ആളില്ല; മല്യയുടെ സ്വത്ത് ലേലം വീണ്ടും മുടങ്ങി

Posted on: August 5, 2016 6:03 am | Last updated: August 5, 2016 at 12:07 am

VIJAY MALYAമുംബൈ: മദ്യവ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ കിംഗ്ഫിഷര്‍ ഹൗസ് ലേലം ആളില്ലാത്തതിനാല്‍ വീണ്ടും മുടങ്ങി. 135 കോടി കരുതല്‍ ധനം നിശ്ചയിച്ച ലേലമാണ് വിളിക്കാന്‍ ആളില്ലാത്തതിനാല്‍ മുടങ്ങിയത്. നേരത്തെ മാര്‍ച്ചില്‍ ലേലം നിശ്ചയിച്ചപ്പോള്‍ 150 കോടിയായിരുന്നു കരുതല്‍ ധനം. അന്നും ആരും ലേലം കൊള്ളാനെത്താത്തതിനാല്‍ 135 കോടിയായി ചുരുക്കി വീണ്ടും ലേലം നിശ്ചയിക്കുകയായിരുന്നു.
എസ് ബി ഐയുടെ നേതൃത്വത്തില്‍ 17 ബേങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വിജയ് മല്യ തിരിച്ചടക്കാനുള്ള വായ്പാ തുകയായ 9,000 കോടി രൂപ വസൂലാക്കുന്നതിന് കിംഗ്ഫിഷര്‍ ഹൗസ് ലേലത്തിന് വെച്ചത്. പ്ലഷ് വിലെ പാര്‍ലെ ഏരിയയില്‍ 17,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് കിംഗ്ഫിഷര്‍ ഹൗസ്. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജറ്റ് വിമാനം അടക്കമുള്ള വസ്തുക്കള്‍ ഈ മാസം 18ന് ലേലം ചെയ്യാന്‍ നിശ്ചയിച്ചിട്ടുണ്ട്. എട്ട് കാറുകള്‍, ടൊയോട്ട, ഇന്നോവ, ഹോണ്ട സിറ്റി, ഹോണ്ട സിവിക്, ടൊയോട്ട കൊറോള തുടങ്ങിയവ ഈ മാസം 25നും ലേലം ചെയ്യും. ഇതേ ദിവസം തന്നെ കിംഗ്ഫിഷറിന്റെ ലോഗോയും ട്രേഡ്മാര്‍ക്കും മറ്റും പുനര്‍ലേലം ചെയ്യാനും നിശ്ചയിച്ചിട്ടുണ്ട്. ഗോവയിലുള്ള കിംഗ്ഷിഷര്‍ വില്ലയും ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.