വ്യാജന്മാര്‍ വാഴുന്ന മരുന്ന് വിപണി

Posted on: August 6, 2016 6:00 am | Last updated: August 6, 2016 at 12:42 am
SHARE

SIRAJപകര്‍ച്ച വ്യാധികള്‍ വ്യാപകമാവുകയും നിര്‍മാര്‍ജനം ചെയ്ത രോഗങ്ങള്‍ ഒന്നൊന്നായി തിരിച്ചു വരികയും ചെയ്യുന്നതിനിടെ സംസ്ഥാനത്ത് വ്യാജമരുന്ന് വിപണനവും സജീവം. പനി, അര്‍ബുദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങി മിക്ക രോഗങ്ങള്‍ക്കുമുള്ള വ്യാജന്മാര്‍ വിപണി കൈയടക്കിയിരിക്കയാണ്. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് നിലവാരമില്ലാത്ത മരുന്നുകള്‍ കേരളത്തിലേക്ക് കൂടുതലും എത്തുന്നത്. ഹിമാചല്‍ പ്രദേശില്‍ കുടില്‍ വ്യവസായം കണക്കെയാണിപ്പോള്‍ വ്യാജമരുന്നു നിര്‍മാണം. 3000 രൂപ അടച്ചു ലൈസന്‍സിന് അപേക്ഷിച്ചാല്‍ അവിടെ ആര്‍ക്കും മരുന്ന് നിര്‍മാണത്തിന് അനുമതി ലഭിക്കും. തൊഴില്‍ രഹിതരായ ധാരാളം യുവാക്കള്‍ സര്‍ക്കാറിന്റെ ഈ ഉദാരനയം ഉപയോഗപ്പെടുത്തി അവിടെ മരുന്നു നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ആന്റിബയോട്ടിക്കുകളും അള്‍സര്‍, ഗ്യാസ്ട്രബിള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുമാണ് ഹിമാചലില്‍ കൂടുതലും നിര്‍മിക്കുന്നത്. ഈ വ്യാജന്മാര്‍ക്ക്് പ്രമുഖ കമ്പനി മരുന്നുകളുടെ പേരിലെ ഏതെങ്കിലും ഒരക്ഷരം മാറ്റി പേര് നല്‍കി ഒറിജിനലെന്ന വ്യാജേന വിറ്റഴിക്കുന്നവരുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മരുന്നു തീനികളായ മലയാളികളെ ലക്ഷ്യം വെച്ചാണ് പ്രധാനമായും രാജ്യത്ത് വ്യാജമരുന്നുകള്‍ നിര്‍മിക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലും ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിയും നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിക്കുന്ന ഇത്തരം മരുന്നുകള്‍ കേരളത്തിലെ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ മുഖേനയാണ് വിപണിയിലെത്തുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിസ്സാര വിലക്ക് വാങ്ങുന്ന മരുന്നുകള്‍ കമ്പനികള്‍ പുതിയ പാക്കറ്റിലാക്കിയും ലേബല്‍ മാറ്റി ഒട്ടിച്ചും ഉയര്‍ന്ന വിലക്കാണ് വിപണനം ചെയ്യുന്നത്. 5000ത്തോളം മാര്‍ക്കറ്റിംഗ് കമ്പനികളാണത്രേ മരുന്നു വിതരണ മേഖലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും രോഗികള്‍ക്ക് നല്‍കി വരുന്നത് വ്യാജമരുന്നുകളാണ്. ആശുപത്രി അധികൃതര്‍ക്ക് വന്‍തോതില്‍ കമ്മീഷനും ഡോക്ടര്‍മാര്‍ക്ക് വാഷിംഗ് മെഷീന്‍ മുതല്‍ കാറുകള്‍ വരെ പാരിതോഷികവും നല്‍കിയാണ് മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ അവരെ വശത്താക്കുന്നത്. നിലവാരമില്ലാത്തതിന്റെ പേരില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ നിരോധിച്ചവയും ഒട്ടേറെ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നവയാണ് സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഏറെയും. ഇതിനിടെ സംസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വിതരണം ചെയ്ത ഹിമാചല്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീകോണ്‍ കമ്പനിയുടെ പ്രമേഹരോഗത്തിനുള്ള മരുന്ന് കഴിച്ച രോഗികള്‍ പാര്‍ശ്വഫലത്തെ തുടര്‍ന്ന് മറ്റു വിദഗ്ധ ആശുപത്രികളില്‍ ചികിത്സ തേടേണ്ടി വന്നു.
