Connect with us

International

യമനില്‍ ഇരു വിഭാഗവും സാധാരണക്കാരോട് അതിക്രമം കാണിക്കുന്നു: യു എന്‍

Published

|

Last Updated

അലപ്പൊ: യമനില്‍ ഹൂത്തി പോരാളികള്‍ സാധാരണ ജനങ്ങളെ മനുഷ്യ കവചമായി ഉപയോഗിക്കുന്നുവെന്നും രാജ്യത്ത് പോരാട്ടം നടത്തുന്ന അറബ് സഖ്യസേന മനപ്പൂര്‍വം ഒരു സാധാരണക്കാരന്റെ വീടിന് മുകളില്‍ ബോംബിട്ട് നാല് കുട്ടികളെ കൊന്നുവെന്നും യു എന്നിന്റെ രഹസ്യ റിപ്പോര്‍ട്ട്. ഏറെക്കാലം പ്രസിഡന്റായിരുന്ന അലി അബ്ദുല്ല സ്വലാഹിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് 2012ലാണ് രാജ്യത്ത് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമാകുന്നത്. സ്വലാഹിന്റെ സൈന്യം ഇപ്പോള്‍ ഹൂത്തികള്‍ക്കൊപ്പം പോരാട്ടം നടത്തുകയാണ്. ഹൂത്തികള്‍ രാജ്യ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കുകയും പ്രസിഡന്റ് അബദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാറിനെ പുറത്താക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തതുമുതലാണ് രാജ്യത്ത് സുരക്ഷ വഷളായത്.
യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ പരിഗണനക്കായി യമന്‍ വിദഗ്ധരാണ് രഹസ്യ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആറ് മാസക്കാലത്തെ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. സംഘര്‍ഷത്തില്‍ പങ്കെടുക്കുന്ന എല്ലാ വിഭാഗവും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് സംബന്ധിച്ച തെളിവുകള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ പാനല്‍ ശേഖരിച്ചിട്ടുണ്ട്. അറബ് സഖ്യ സേന നടത്തിയ നാല് വ്യോമാക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. പാനലിലെ മൂന്ന് പേരാണ് ഇപ്പോഴും അന്വേഷണം തുടരുന്നത്.

Latest