കാലിക്കറ്റിലെ റാങ്ക് ലിസ്റ്റ് ചോര്‍ന്ന സംഭവം: രജിസ്ട്രാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

Posted on: August 6, 2016 5:48 am | Last updated: August 6, 2016 at 12:49 am

തേഞ്ഞിപ്പലം; കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്യൂണ്‍, വാച്ച്മാന്‍ നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് ചോര്‍ന്ന സംഭവത്തില്‍ രജിസ്ട്രാറുടെ ഓഫീസിന് വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലുമായി പ്രോ വൈസ് ചാന്‍സലര്‍ അധ്യക്ഷനായ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഔദ്യോഗികമായി തികച്ചും രഹസ്യസ്വഭാവത്തില്‍ സൂക്ഷിക്കേണ്ട റാങ്ക് ലിസ്റ്റ് അടക്കമുള്ള നിയമന രേഖകള്‍ പുറത്തുപോയത് തികഞ്ഞ വീഴ്ചയാണെന്ന് പരമാര്‍ശമുള്ള റിപ്പോര്‍ട്ട് പിവിസി ഡോ; പി. മോഹന്‍ വൈസ് ചാന്‍സലര്‍ ഡോ: കെ. മുഹമ്മദ് ബഷീറിന് കൈാറി. സംഭവത്തില്‍ സര്‍വ്വകലാശാലയ്ക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് വിശദമായ അന്വേഷണം നടത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളതായാണ് സൂചന.
എന്നാല്‍ ഇതിനിടെ രജിസ്ട്രാര്‍ ഡോ. ടി. അബ്ദുള്‍ മജീദ് ദീര്‍ഘാവധിയില്‍ പ്രവേശിക്കാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി അദ്ദേഹം വിസിയ്ക്ക് അവധി അപേക്ഷ നല്‍കി. ഹജ്ജിന് പോകാനാണെന്ന കാരണം ഉന്നയിച്ചാണ് അപേക്ഷ നല്‍കിയിട്ടുള്ളതെങ്കിലും റാങ്ക് ലിസ്റ്റ് വിവാദവും പുറമേ നിന്നുള്ള അന്വേഷണ സാധ്യതയും മുന്നില്‍ക്കണ്ടാണ് മാറിനില്‍ക്കുന്നതെന്നാണ് സൂചന. വിഷയത്തില്‍ നേരത്തെ ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ അന്വേണത്തിന് പുറമേ വീണ്ടും പരിശോധന നടത്താനും വിഷയം വിശദമായി പഠിക്കാനും വിസി പ്രോവൈസ് ചാന്‍സലര്‍ അധ്യക്ഷനായ അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. ആദ്യം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും പുറമേ നിന്നുള്ള അന്വേഷണം ഉചിതമാകുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാലിത് കണക്കിലെടുക്കാതെയാണ് പിവിസിയെക്കൊണ്ട് വീണ്ടും അന്വേഷണം നടത്തിച്ചത്. ാക്ഷമായെങ്കിലും രജിസ്ട്രാര്‍ക്കെതിരായതിനാല്‍ ആ നിലയ്ക്കുള്ള അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്ന് ഇടപെടലുമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതോടെ മുസ്ലിം ലീഗ് പ്രതിനിധിയായ രജിസ്ട്രാര്‍ പൂര്‍ണമായും പ്രതിരോധത്തിലാണ്.