ജി എസ് ടി: പ്രതീക്ഷയും ആശങ്കകളും

Posted on: August 5, 2016 6:02 am | Last updated: August 5, 2016 at 12:02 am

SIRAJചരക്ക് സേവന നികുതി ഏകീകരണ ബില്ലിന്(ജി എസ് ടി) രാജ്യസഭ അംഗീകാരം നല്‍കിയതോടെ 16 വര്‍ഷമായി പാര്‍ലിമെന്റിന് മുമ്പിലുള്ള രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കാര നിയമം ഒരു കടമ്പ കൂടി കടന്നു. പല കൈകള്‍ മറിഞ്ഞ് എത്തിച്ചേരുന്ന ഉത്പന്നങ്ങളും സേവനങ്ങളും നികുതിക്കു മേല്‍ നികുതിയും മറ്റുമായി ഉപഭോക്താവിന് ഏല്‍പിക്കുന്ന നികുതിഭാരവും ചരക്കുസേവന നികുതി മേഖലയിലെ അഴിമതിയും ഇല്ലാതാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമായി പറ യുന്നത്. നിലവില്‍ രാജ്യത്ത് കൈമാറ്റം ചെയ്യുന്ന ഉത്പന്നത്തിനും സേവനത്തിനും ഒട്ടനവധി നികുതികള്‍ ചുമത്തുന്നുണ്ട്. കേന്ദ്ര എക്‌സൈസ് നികിതി, ഉത്പന്നം വില്‍പന നടക്കുമ്പോള്‍ ഉപഭോക്താവിനുമേല്‍ ചുമത്തുന്ന കേന്ദ്ര വില്‍പനനികുതി, ഉത്പന്നം അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന നഗരനികുതി, ആഡംബര നികുതി, വിനോദനികുതി, സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസ്സുകള്‍, സര്‍ചാര്‍ജുകള്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലും രീതിയിലുമുള്ള നികുതികള്‍ക്ക് പകരം ഒരു തലത്തില്‍ ഒരൊറ്റ നികുതിയാണ് ജി എസ് ടിയിലൂടെ വിഭാവനം ചെയ്യുന്നത്.
ചരക്കുകളുടെ വിതരണ ശൃംഖല രൂപകല്‍പ്പന ചെയ്യുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നത് പരോക്ഷ നികുതികളാണ്. സംസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നികുതി ഇളവുകളും സാമ്പത്തിക ആനുകൂല്യങ്ങളും പരിഗണിച്ചാണ് വ്യവസായ സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമായ ഇടങ്ങള്‍ കണ്ടെത്തിയിരുന്നത്. നികുതി ഇളവുകള്‍ നല്‍കി വ്യവസായികളെ ആകര്‍ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കിടമത്സരമാണ്. ജി എസ് ടി വരുന്നതോടെ ഈ പ്രവണത അവസാനിക്കുകയും ഇന്ത്യന്‍ വ്യാപാര മേഖല പൊതുവായൊരു വിപണിയെന്ന നിലയില്‍ രാജ്യാന്തര തലത്തിലേക്ക് ഉയരുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
2000ത്തില്‍ വാജ്പയ് സര്‍ക്കാറിന്റെ കാലത്ത് തുടങ്ങിയതാണ് ജി എസ് ടി നടപ്പാക്കാനുള്ള നീക്കം. അഭിപ്രായഭിന്നതകളും ചര്‍ച്ചകളുമായി അത് നീണ്ടുപോയി. എങ്കിലും കഴിഞ്ഞ വര്‍ഷം മെയ് ആറിന് ലോക്‌സഭ ബില്ലിന് അംഗീകാരം നല്‍കി. സര്‍ക്കാര്‍ ന്യൂനപക്ഷമായത് കൊണ്ടാണ് രാജ്യസഭയില്‍ അംഗീകാരം ലഭിക്കാന്‍ പിന്നെയും താമസിച്ചത്. ബല്ലില്‍ ചില ഭേദഗതികള്‍ വരുത്തിയതിനാല്‍ വീണ്ടും ലോക്‌സഭയുടെ അംഗീകാരം നേടേണ്ടതുണ്ട്. തുടര്‍ന്ന് രാജ്യത്തെ പകുതി സംസ്ഥാനങ്ങളെങ്കിലും ബില്ലിനെ അനുകൂലിച്ചു പ്രമേയം പസ്സാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്‌തെങ്കിലേ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ. 2017 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. മറ്റു പല രാജ്യങ്ങളും നേരത്തേ നടപ്പാക്കിയതാണ് ഈ നിയമം. നിലവില്‍ 130ല്‍പരം രാജ്യങ്ങളില്‍ ജിഎസ് ടി സമ്പ്രദായം നിലവിലുണ്ട്.
