ടിടിയില്‍ നാല്‍വര്‍ സംഘം ഇറങ്ങുന്നു

Posted on: August 6, 2016 6:07 am | Last updated: August 6, 2016 at 11:54 am
SHARE

achanta_14_04_13_largeറിയോ ഡി ജനീറോ: ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുന്നു. ശരത് കമല്‍, സൗമ്യജിത് ഘോഷ് എന്നിവര്‍ പുരുഷ സിംഗിള്‍സിലും മണിക ബത്ര, മൗമ ദാസ് എന്നിവര്‍ വനിതാ സിംഗിള്‍സിലും ഇന്ത്യയെ പ്രതിനിധാനം ചെയ്യും. ഇതാദ്യമായാണ് നാല് പേര്‍ ഒളിമ്പിക് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്.
ലോക റാങ്കിംഗില്‍ 73ാം സ്ഥാനത്തുള്ള ശരത് കമലിനിത് മൂന്നാം ഒളിമ്പിക്‌സാണ്. ഇന്ത്യന്‍ നിരയിലെ പരിചയ സമ്പന്നനും കമല്‍ തന്നെ. സഹതാരം സൗമ്യജിത് ഘോഷ് റാങ്കിംഗില്‍ കമലിനേക്കാള്‍ മുകളിലാണ് – 68ാം സ്ഥാനത്ത്. ടിടിയില്‍ ആദ്യം ഒളിമ്പിക് യോഗ്യത നേടിയും സൗമ്യജിതാണ്.
വനിതകളില്‍ മൗമ ദാസ് ആദ്യമായിട്ടല്ല ഒളിമ്പിക്‌സിനെത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏഥന്‍സ് ഒളിമ്പ്യാഡില്‍ മൗമ അരങ്ങേറ്റം കുറിച്ചു. മണിക ബത്രക്ക് റിയോ നവ്യാനുഭവമാണ്. അരങ്ങേറ്റക്കാരിയുടെ എല്ലാ ത്രില്ലും മണികയില്‍ ദര്‍ശിക്കാം. റാങ്കിംഗില്‍ മണിക 127ലും മൗമദാസ് 150ലുമാണ്. മെഡല്‍ സാധ്യത വിദൂരത്താണെങ്കിലും അതൊന്നും വകവെക്കാതെ മികച്ച പോരാട്ടം കാഴ്ചവെക്കുവാന്‍ ഇവര്‍ തയ്യാറാണ്.
റാങ്കിംഗ് കണക്കിലെടുത്താന്‍ ആദ്യ റൗണ്ടില്‍ വനിതകള്‍ക്കാണ് വലിയ വെല്ലുവിളിയുള്ളത്. മൗമ ദാസിന്റെ ആദ്യ എതിരാളി അമ്പത്തെട്ടാ റാങ്കുകാരി റുമാനിയയുടെ ഡാനിയെല ഡോഡിയന്‍ മോണ്ടെറോയാണ്.
മണിക ബത്രയുടെ ആദ്യ എതിരാളി പോളണ്ടിന്റെ കതാസിന ഫ്രാങ്ക്-ഗ്രിബോസ്‌കയാണ്. പോളിഷ് വനിതയുടെ റാങ്കിംഗ് അറുപതാണ്. മണികയേക്കാള്‍ 67 റാങ്കിംഗ് മുകളില്‍.
പുരുഷ വിഭാഗത്തില്‍ സൗമ്യജിത് ഘോഷിന് ആദ്യ പോരാട്ടം എളുപ്പമാണ്. റാങ്കിംഗില്‍ 181 ല്‍ നില്‍ക്കുന്ന തായ്‌ലാന്‍ഡിന്റെ പദാസ്‌ക തന്‍വിരിയാവെചാകുലാണ്.
റിയോ ഒളിമ്പിക്‌സില്‍ ഉപയോഗിക്കുന്ന ടിടി ബോളിലാണ് സ്വീഡനില്‍ താമസിക്കുന്ന സൗമ്യജിത് ഘോഷ് പരിശീനം നടത്തിയത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ സംഭവിച്ച പിഴവ് ഒഴിവാക്കുവാനാണിത്. ആഭ്യന്തര മത്സരങ്ങളില്‍ റിയോ പന്തുകള്‍ ഉപയോഗിക്കാത്തതിനാല്‍ സൗമ്യജിത് ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. മറിച്ച് റിയോ ഒളിമ്പ്യാഡിന് വേണ്ട ഒരുക്കങ്ങളില്‍ മാത്രം ശ്രദ്ധിച്ചു. ഇതിനുള്ള ഫലം കിട്ടുമെന്ന പ്രതീക്ഷയിലാണ് താരം.
ടിടിയില്‍ ഇന്ത്യയുടെ മുന്‍നിര താരമായ ശരത് പരുക്കേറ്റ് ദീര്‍ഘകാലം പുറത്തായിരുന്നു. ബീജിംഗ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ശരതിന് ലണ്ടന്‍ ഒളിമ്പിക് യോഗ്യത നേടുവാന്‍ സാധിച്ചിരുന്നില്ല.
ഒളിമ്പിക് ടേബിള്‍ ടെന്നീസില്‍ ഇത്തവണയും ചൈനയാണ് ഫേവറിറ്റ്. ബീജിംഗ്, ലണ്ടന്‍ ഒളിമ്പ്യാഡില്‍ കണ്ടതു പോലെ നാല് വിഭാഗത്തിലും ചൈനക്കാര്‍ സ്വര്‍ണം നേടുമെന്നാണ് കരുതപ്പെടുന്നത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ടോപ് സീഡ് മ ലോംഗും വനിത വിഭാഗത്തിലെ സൂപ്പര്‍ താരം ഡിംഗ് നിംഗും ചൈനയുടെ ഉറച്ച ബെറ്റാണ്.
ചൈനക്ക് വലിയ ഭീഷണിയുണ്ടാവുക വനിതാ വിഭാഗത്തിലാകും. രണ്ടാം സീഡായ സിംഗപ്പൂരിന്റെ ഫെംഗ് തിയാന്‍വിക്ക് വലിയ സാധ്യതയുണ്ട് റിയോയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here