കടുത്ത ശിക്ഷാവിധിയുമായി ട്രാഫിക് നിയമ ഭേദഗതി

Posted on: August 5, 2016 9:18 pm | Last updated: August 5, 2016 at 9:18 pm
SHARE

oman trafficമസ്‌കത്ത്: ട്രാഫിക് നിയമത്തി ല്‍ ഭേദഗതി വരുത്തി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഉത്തരവിറക്കി. റോയല്‍ ഉത്തരവ് 38/2016 പ്രകാരമാണ് ട്രാഫിക് നിയമത്തിലെ ഏതാനും ചില നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
ഈ വര്‍ഷം ആദ്യത്തില്‍ ശൂറ മജ്‌ലിസ് ഇത് സംബന്ധമായ ഭേദഗതി ചര്‍ച്ച ചെയ്ത് സമര്‍പ്പിച്ചിരുന്നു. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് വന്‍ പിഴയും ശിക്ഷയും നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ ഭേദഗതികള്‍.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കടുത്ത ശിക്ഷ നല്‍കന്നതാണ് ഭേദഗതികളില്‍ ഒന്ന്. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് 300 റിയാല്‍ പിഴയും ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ പിഴയുമാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഡ്രൈവിംഗിനിടെ അശ്രദ്ധമൂലം അപകടം സംഭവിച്ച് മറ്റുള്ളവര്‍ക്ക് നാശനഷ്ടം വരുത്തുന്ന കേസില്‍ 2000 റിയാല്‍ പിഴയും മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ പിഴയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടത്തിന്റെ തോതനുസരിച്ച് ജയില്‍ ശിക്ഷയില്‍ മാറ്റമുണ്ടാകും. സ്പീഡ് കാമറ ഫൈന്‍ മിനിമം 10 റിയാലില്‍ നിന്ന് 20 റിയാലാക്കി ഉയര്‍ത്തി.
നേരത്തെ ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ച ഭേദഗതികള്‍ സുല്‍ത്താന്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് ഭേദഗതിയില്‍ പുതിയ മാറ്റങ്ങള്‍ ചേര്‍ത്തുകൊണ്ടായിരുന്നു അംഗീകാരത്തിന് സമര്‍പ്പിച്ചത്.

രാജ്യത്ത് അപകടത്തില്‍ പ്രതിദിനം
രണ്ടാള്‍ വീതം മരണപ്പെടുന്നു
മസ്‌കത്ത്: റോഡപകടത്തില്‍ പ്രതിദിനം രണ്ട് പേര്‍ വീതം മരിക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം ആദ്യ പകുതിയിലെ കണക്കനുസരിച്ചാണ് ഒമാനിലെ റോഡുകളില്‍ എല്ലാ ദിവസവും രണ്ട് ജീവന്‍ വീതം പൊലിയുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫാര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2016 ആരംഭിച്ചത് മുതല്‍ രാജ്യത്ത് 2100 അപകടങ്ങളാണുണ്ടായിരിക്കുന്നത്. 336 പേരാണ് ഇതില്‍ മരണപ്പെട്ടിരിക്കുന്നത്. ഇതില്‍ 219 പേര്‍ ഒമാനികളും 117 പേര്‍ വിദേശികളുമാണ് . ഒമാനികള്‍ ഉള്‍പെടുന്ന അപകടങ്ങളില്‍ 4.3 ശതമാനത്തിന്റെയും വിദേശികള്‍ ഉള്‍പെടുന്ന അപകടങ്ങളില്‍ 17 ശതമാനത്തിന്റെയും വര്‍ധനവുണ്ടെന്നും കണക്കുകള്‍ പറയുന്നു. 1410 പേര്‍ക്കാണീ അപകടങ്ങളില്‍ പരിക്ക് പറ്റിയത്. ഇതില്‍ മൂന്നിലൊന്ന് ഒമാനികളാണ്. 1071 ഒമാനികള്‍ 339 വിദേശികള്‍ എന്നിങ്ങനെയാണ് പരിക്ക് പറ്റിയവരുടെ കണക്ക്.
അപകടങ്ങളില്‍ 55 ശതമാനം രാത്രിയിലാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here