എ ഐ എ ഡി എം കെ ഒഴികെയുള്ള കക്ഷികളെല്ലാം ബില്ലിനെ പിന്തുണക്കുകയുണ്ടായി. ഉത്പാദന മേഖലയില്‍ നികുതി എന്ന നിലവിലെ രീതിക്ക് പകരം വിതരണമേഖല കണക്കാക്കി നികുതി നിശ്ചയിക്കുന്ന രീതിയാണ് ജി എസ് ടിയില്‍. ഇത് ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് നേട്ടവും ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് നഷ്ടവും വരുത്തും. ജി എസ് ടിയോടുള്ള എ ഐ എ ഡി എം കെ യുടെ വിയോജിപ്പിന് കാരണമിതാണ്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ ഉത്പാദക സംസ്ഥാനങ്ങളും എതിര്‍ത്തിരുന്നെങ്കിലും ഉത്പാദക രുടെ നഷ്ടം കേന്ദ്രം നികത്താമെന്ന ഉറപ്പിലാണ് പിന്നീട് പിന്തുണച്ചത്. എങ്കിലും അഞ്ച് വര്‍ഷത്തേക്കുള്ള നഷ്ടമേ കേന്ദ്രം നികത്തൂ. അതുതന്നെ ആദ്യ മൂന്ന് വര്‍ഷം 100 ശതമാനം, അടുത്തവര്‍ഷം 75 ശതമാനം, അവസാനവര്‍ഷം 50 ശതമാനം എന്ന അനുപാതത്തിലും.
കേരളത്തെ സംബന്ധിച്ചിടത്തോളം ആശയും ആശങ്കയും ഉയര്‍ത്തുന്നുണ്ട് ജി എസ് ടി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുകള്‍ വാങ്ങിക്കൊണ്ടുവന്നാല്‍ കേരളത്തിന് നികുതി ലഭിക്കുമായിരന്നില്ല ഇതുവരെയും. വില്‍പ്പന നടക്കുന്ന സംസ്ഥാനത്താണ് നികുതി ഒടുക്കിയിരുന്നത്. ജി എസ് ടി വന്നാല്‍ അവസാന വില്‍പ്പന നടക്കുന്ന ഉപഭോക്തൃ സംസ്ഥാനത്താണ് നികുതി ലഭിക്കുക. തന്മൂലം കേരളത്തിന്റെ നികുതിവരുമാനം ഉയരുകയും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയുള്ള നികുതിച്ചോര്‍ച്ച ഇല്ലാതാവുന്നത് വഴി നികുതി വരുമാനം വര്‍ധിക്കുകയും ചെയ്യുമെന്നൊക്കെയാണ് പ്രതീക്ഷ. അതേസമയം വില്‍പ്പന നികുതിയാണ് സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ്. ഈ വരുമാനം കേന്ദ്രസര്‍ക്കാറില്‍ കേന്ദ്രീകൃതമാവുകയും സംസ്ഥാനങ്ങളുടെ വരുമാനത്തെ അത് സാരമായി ബാധിക്കുകയും ചെയ്യും. അതോടെ സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിനു മുന്നില്‍ കൈനീട്ടേണ്ടി വരുമെന്നതാണ് ജി എസ് ടി ഉയര്‍ത്തുന്ന ആശങ്ക. നികുതി ഏകീകരണം ഉത്പന്നങ്ങളുടെ നികുതി കുറക്കുന്നതു മൂലം വരുമാന ചോര്‍ച്ച ഉണ്ടാക്കുമെന്ന ഭീതിയുമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ കൗണ്‍സില്‍ രൂപവത്കരണം നിര്‍ദേശിക്കുന്നുണ്ടെങ്കിലും സംസ്ഥാനങ്ങളോടുള്ള നിലപാടിന് രാഷ്ട്രീയനിറം മാനദണ്ഡമാക്കുന്ന കേന്ദ്ര സമീപനത്തില്‍ അതെത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയേണ്ടതാണ്.