരെ വായിച്ചപ്പോഴാണ് ആശാവഹമല്ലാത്ത പലതും ഇസ്‌ലാമിന്റെ പേരില്‍ ആരോപിക്കാന്‍ പലരെയും പ്രേരിപ്പിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ ഈ വിധത്തിലുള്ള പഠനകേന്ദ്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ദക്ഷിണ കേരളത്തില്‍ വിശിഷ്യാ കൊല്ലം ജില്ലയിലെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ചരിത്ര സ്ഥലിയും വലിയ മഹല്ലു ജമാഅത്തുകളില്‍ ഒന്നാം നിരയിലുള്ളതുമാണ് കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത്. ജമാഅത്ത് ഗ്രാന്‍ഡ് മസ്ജിദിന്റെ ചാരത്ത് തന്നെയാണ് തൈ്വബ സെന്റര്‍ വരുന്നത് എന്നത് വലിയ പ്രാധാന്യമര്‍ഹിക്കുന്നു.
വിവിധ അറബ് യൂനിവേഴ്‌സിറ്റികളില്‍ ഇസ്‌ലാമിക് ചെയറിനും ചരിത്രവിഭാഗത്തിനും പുറമേ പ്രവാചക ജീവിത ചരിത്ര പഠനത്തിന് സ്വതന്ത്ര വിഭാഗങ്ങളുണ്ട്. മര്‍കസ് ബുഹൂസി സ്സുന്നത്തി വസ്സീറ: (ഖത്തര്‍) അതിനൊരുദാഹരണമാണ്. വിശ്വ പ്രസിദ്ധ പണ്ഡിതനായ അലിയുല്‍ ജിഫ്‌രിയുടെ നേതൃത്വത്തില്‍ യു എ ഇ യില്‍ പ്രവര്‍ത്തിക്കുന്ന തൈ്വബ പഠനകേന്ദ്രം ഒരു മാതൃകയാണ്.
ശൈഖ് അബൂബക്കര്‍ ബിന്‍ അഹ്മദ് (ഇന്ത്യ), അബ്ദുല്‍ ഇലാഹ് അല്‍ അര്‍ഫജ് (കിംഗ് ഫൈസല്‍ യൂനിവേഴ്‌സിറ്റി), സാമി അബ്ദുല്ല അല്‍മഗ്‌ലൂഫ് (സഊദി), ഡോ. രിള്‌വാന്‍ (മദീന) എന്നിവര്‍ അംഗങ്ങളായ ഉപദേശക സമിതിയും ഡോ. എന്‍ ഇല്യാസ് കുട്ടി, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി എന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.