പുതിയ മരുന്നുകളുടെ പരീക്ഷണശാലയാണ് കേരളം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പത്ത് ശതമാനവും വിറ്റഴിയുന്നത് ജനസംഖ്യയില്‍ മൂന്ന് ശതമാനം വരുന്ന കേരളത്തിലാണ്. രണ്ട് വര്‍ഷം മുമ്പുള്ള കണക്കനുസരിച്ചു കേരളത്തില്‍ ഒരു വര്‍ഷം വിറ്റഴിയുന്നത് 2000 കോടി രൂപയുടെ അലോപ്പതി മരുന്നാണ്. നിലവാരമില്ലാത്ത മരുന്നുകള്‍ സൃഷ്ടിക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് രോഗികള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ കേന്ദ്ര ആരോഗ്യ വകുപ്പിന് കീഴില്‍ ദേശീയ മരുന്ന് ഗുണമേന്മ നിയന്ത്രണ സമിതി (സി ഡി എസ് സി ഒ) എന്നൊരു സംവിധാനമുണ്ട്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപത്തിലേക്ക് കേരളത്തിലെ രോഗികളില്‍ നിന്ന് വളരെ കുറഞ്ഞ പരാതികളേ ലഭിക്കാറുള്ളൂവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2014ല്‍ ഛണ്ഡീഗഡില്‍ നിന്ന് 311 പരാതികളും ചെന്നൈയില്‍ നിന്ന് 225 പരാതികളും ലഭിച്ചപ്പോള്‍ കേരളത്തില്‍ നിന്ന് 21 പരാതികള്‍ മാത്രമാണ് ലഭിച്ചതെന്ന് ഫാര്‍മാകോ വിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് കേരളീയര്‍ക്ക് പൊതുവേ അറിയില്ല. നിലവാരം കുറഞ്ഞ മരുന്നുകളുടെ വില്‍പ്പനക്ക് ഇടിവ് സംഭവിക്കുമെന്ന ഭയാശങ്ക കൊണ്ടായിരിക്കണം ആരോഗ്യ വിദഗ്ധരോ, ആരോഗ്യ വകുപ്പ് അധികൃതരോ അതറയിച്ചു കൊടുക്കാറുമില്ല.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ നല്ലൊരു വിഭാഗവും ഗുണനിലവാരമില്ലാത്തവയും ലേബളില്‍ പറയുന്ന അളവിലുള്ള ചേരുവകള്‍ ഇല്ലാത്തതുമാണെന്ന് നിയമസഭയില്‍ വി ഡി സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം മരുന്നുകള്‍ പരിശോധിക്കാന്‍ മതിയായ സംവിധാനങ്ങള്‍ സംസ്ഥാനത്തില്ല. നിയമങ്ങള്‍ അവ തടയാന്‍ പര്യാപ്തവുമല്ല. സംസ്ഥാനത്ത് ലക്ഷക്കണക്കിന് മരുന്നുകള്‍ വിറ്റഴിക്കപ്പെടുമ്പോള്‍ ഗുണനിലവാര പരിശോധനക്ക് ഇവിടെയുള്ളത് തിരുവനന്തപുരത്തെയും കാക്കനാട്ടെയും ലാബുകളും 48 ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരും മാത്രം. ഈ സംവിധാനങ്ങള്‍ വെച്ച് നാലായിരം മരുന്നുകള്‍ പരിശോധിക്കാന്‍ മാത്രമേ സാധ്യമാകൂ. ഏതെങ്കിലും സ്ഥാപനം ഇറക്കുന്ന മരുന്നിന്റെ ഒരു ബാച്ച് നിലവാരമില്ലാത്തതാണെന്ന് കണ്ടാല്‍ അത് പിന്‍വലിക്കുകയും ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുകയുമല്ലാതെ അതേ കമ്പനിയുടെ മറ്റു മരുന്നുകള്‍ വാങ്ങുന്നതിന് സ്ഥാപനങ്ങള്‍ക്ക് നിയമപരമായി തടസ്സമില്ല. ഈ പഴുത് ഉപയോഗിച്ചു നിരോധിച്ച മരുന്നുകള്‍ തന്നെ ചേരുവകളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി കമ്പനികള്‍ പിന്നെയും പുറത്തിറക്കുകയാണ്. പഴുതുകളടച്ച് നിയമം കാര്യക്ഷമവും കര്‍ക്കശവുമാക്കുകയും ഗുണനിലവാര പരിശോധനക്കുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്‌തെങ്കിലേ വ്യാജമരുന്നുകള്‍ കഴിച്ച ഉള്ള ആരോഗ്യവും നഷ്ടപ്പെടുത്തേണ്ട ദുര്‍ഗതിയില്‍ നിന്ന് കേരളീയ സമൂഹം രക്ഷപ്പെടുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here