പെയ്‌സിന് താമസിക്കാന്‍ മുറിയില്ല !

Posted on: August 6, 2016 1:16 am | Last updated: August 6, 2016 at 1:16 am
SHARE

RIO FINAL EMBLOMറിയോ ഡി ജനീറോ: ഇന്ത്യന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പെയ്‌സിന് ഒളിമ്പിക് വില്ലേജില്‍ താമസിക്കാന്‍ മുറിയില്ല. ടീമിനൊപ്പം ചേരുന്നതില്‍ പെയ്‌സ് അല്പം വൈകിയിരുന്നു. എന്നാല്‍, വൈകിയെത്തിയതല്ല, ഒളിമ്പിക് വില്ലേജില്‍ താമസിക്കുന്നത് സംബന്ധിച്ച വ്യക്തത നല്‍കാത്തതാണ് മുറി ലഭ്യമാകാതിരിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്.
താമസ സൗകര്യം അനുവദിക്കാത്തതില്‍ പെയ്‌സ് നിരാശനാണ്. ആറ് ഒളിമ്പിക്‌സില്‍ പങ്കെടുത്തു, അപ്പോഴൊന്നും ഇല്ലാത്ത ദുരനുഭവമാണിവിടെയുണ്ടായത്. ന്യൂയോര്‍ക്കില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനാലാണ് വൈകിയത്. അവിടെ നിന്ന് ആദ്യം ലഭിച്ച ഫ്‌ളൈറ്റില്‍ തന്നെ റിയോയിലേക്ക് പുറപ്പെടുകയും ചെയ്തു – പെയ്‌സ് പറഞ്ഞു.
മൂന്ന് മുറികളാണ് ഇന്ത്യയുടെ ടെന്നീസ് ടീമിന് അനുവദിച്ചത്. നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനും കോച്ചുമായ സീഷാന്‍ അലി, ഡബിള്‍സ് താരം രോഹന്‍ ബൊപ്പണ്ണ, ടീം ഫിസിയോ എന്നിവര്‍ക്കാണ് ഇപ്പോള്‍ മുറികള്‍ ഉള്ളത്. പെയ്‌സ് ഒരിക്കലും ഒളിമ്പിക് വില്ലേജില്‍ താമസിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സീഷാന്‍ അലി പറഞ്ഞു.
ഇന്ത്യയുടെ ചീഫ് ദെ മിഷന്‍ രാകേഷ് ഗുപ്തക്ക് പരാതി നല്‍കിയിട്ടുണ്ട്.
പെയ്‌സ് വൈകിയത് ടീമിനുള്ളിലെ അഭിപ്രായ ഭിന്നതയായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. രോഹന്‍ ബൊപ്പണ്ണയുമായി മുറി പങ്കിടാന്‍ പറ്റില്ലെന്നും മറ്റും പെയ്‌സ് പറഞ്ഞതായി വാര്‍ത്ത പരന്നിരുന്നു.
പെയ്‌സ് വൈകിയതിനാല്‍ ബൊപ്പണ്ണ സെര്‍ബിയയുടെ നെനാദ് സിമോന്‍ജികിനൊപ്പമാണ് പരിശീലനം നടത്തിയിരുന്നത്. എന്നാല്‍, ഇതൊന്നും ഭിന്നത കാരണമല്ലെന്നും സാങ്കേതികമായ അസൗകര്യങ്ങള്‍ മാത്രമാണെന്നും സീഷാന്‍ അലി അറിയിച്ചു.