തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം; ലോകം റിയോയിലേക്ക്

Posted on: August 5, 2016 8:49 am | Last updated: August 5, 2016 at 2:31 pm

olimpicsറിയോഡിജനീറോ: ലോകം കാത്തിരുന്ന മഹാകായിക മേളക്ക് ഇന്ന് റിയോയില്‍ തിരി തെളിയും. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ നാലര മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ബ്രസീലിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യത്തില്‍ ഊന്നിക്കൊണ്ടായിരിക്കും മാറക്കാന സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങ് പുരോഗമിക്കുക. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍നാന്റോ മിറെയ്‌ലസാണ് ഉദ്ഘാടന ചടങ്ങുകള്‍ ഒരുക്കുന്നത്. എഴുപതിനായിരത്തോളം വരുന്ന കാണികള്‍ക്ക് ഹൃദ്യമായ വിരുന്നായി ഇത് മാറുമെന്ന് സംഘാടകര്‍ ഉറപ്പ് നല്‍കുന്നു. 206 രാജ്യങ്ങള്‍ക്കൊപ്പം രാജ്യാന്തര ഒളിമ്പിക് സമിതിയുടെ കൊടിക്കീഴില്‍ അഭയാര്‍ഥികളുടെ ടീമും ഇന്ന് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കും. ഒളിമ്പിക് ചരിത്രത്തിലെ ആദ്യ സംഭവമായി അത് മാറുകയും ചെയ്യും.
ഒളിമ്പിക് ഉദ്ഘാടന ചടങ്ങുകളിലെ എക്കാലത്തേയും മികച്ചതായി വാഴ്ത്തപ്പെടുന്നത് 2008 ബീജിംഗിലേതാണ്. അതിനെ വെല്ലുന്ന തരത്തില്‍ ഒരു പ്രകടനം റിയോയില്‍ പ്രതീക്ഷിക്കേണ്ടതില്ല. ഒളിമ്പിക് ആതിഥേയത്വം ലഭിച്ചപ്പോള്‍ ബ്രസീല്‍ വാഗ്ദാനം ചെയ്തത് ഏറ്റവും മികച്ച ഒളിമ്പിക്‌സായിരുന്നു. ഇന്ന് പക്ഷേ സ്ഥിതി വ്യത്യസ്തമാണ്.
ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫ് ഇംപീച്‌മെന്റ് വിചാരണ നേരിടുന്നു. രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ കടന്നു പോകുന്നു. എവിടെയും പ്രതിഷേധം അലയടിക്കുന്നു. മോഷ്ടാക്കളും കൊലയാളികളും അരങ്ങുവാഴുന്നു. ബ്രസീല്‍ കുരുതിക്കളമാണ്. ഈ സാഹചര്യത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, സീക വൈറസ് ഭീഷണിയും ബ്രസീലിനെ വലയ്ക്കുന്നു. പല വിദേശ താരങ്ങളും ഒളിമ്പിക്‌സില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. കടല്‍ ജലത്തില്‍ സൂപ്പര്‍ ബാക്ടീരിയ അംശമുണ്ടെന്ന റിപ്പോര്‍ട്ടും വിനോദസഞ്ചാരികളെ ഇങ്ങോട്ടു വരുന്നതില്‍ നിന്ന് വിലക്കുന്നു.
ഒളിമ്പിക് ടോര്‍ച് ഒളിമ്പിക് വില്ലേജില്‍ ഇന്നലെ എത്തിച്ചേര്‍ന്നു. ഇത് തടയാന്‍ അങ്ങിങ്ങായി പ്രതിഷേധറാലികള്‍ നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കൊണ്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുകയായിരുന്നു.റിയോ നദിയിലൂടെ ബോട്ടിലാണ് ടോര്‍ച് ഒളിമ്പിക് നഗരിയിലേക്ക് പ്രവേശിച്ചത്. ഇതിനടുത്തുള്ള നിതെറോയ് നഗരത്തില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അഭയാര്‍ഥി ടീമിന് വന്‍സ്വീകരണം
പത്ത് അഭയാര്‍ഥി കായിക താരങ്ങള്‍ ഉള്‍പ്പെടുന്ന റെഫ്യൂജി ഒളിമ്പിക് ടീം റിയോയിലെ ഒളിമ്പിക് വില്ലേജില്‍ എത്തിയത് ആവേശം വാനോളം ഉയര്‍ത്തി. വിവിധ രാജ്യങ്ങളിലെ നൂറു കണക്കിന് അത്‌ലറ്റുകള്‍ ഇവരെ സ്വീകരിക്കാനുണ്ടായിരുന്നു. നൃത്തവും സംഗീതവും നിറഞ്ഞു നിന്ന ആഹ്ലാദ നിമിഷങ്ങള്‍ക്കാണ് നഗരി സാക്ഷ്യം വഹിച്ചത്. സിറിയന്‍ നീന്തല്‍ താരം റാമി അനിസ് ശരിക്കും തകര്‍ത്താടി. സാംബ നൃത്തക്കാര്‍ക്കൊപ്പം ചുവടുകള്‍ വെച്ച അനിസ് മറ്റ് അത്‌ലറ്റുകളുടെയും മനം കവര്‍ന്നു. ഇരുപത്തഞ്ചുകാരന്‍ തന്റെ സ്മാര്‍ട്ട്‌ഫോണില്‍ സെല്‍ഫിയെടുത്തും മറ്റും രാജ്യാന്തര ഒളിമ്പിക് അസോസിയേഷന്‍ നല്‍കിയ വലിയ അവസരത്തെ സന്തോഷത്തോടെ ഉള്‍ക്കൊണ്ടു.
സിറിയയുടെ വനിതാ നീന്തല്‍ താരം യുസ്‌റ മര്‍ദിനിയും ഏറെ ആദരവ് ഏറ്റുവാങ്ങിയ അഭയാര്‍ഥി അത്‌ലറ്റാണ്. തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കുള്ള പലായനത്തിനിടെ മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിപ്പോയ ഇരുപത് അഭയാര്‍ഥികളെ രക്ഷിച്ച താരം. യുസ്‌റ കടലില്‍ നീന്തിയാണ് കേടായ ബോട്ട് കരയ്ക്കടുപ്പിച്ചത്. നാലര മണിക്കൂര്‍ വേണ്ടി വന്നു ഈ പ്രയത്‌നത്തിന്. യുസ്‌റയുടെ ഈ വീരേതിഹാസ രക്ഷാപ്രവര്‍ത്തനം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണിപ്പോള്‍.
ദക്ഷിണസുഡാന്റെ ജെയിംസ് ന്യാംഗ് ചിന്‍ജെക് ലോക സമാധാനം പുലരുവാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. ഒളിമ്പിക്‌സ് അതിനുള്ള വേദിയാക്കി മാറ്റുകയാണ് ന്യാംഗ്.
ഒളിമ്പിക്‌സ് വില്ലേജില്‍ വിവിധ രാജ്യങ്ങളിലെ അത്‌ലറ്റുകളുമായി ഇടപഴകാന്‍ സാധിക്കുന്നുവെന്നതാണ് ഒളിമ്പിക്‌സിന്റെ മാഹാത്മ്യം- ജെയിംസ് ന്യാംഗ് പറഞ്ഞു.