ഫിലിപ്പൈന്‍സില്‍ മയക്കുമരുന്ന് വേട്ട ശക്തം; 400ലധികം മരണം

Posted on: August 5, 2016 5:29 am | Last updated: August 5, 2016 at 12:32 am
SHARE

36DC0EB100000578-0-image-a-9_1470300633337മനില: ഫിലിപ്പൈന്‍സില്‍ മയക്കുമരുന്ന് സംഘങ്ങളെയും വ്യാപാരികളെയും ലക്ഷ്യമാക്കി ശക്തമായ നടപടികള്‍ തുടരുന്നു. പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടര്‍തെയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് വേട്ട ശക്തമാക്കിയത്. മയക്കുമരുന്ന് വ്യാപാരം നടത്തുന്നവര്‍ക്കെതിരെയും ഇത് ഉപയോഗിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം തുടങ്ങിയ മയക്കുമരുന്നുവിരുദ്ധ നീക്കത്തില്‍ ഇതുവരെ 400ലധികം പേര്‍ കൊല്ലപ്പെട്ടു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വ്യാപാരം ചെയ്യുന്നവരെയും വകവരുത്താന്‍ ജനങ്ങള്‍ തന്നെ മുന്നോട്ടുവരണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. മയക്കുമരുന്നുമായി ബന്ധപ്പെടുന്ന ആളുകളെ ജയിലിലടക്കുകയോ അല്ലെങ്കില്‍ മണ്ണില്‍ കൂഴിച്ചുമൂടുകയോ ചെയ്യുമെന്നും റോഡ്രിഗോ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ 400 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണ സംഖ്യ ഇനിയും കൂടുമെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശക്തമായ നടപടികള്‍ ആരംഭിച്ചത് മുതല്‍ അഭൂതപൂര്‍വമായ നിലയില്‍ മയക്കുമരുന്നു വ്യാപാരികളും ഉപയോക്താക്കളും അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങുന്നുണ്ട്. തെരുവുകളിലും ഗല്ലികളിലും മയക്കുമരുന്ന് വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും മൃതദേഹങ്ങള്‍ കിടക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മെയിലാണ് റോഡ്രിഗോ ഫിലിപ്പൈന്‍സില്‍ അട്ടിമറി വിജയം നേടി പ്രസിഡന്റ് പദവിയിലെത്തിയത്. അധികാരമേറ്റെടുത്ത ഉടനെ, മയക്കുമരുന്നിനെതിരെയും എല്ലാത്തരം ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. പ്രസിഡന്റ് അധികാരമേറ്റെടുത്ത ശേഷം നടന്ന വിവിധ നടപടികളിലായി 402 കുറ്റവാളികള്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. എന്നാല്‍ എ ബി എസ്- സി ബി എന്‍ റിപ്പോര്‍ട്ടനുസരിച്ച് മരിച്ചവരുടെ എണ്ണം 603 ആണ്. ഇവരില്‍ 211 പേര്‍ കൊല്ലപ്പെട്ടത് അജ്ഞാതരുടെ വെടിയേറ്റാണെന്നും പറയപ്പെടുന്നു.
അതേസമയം, റോഡ്രിഗോയുടെ ശക്തമായ മയക്കുമരുന്നുവേട്ടക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വിരുദ്ധ വിഭാഗമായ യു എന്‍ ഒ ഡി സിയോട് റോഡ്രിഗോയുടെ നടപടിയെ അപലപിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here