ഹൈക്കമാന്‍ഡ് ഇടപെടല്‍: സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തരക്കുഴപ്പങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു

Posted on: August 6, 2016 6:00 am | Last updated: August 6, 2016 at 12:47 am

തിരുവനന്തപുരം : ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര കുഴപ്പങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. പുനഃസംഘടനാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാത്തതും കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായി. പുനഃസംഘടനയല്ല സംഘടനാ തിരഞ്ഞെടുപ്പാണ് വേണ്ടതെന്ന പരസ്യപ്രതികരണവുമായി കെ സുധാകരന്‍ രംഗത്തെത്തി.
ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയും പുനഃസംഘടനയെന്ന തീരുമാനവും പ്രശ്‌നപരിഹാരത്തിന് വഴിതുറക്കാന്‍ പര്യാപ്തമായില്ല. സുധീരനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയാലേ മുന്നോട്ടുപോകാനാകൂവെന്ന ഉറച്ച നിലപാടിലാണ് എ ഗ്രൂപ്പ്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് സുധീരന് ഒഴിഞ്ഞു മാറാനാകില്ലെന്ന വിമര്‍ശമാണ് എ ഗ്രൂപ്പ് പ്രധാനമായും ഉയര്‍ത്തുന്നത്. ഹൈക്കമാന്‍ഡ് വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക് പോകുമ്പോള്‍ എ, ഐ ഗ്രൂപ്പുകളുടെ മുന്നില്‍ ഉണ്ടായത് ഈ ഒറ്റ ലക്ഷ്യം മാത്രമായിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൈചേര്‍ത്തുപിടിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അനായാസം സാധ്യമാകുമെന്ന് കരുതിയ ലക്ഷ്യമാണ് രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ ഉടഞ്ഞുവീണത്.
രാഷ്ട്രീയ തന്ത്രങ്ങളില്‍ പക്വതയില്ലാത്ത രാഹുലും തന്ത്രങ്ങള്‍ ആവിഷ്്കരിക്കുന്നതില്‍ കരുത്തനായ ഉമ്മന്‍ചാണ്ടിയും നടത്തിയ ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിക്ക് പാളി. രാഹുലിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിക്കപ്പെട്ടു. കെ പി സി സി അധ്യക്ഷനെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും ഡല്‍ഹി ചര്‍ച്ചയിലൂടെ അതിന് വഴിതുറന്നെന്ന് എ വിഭാഗം കരുതുന്നു. സുധീരനൊപ്പമാണ് ഹൈക്കമാന്‍ഡെങ്കിലും കാര്യങ്ങള്‍ കൈപ്പിടിയിലൊതുങ്ങും വരെ എ ഗ്രൂപ്പ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹകരണം തുടരും. മാനദണ്ഡങ്ങള്‍ വ്യക്തമല്ലെങ്കിലും ഗ്രൂപ്പില്ലെന്ന് അവകാശപ്പെടുന്ന സുധീര പക്ഷം ഉള്‍പ്പെടെ സംഘടനാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളിലാണ്. ദുര്‍ബലമായ ഹൈക്കമാന്‍ഡില്‍നിന്ന് എളുപ്പം പിടിച്ചെടുക്കാവുന്നതായിരുന്നു സുധീരനെ മാറ്റുകയെന്ന ലക്ഷ്യമെന്ന് ഗ്രൂപ്പുകള്‍ കണക്കു കൂട്ടി. പക്ഷേ, ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനിന്നു. സുധീരനെ ഉടന്‍ മാറ്റില്ല. മറ്റ് പോംവഴികള്‍ ആലോചിക്കാമെന്ന മറുപടിയാണ് രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടും പറഞ്ഞത്. ഇതോടെയാണ് സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് അഴിച്ചുപണിയെന്ന പതിവ് ഫോര്‍മുലകൊണ്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തൃപ്തിയടഞ്ഞത്.
ഡല്‍ഹി ചര്‍ച്ചയിലെ ധാരണ പ്രകാരം പുനഃസംഘടന പൂര്‍ത്തിയാകണമെങ്കില്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും. അതുവരെ സുധീരന്റെ സ്ഥാനം സുരക്ഷിതമാണ്. ഇതാണ് ഗ്രൂപ്പ് നേതാക്കളെ അസ്വസ്ഥമാക്കുന്നത്. ഗ്രൂപ്പ് രഹിതമായാണ് പുനഃസംഘടനക്കുള്ള കോര്‍ കമ്മിറ്റി രൂപവത്കരിക്കുകയെന്നും തീരുമാനമായി. ഇതോടെ സുധീരന്‍ വരച്ച വരയില്‍ രാഹുലും ഹൈക്കമാന്‍ഡും കേരളത്തിലെ കാര്യങ്ങള്‍ നീക്കി. ജംബോ കമ്മിറ്റികളാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഭാരവാഹികള്‍ക്ക് വിലയില്ലാതായി.
സംഘടന പിടിച്ചെടുക്കണമെന്ന ആവശ്യം എ ഗ്രൂപ്പിലാണ് അതിശക്തമായി ഉണ്ടായത്. ഉള്ളത് കൈവിടാതെ സൂക്ഷിക്കാന്‍ ഐ ഗ്രൂപ്പും. ഈ തര്‍ക്കങ്ങള്‍ക്കിടയിലാണ് സുധീരന്‍ തന്റെ നിര്‍ദേശം രാഹുല്‍ വഴി ഇരുനേതാക്കള്‍ക്കുമിടയില്‍ തന്ത്രപൂര്‍വം തിരുകിക്കയറ്റി വിജയം കണ്ടത്. സംസ്ഥാനത്ത് ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായി നിന്നപ്പോള്‍ എ കെ ആന്റണിയുടെ നിര്‍ദേശപ്രകാരം സമാന്തരമായി ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടിയിരുന്നത് വി എം സുധീരനില്‍ നിന്നാണ്. ഈ ബന്ധം ഒട്ടും ഉലച്ചിലില്ലാതെ ഇപ്പോഴും തുടരുന്നു. ഇതാണ് സുധീരനെ കൈവിടാതിരിക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്.