മന്ത്രി ജലീലിന്റെ സഊദി യാത്ര: കേന്ദ്ര നടപടിക്കെതിരെ വ്യാപക പ്രതിഷേധം

Posted on: August 6, 2016 12:55 am | Last updated: August 6, 2016 at 6:58 am

kt jaleelതിരുവനന്തപുരം: സഊദിയിലേക്കുള്ള യാത്രക്ക് മന്ത്രി കെ ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച കേന്ദ്ര നടപടിക്കെതിരെ രാഷ്ട്രീയ പ്രതിഷേധമുയരുന്നു. സഊദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനായി സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധിയായി പോകാനുള്ള ശ്രമം തടഞ്ഞ കേന്ദ്ര നടപടിക്കെതിരെയാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധമുയരുന്നത്. അതേസമയം, നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിക്കപ്പെട്ട സംഭവം ചോദിച്ചു വാങ്ങിയ അപമാനമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.
കെ ടി ജലീലിന് സഊദിയിലേക്ക് പോകാന്‍ നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ മലയാളികളെ സഹായിക്കാനാണ് ജലീലിനെ സഊദിയിലേക്ക് അയക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. നിയമനടപടികള്‍ ത്വരിതപ്പെടുത്താനും ചില സഹായങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കായി മന്ത്രി എത്തുന്നത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായേനെ. മന്ത്രിയുടെ യാത്ര അനിവാര്യവുമായിരുന്നു. എന്നാല്‍, ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. കെ ടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് താന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് നയതന്ത്ര പാസ്‌പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിമാര്‍ക്ക് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്. കേന്ദ്ര നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ തെറ്റുതിരുത്തി മന്ത്രിക്ക് അടിയന്തരമായി നയതന്ത്ര പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നയതന്ത്ര പാസ്‌പോര്‍ട്ടിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റി പ്രമേയം പാസ്സാക്കി. മലയാളികള്‍ക്ക് നിയമസഹായം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും ലഭിക്കുന്നതിനുള്ള അവസരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയത്. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ സഊദിയിലേക്ക് പോകുന്നതിനോട് നിഷേധാത്മകമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. നയതന്ത്ര പാസ്‌പോര്‍ട്ട് മുഖേന സന്ദര്‍ശിച്ചാല്‍ മാത്രമേ നിയമപരമായ പരിരക്ഷയും മലയാളികള്‍ തങ്ങുന്ന ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും അനുമതി ലഭിക്കുകയുള്ളൂ. മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം തടഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സര്‍ക്കാറിന്റെ ആത്മാര്‍ഥ പരിശ്രമത്തോടുള്ള കേന്ദ്ര സമീപനം വേദനിപ്പിച്ചെന്ന് മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റാനാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. കേന്ദ്ര സര്‍ക്കാറിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.