തിരിച്ചടിക്കാന്‍ അനുമതി കാത്തിരിക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി

Posted on: August 6, 2016 6:00 am | Last updated: August 6, 2016 at 1:01 am
SHARE

lead.ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ അനുമതി കാത്തിരിക്കേണ്ടെന്ന് അതിര്‍ത്തി രക്ഷാ സേനക്ക് (ബി എസ് എഫ്) ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം. ഇന്ത്യയുടെ പല പ്രധാനമന്ത്രിമാരും ശ്രമിച്ചെങ്കിലും പാക്കിസ്ഥാന്‍ സഹകരണ മനോഭാവം കാണിക്കുന്നില്ലെന്നും രാജ്‌നാഥ് പറഞ്ഞു. പാക്കിസ്ഥാനെതിരെ കടന്നാക്രമണത്തിന് ശ്രമിക്കരുതെന്നും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഉത്തരവിന് കാത്തുനില്‍ക്കേണ്ടതില്ലെന്നുമാണ് ബി എസ് എഫിനുള്ള നിര്‍ദേശമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സാര്‍ക് ഉച്ചക്കോടിയില്‍ സ്വീകരിച്ച നിലപാട് രാജ്യസഭയില്‍ വിശദീകരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
അതേസമയം, പാക്കിസ്ഥാനോടുള്ള സമീപനത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെങ്കില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്ത് മാത്രമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമാബാദില്‍ നടന്ന സാര്‍ക് ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിയില്‍ രാജ്‌നാഥ് സിംഗ് സ്വീകരിച്ച സമീപനത്തെ രാജ്യസഭാംഗങ്ങള്‍ ഒന്നടങ്കം അഭിനന്ദിച്ചു. ഇതിനിടെ ഉച്ചകോടിയില്‍ താന്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യന്‍ മാധ്യമങ്ങളെ അനുവദിച്ചില്ലെന്ന വാര്‍ത്ത രാജ്‌നാഥ് സിംഗ് സ്ഥിരീകരിച്ചു. തന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ദൂരദര്‍ശനെയും വാര്‍ത്താ ഏജന്‍സികളായ പി ടി ഐ, എ എന്‍ ഐ എന്നിവയെയും അനുവദിച്ചില്ല. ഇതുസംബന്ധിച്ച് സാര്‍ക് ഉച്ചകോടിയുടെ മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇസ്‌ലാമാബാദില്‍ ചിലര്‍ പ്രകടനം നടത്തിയത് സംബന്ധിച്ച ചോദ്യങ്ങളോട്, പ്രകടനങ്ങളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെങ്കില്‍ താന്‍ പോകില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു.
പാക്കിസ്ഥാനുമായുള്ള ബന്ധം സംബന്ധിച്ച് സുഹൃത്തുക്കളെ മാറ്റാം, അയല്‍ക്കാരെ മാറ്റാനാകില്ലെന്നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയി പറഞ്ഞത്. നരേന്ദ്ര മോദി, മന്‍മോഹന്‍ സിംഗ് എന്നീ പ്രധാനമന്ത്രിമാരും ശ്രമിച്ചെങ്കിലും ഇന്ത്യയുമായി സഹകരിക്കാന്‍ പാക്കിസ്ഥാന്‍ താത്പര്യപ്പെട്ടില്ല. പല നേതാക്കളും ഭീകരപ്രവര്‍ത്തനത്തിന് ഇരയായി. ഭീകരപ്രവര്‍ത്തനമാണ് മനുഷ്യാവകാശങ്ങളുടെ മുഖ്യശത്രു. ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരും ഭീകരപ്രവര്‍ത്തനവിരുദ്ധ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരായ സാര്‍ക് ധാരണക്ക് പാക്കിസ്ഥാന്‍ ഇനിയും അംഗീകാരം നല്‍കിയിട്ടില്ലെന്നും രാജ്‌നാഥ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here