Connect with us

Gulf

വ്യാജ പാസ്‌പോര്‍ട്ട് കണ്ടെത്താന്‍ താമസ- കുടിയേറ്റ വകുപ്പിന് നൂതന സംവിധാനം

Published

|

Last Updated

പാസ്‌പോര്‍ട്ട് പരിശോധന നടത്തുന്ന എക്‌സ്‌പേര്‍ട്ടൈസ് സെന്റര്‍ ഐഡന്റിറ്റി ആന്റ് ഫ്രോഡ് ഡോക്യുമെന്റ്‌സ് ഉദ്യോഗസ്ഥ

ദുബൈ: പാസ്‌പോര്‍ട്ടുകളും യാത്രയുമായി ബന്ധപ്പെട്ട ഇതര രേഖകളും പരിശോധിക്കാന്‍ അതി നൂതനമായ സംവിധാനങ്ങള്‍ ഏര്‍പെടുത്തിയതായി താമസ-കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.
വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തുന്നതില്‍ ഏറ്റവും നൂതനമായ സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി വ്യക്തമാക്കി. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌പേര്‍ട്ടൈസ് സെന്റര്‍ ഐഡന്റിറ്റി ആന്റ് ഫ്രോഡ് ഡോക്യുമെന്റ്‌സ്(ഇ സി ഐ എഫ് ഡി) വിഭാഗത്തില്‍ പരിശോധനകള്‍ക്കായി എത്തിയതായിരുന്നു അദ്ദേഹം. 503 വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താന്‍ ദുബൈ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ സി ഐ എഫ് ഡിക്ക് കഴിഞ്ഞിട്ടുണ്ട്. ഇവയില്‍ 332 എണ്ണം വ്യാജ പാസ്‌പോര്‍ട്ടുകളും 169 എണ്ണം മോഷ്ടിക്കപ്പെട്ടവയുമായിരുന്നുവെന്നും അല്‍ മറി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഇത്തരം പാസ്‌പോര്‍ട്ടുകളുമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ അതിവേഗം പിടികൂടാന്‍ സാധിക്കുന്നതായി ഇ സി ഐ എഫ് ഡി ഡയറക്ടര്‍ അഖീല്‍ അല്‍ നജ്ജാര്‍ വ്യക്തമാക്കി. പാസ്‌പോര്‍ട്ടുകള്‍ റീഡ് ചെയ്യാനുള്ള അതിനൂതനമായ ബയോമെട്രിക് സാങ്കേതികവിദ്യയുള്ള യന്ത്രങ്ങളാണ് താമസ-കുടിയേറ്റ വകുപ്പിന് കീഴില്‍ വിമാനത്താവളങ്ങളില്‍ ഉപയോഗപ്പെടുത്തുന്നത്. ഇത് വ്യാജ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തുന്നതിനായി പ്രത്യേകം രൂപകല്‍പന ചെയ്തവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ സി ഐ എഫ് ഡി സെന്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത് 2010ലാണ്. ഇതുവരെ കോടിക്കണക്കിന് പാസ്‌പോര്‍ട്ടുകളാണ് പരിശോധിച്ചത്. പാസ്‌പോര്‍ട്ട് ഉള്‍പെടെയുള്ള രേഖകള്‍ പരിശോധിക്കാന്‍ ലോകത്തില്‍ ലഭ്യമായ ഏറ്റവും മികച്ച പരിശീലനമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. വര്‍ഷങ്ങളുടെ പരിചയമുള്ള ഉദ്യോഗസ്ഥരാണ് ഇത്തരം കാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു.

Latest