ജിഎസ്ടി ബില്‍: കേരളം എതിര്‍പ്പറിയിച്ചു

Posted on: August 5, 2016 12:54 pm | Last updated: August 5, 2016 at 6:56 pm

thomas isaacതിരുവനന്തപുരം:ജിഎസ്ടി ബില്‍ ഭേദഗതിയില്‍ കേരളത്തിന്റെ എതിര്‍പ്പറിയിച്ച് ധനകാര്യമന്ത്രി തോമസ് ഐസക് കേന്ദ്രത്തിന് കത്തയച്ചു. അന്തര്‍സംസ്ഥാന നികുതി വീതംവെപ്പ് സംബന്ധിച്ച ധനമന്ത്രിമാരുടെ യോഗത്തിലെ ധാരണ പാലിക്കാത്തതിലാണ് കേരളം എതിര്‍പ്പറിയിച്ചത്.

കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തിലുണ്ടായ ധാരണ ജിഎസ്ടി ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.ഇന്‍പുട് ടാക്‌സും റീഫണ്ട് ക്ലെയിമുമായി ലഭിക്കുന്ന തുകയും പങ്കുവെക്കണമെന്നായിരുന്നു സംസ്ഥാന ധനമന്ത്രിമാരുടെ ആവശ്യം. എന്നാല്‍ ബില്ലില്‍ വരുത്തിയ ഭേദഗതിയില്‍ ഇത് ഒഴിവാക്കിയെന്നാണ് തോമസ് ഐസക് ഉന്നയിച്ചിരിക്കുന്നത്.

ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നികുതി പരിധി കുറക്കണമെന്ന കേന്ദ്രനിലപാടും അംഗീകരിക്കാനാവില്ലെന്ന് കത്തില്‍ പറയുന്നു. 22 ശതമാനമായി നികുതി നിശ്ചയിക്കണം. അങ്ങനെയല്ലെങ്കില്‍ അത് വിഭവസമാഹരണത്തെ ബാധിക്കും. അത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും ഐസക് കത്തില്‍ പറയുന്നു.