Connect with us

Gulf

ലോകകപ്പ് തയ്യാറെടുപ്പുകളുടെ ദൃശ്യമൊരുക്കി ബെയ്ത് ഖത്വറില്‍ എസ് സി

Published

|

Last Updated

ദോഹ: 2022ലെ ഫിഫ ലോകകപ്പിനുള്ള ഖത്വറിന്റെ തയ്യാറെടുപ്പുകളുടെ പുരോഗതി ലോകത്തെ അറിയിക്കാനുള്ള വേദിയായി ഒളിംപിക് വില്ലേജില്‍ ഒരുക്കിയ ബെയ്ത് ഖത്വറിലെ സുപ്രീം കമ്മിറ്റി ഫര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി)യുടെ ബൂത്ത്. ലോകകപ്പ് സംഘാടകരായ എസ് സിയുടെ ബൂത്തില്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണവും മറ്റ് പശ്ചാത്തല സൗകര്യങ്ങളുമാണ് പ്രദര്‍ശിപ്പിക്കുകയെങ്കില്‍, രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും സംസ്‌കാരവും ലോകത്തിന് മുന്നില്‍ തുറന്നുവെക്കുകയാണ് ഖത്വര്‍ ഫൗണ്ടേഷന്‍.
അസി. സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ഖാതിറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല എസ് സി സംഘമാണ് ബെയ്ത് ഖത്വറിലുള്ളത്. ഖത്വറിന്റെ ഒരുക്കങ്ങള്‍ തുറന്നുകാണിക്കുന്നതിനൊപ്പം ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ നടത്തിപ്പില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളലും എസ് സി സംഘത്തിന്റെ ലക്ഷ്യമാണ്. ഒളിംപിക്‌സിന്റെ സമാപനം വരെ എസ് സി സംഘം റിയോയിലുണ്ടാകും.
ഖത്വര്‍ ഫൗണ്ടേഷനിലെ അംഗങ്ങളായ അല്‍ ശഖബും ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയുമാണ് പ്രദര്‍ശനത്തിന് ചുക്കാന്‍ പിടിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ കുതിര പാരമ്പര്യത്തെ സംബന്ധിച്ച വിശദവിവരം അല്‍ ശഖബ് നല്‍കുന്നു.
ഖത്വറിനെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഖലീഫ യൂനിവേഴ്‌സിറ്റിയുടെ ബുക്ക്‌ഷോപ്പില്‍ ലഭ്യമാണ്.
വിശുദ്ധ ഖുര്‍ആനിലെ സസ്യസംബന്ധമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഖുര്‍ആനിക് ബോട്ടാണിക് ഗാര്‍ഡന്റെ പ്രദര്‍ശനവുമുണ്ട്.

Latest