Connect with us

Gulf

മയക്കുമരുന്ന് കടത്ത് തടയാന്‍ ഏകീകൃത ജി സി സി സംഘം

Published

|

Last Updated

ദോഹ: മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി ജി സി സി തലത്തില്‍ ഏകീകൃത സംഘത്തെ സജ്ജമാക്കുന്നു. കള്ളക്കടത്തുകാരെ പിടികൂടുകയും അന്താരാഷ്ട്രതലത്തില്‍ വിചാരണാ നടപടികള്‍ക്ക് വിധേയരാക്കുകയുമാണ് ലക്ഷ്യം. ദോഹയില്‍ നടന്ന ഗള്‍ഫ് ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ടു കോമ്പാറ്റ് ഡ്രഗ്‌സി (ജി സി സി- സി ഐ സി സി ഡി)ന്റെ അടിയന്തര യോഗത്തിലാണ് ഈ തീരുമാം കൈക്കൊണ്ടത്. ജി സി സി രാഷ്ട്രങ്ങളിലെ മയക്കുമരുന്ന്‌വിരുദ്ധ സംഘത്തിലെ ഡയറക്ടര്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു.
ജി സി സിതലത്തില്‍ മയക്കുമരുന്ന് കടത്ത് ശക്തമായി തടയുകയാണ് ലക്ഷ്യം. മയക്കുമരുന്ന് കടത്ത് ശൃംഖലകളെ കുടുക്കുന്നതിനായി പുതിയ തന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയ അടിയന്തര പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഈയടുത്ത് പിടികൂടിയ മയക്കുമരുന്നുകളുടെ അളവ് കണക്കിലെടുത്ത് ഈ ശൃംഖലകളുടെ അടിവേരറുക്കുന്ന നടപടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഖ്ര്‍ റാശിദ് അല്‍ മുറൈഖി പറഞ്ഞു.
പിടിച്ചെടുത്ത സാമ്പിളുകളുടെ ലാബ് പരിശോധനാ ഫലം തെളിയിക്കുന്നത്, ഈ ക്രിമിനല്‍ സംഘങ്ങള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് എന്നതാണ്. ഡ്രഗ് കണ്‍ട്രോള്‍ പരിശോധകര്‍ക്ക് കാലികമായ പരിശീലനങ്ങളും നൂതന കോഴ്‌സുകളും നല്‍കണം.
ജി സി സിതലത്തില്‍ ശക്തമായ സഹകരണവും ഏകോപനവും ആവശ്യവുമാണ്. ഇക്കാര്യത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ കനത്ത ജാഗ്രത പാലിക്കുന്നതിനാല്‍ വലിയ തോതില്‍ മയക്കുമരുന്ന് കടത്ത് പിടികൂടാന്‍ സാധിക്കുന്നുണ്ട്.

 

Latest