പാക്കിസ്ഥാനില്‍ പോയത് ഊണ് കഴിക്കാനല്ലെന്ന് രാജ്‌നാഥ്‌സിംഗ്

Posted on: August 5, 2016 7:15 pm | Last updated: August 5, 2016 at 7:15 pm
SHARE

rajnath singhന്യൂഡല്‍ഹി: ഭീകരവാദം സംബന്ധിച്ച ഇന്ത്യയുടെ ഉത്കണ്ഠ സാര്‍ക് ഉച്ചകോടിയില്‍ അറിയിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭീകരവാദത്തിന് എതിരായാല്‍മാത്രംപോര ശക്തമായ നടപടിതന്നെയുണ്ടാവണം. തീവ്രവാദം പ്രോത്സാഹിപ്പിക്കുകയും തീവ്രവാദികളെ പുകഴ്ത്തുകയും ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും തീവ്രവാദത്തിനു വളംവയ്ക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സാര്‍കില്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍പോയത് ഭക്ഷണം കഴിക്കാനല്ലെന്നായിരുന്നു പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്റെ ഉച്ചഭക്ഷണ സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ ഇന്ത്യയിലേക്ക് മടങ്ങിയതു സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചത്. ഏഴാമത് സാര്‍ക്ക് ഉച്ചകോടിയില്‍ ആഭ്യന്തരമന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് രാജ്‌നാഥ് സിംഗ് പാക്കിസ്ഥാനിലേക്ക് പോയത്. അടുത്തിടെ വഷളായ നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ രാജ്‌നാഥിന്റെ സന്ദര്‍ശനം സഹായിച്ചേക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണനായാണ് ഉച്ചകോടിക്കെത്തിയ രാജ്‌നാഥ് സിംഗിന് നേരിടേണ്ടിവന്നത്. ഉച്ചകോടിയില്‍ തന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ലെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here