Connect with us

Gulf

ദുബൈക്കും ഇന്ത്യക്കുമിടയില്‍ പ്രതിവാരം 1,108 വിമാന സര്‍വീസുകള്‍

Published

|

Last Updated

ദുബൈ: ദുബൈയില്‍നിന്ന് ഏറ്റവും കൂടുതല്‍ വിമാന സര്‍വീസുള്ള രാജ്യങ്ങളില്‍ ഇന്ത്യയുമുള്ളതായി ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ദുബൈക്കും ഇന്ത്യക്കുമിടയില്‍ പ്രതിവാരം 1,108 സര്‍വീസ് നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ദുബൈയുടെ എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ വിമാനങ്ങള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമ്പോള്‍, ഇന്ത്യയുടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് എന്നീ അഞ്ച് കമ്പനികളുടെ വിമാനങ്ങളാണ് വിവിധ നഗരങ്ങളില്‍നിന്ന് ദുബൈയിലേക്ക് സര്‍വീസ് നടത്തുന്നത്.
ഈ സര്‍വീസുകളിലെല്ലാംകൂടി ആഴ്ചയില്‍ 65,200 സീറ്റുകളാണ് ലഭ്യമാക്കുന്നതെന്നും ഇരു രാജ്യങ്ങളുടെയും എയര്‍പോര്‍ട് അതോറിറ്റി വെളിപ്പെടുത്തി.
ഇന്ത്യയുടെ അഞ്ച് വിമാനക്കമ്പനികളുടേതുമായി ആഴ്ചയില്‍ 351 സര്‍വീസുകളാണ് വിവിധ നഗരങ്ങളില്‍നിന്ന് ദുബൈയിലേക്ക് സര്‍വീസ് നടത്തുന്നത്. എമിറേറ്റ്‌സും ഫ്‌ളൈ ദുബൈയും ചേര്‍ന്ന് ദുബൈയില്‍നിന്ന് ഇന്ത്യയിലേക്ക് പ്രതിവാരം 203 സര്‍വീസുകള്‍ നടത്തിവരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് എമിറേറ്റ്‌സിന്റെ വിമാനങ്ങളാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒന്‍പത് നഗരങ്ങളിലേക്കാണ് ദുബൈയില്‍ നിന്ന് എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നത്. പ്രതിവാരം എമിറേറ്റ്‌സിനു മാത്രം ഇന്ത്യയിലേക്ക് 174 സര്‍വീസുകളാണുള്ളത്.
കേരളത്തിലേക്ക് നിലവില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്‌സിന് സര്‍വീസുള്ളത്. കോഴിക്കോട്ടേക്ക് നേരത്തെ സര്‍വീസ് ഉണ്ടായിരുന്നെങ്കിലും റണ്‍വേ വികസനത്തിന്റെയും അറ്റകുറ്റപ്പണികളുടേയും പേരില്‍ നിര്‍ത്തലാക്കുകയായിരുന്നു.
എമിറേറ്റ്‌സിന്റേയും ഫ്‌ളൈ ദുബൈയുടേയും ഏറ്റവും ലാഭകരമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നുകൂടിയാണ് ഇന്ത്യയെന്നും അധികൃതര്‍ വെളിപ്പെടുത്തി.

Latest