ഡല്‍ഹിയിലെ അധികാരത്തര്‍ക്കം സുപ്രീം കോടതിയിലേക്ക്‌

Posted on: August 6, 2016 5:00 am | Last updated: August 6, 2016 at 12:48 am
SHARE

ന്യൂഡല്‍ഹി: നിലനില്‍ക്കുന്ന അധികാരത്തര്‍ക്കം സുപ്രിംകോടതിയിലേക്ക്. ആദ്യഘട്ടത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ അപ്പീലുമായി സുപ്രിംകോടതിയിലെത്തിയത്. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ഒരാഴ്ചക്കുള്ളില്‍ ഹരജിനല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
ഡല്‍ഹിയുടെ സംസ്ഥാനപദവി സംബന്ധിച്ച കോടതിവിധിയില്‍ കൂടുതല്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടു ആംആദ്മി സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഹരജി ഇന്നലെ സുപ്രിംകോടതി പരിഗണിക്കാനെടുത്തപ്പോഴാണ് ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ ഹരജി ഫയല്‍ചെയ്യാനും ജസ്റ്റിസുമാരായ എ കെ സിക്രിയും എന്‍ വി രമണയും അടങ്ങുന്ന ബെഞ്ച് സംസ്ഥാനസര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഡല്‍ഹി ഒരുകേന്ദ്രഭരണ പ്രദേശമാണെന്ന്് ഹൈക്കോടതി വ്യക്തമാക്കിയിരിക്കെ ഇനി അതിലെന്തു വിശദീകരണമാണ് വേണ്ടതെന്നും കീഴ്‌ക്കോടതി വിധിക്കെതിരെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഹര്‍ജി സമര്‍പ്പിക്കാമെന്നും സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് അറിയിച്ചു. ഇതോടെയാണ് ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് ഈയാഴ്ച തന്നെ അപ്പീല്‍ ഫയല്‍ചെയ്യുമെന്ന് അറിയിച്ചത്.
ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ തുടരുന്ന തര്‍ക്കമാണ് ഇപ്പോള്‍ പരമോന്നത കോടതിയിലെത്തുന്നത്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നടപടി സ്വീകരിക്കുന്നെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണം. എന്നാല്‍ നിയമപരാമയ ഇടപെടല്‍ മാത്രമേ നടത്തുന്നുള്‌ലൂവെന്നാണ് ലഫ്. ഗവര്‍ണര്‍ നജീബ്ജംഗിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് അനുകൂലമായി ലഭിച്ച ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്താണ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയുടെ ഭരണചുമതല ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്നും അദ്ദേഹത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനത്തെ മന്ത്രിസഭക്ക് തീരുമാനങ്ങള്‍ കൈക്കൊള്ളാനാവില്ലെന്നുമുള്ള വ്യാഴാഴ്ചത്തെ ഹൈക്കോടതി വിധിക്കെതിരെയാണ് ആംആദ്മി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്. കേസ് ഈ മാസം 29നു വീണ്ടും പരിഗണിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ലഫ്. ഗവര്‍ണര്‍ അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നതുള്‍പ്പെടെയുള്ള എ എ പിയുടെ ഒമ്പത് ഹരജികള്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ലഫ്റ്റനന്റ് ഗവര്‍ണറാണ് ഡല്‍ഹിയിലെ ഭരണത്തലവന്‍ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിപുറപ്പെടുവിച്ചത്.