ചങ്ങലക്കു ഭ്രാന്തു പിടിച്ചാല്‍ ?

Posted on: August 5, 2016 6:00 am | Last updated: August 5, 2016 at 12:02 am
SHARE

arvind-kejriwal2106ആംആദ്മി പാര്‍ട്ടിയില്‍ ഇത്രയധികം ക്രിമിനലുകളോ? ഇതാണോ കെജ്‌രിവാള്‍ വാഗ്ദാനം ചെയ്ത വ്യത്യസ്ത രാഷ്ട്രീയം? ഡല്‍ഹിയില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് ഒരു സാധാരണ മനുഷ്യന്‍ ഇങ്ങനെ ചിന്തിച്ചുപോയേക്കാം. 18 മാസങ്ങള്‍ക്കിടക്ക് ഒരു മന്ത്രിയും മുന്‍മന്ത്രിയുമടക്കം പതിനൊന്നു എം എല്‍ എമാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. അതും സ്ത്രീ പീഡനമടക്കമുള്ള കേസുകളില്‍.. എന്നാല്‍ ഇതിന്റെ യഥാര്‍ഥ അവസ്ഥ തിരിച്ചറിഞ്ഞാല്‍ നമ്മുടെ മുന്നില്‍ തെളിയുന്നത് ഇന്ത്യയില്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ എത്രമാത്രം ജനാധിപത്യവിരുദ്ധമാകാമെന്നതിന്റെ ചിത്രമാണ്.
ഡല്‍ഹി ഒരു അര്‍ധ സംസ്ഥാനമാണ്. (2014ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വരെ ബി ജെ പി യുടെ മാനിഫെസ്‌റ്റോയില്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവി നല്‍കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. അധികാരമേറിയപ്പോള്‍ അവര്‍ അതു മറന്നു. ഇതില്‍ തന്നെ അവരുടെ കാപട്യം വ്യക്തമാകുന്നു.) ഭരണഘടനയുടെ 239 എ എ വകുപ്പ് (1991 ലെ ഭേദഗതി അനുസരിച്ച് നാഷനല്‍ കാപ്പിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി) പ്രകാരം ഇത് കേവലം ഒരു കേന്ദ്ര ഭരണ പ്രദേശവുമല്ല. മറ്റു സംസ്ഥനങ്ങളുടെ അധികാരങ്ങള്‍ നിര്‍വചിക്കുന്ന ഏഴാം ഷെഡ്യൂളിലെ മൂന്ന് ഇനങ്ങള്‍(പൊതു ക്രമസമാധാനം, പോലിസ്, ഭൂമി) ഒഴികെ മറ്റെല്ലാറ്റിലും ഡല്‍ഹി സര്‍ക്കാറിനും അധികാരം ഉണ്ട്. തിരഞ്ഞെടുത്ത നിയമസഭ, അതില്‍ ഭൂരിപക്ഷം ഉള്ളവരുടെ മന്ത്രിസഭ, ആ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ എല്ലാം ഉണ്ട്. എന്നാല്‍ ഡല്‍ഹിയിലെ ഗവര്‍ണര്‍ക്ക് നിരവധി പ്രത്യേക അധികാരങ്ങളുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതി വേണം. 14 ബില്ലുകള്‍ നിയമസഭ പാസാക്കി നല്‍കിയിട്ട് മാസങ്ങളായി. ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു അതെല്ലാം തടഞ്ഞുവെച്ചിരിക്കുന്നു. അഴിമതി തടയുന്നതിനുള്ള ജന്‍ ലോക്പാല്‍, സ്വകാര്യവിദ്യാലങ്ങളിലെ ഫീസ്‌കൊള്ള തടയുന്നതിനുള്ളത്, സ്ത്രീ സുരക്ഷക്കായുള്ളത്, കേരള നിയമസഭ പാസാക്കിയത് പോലുള്ള ഇരട്ടപ്പദവിക്കായുള്ളത് തുടങ്ങിയവയാണത്. പോലീസ് തങ്ങളുടെ വരുതിയിലാണെന്ന ഒറ്റ അധികാരം വെച്ചുകൊണ്ട് എത്രയധികം ദ്രോഹിക്കാമോ അത്രയും അവര്‍ ചെയ്യുന്നു.
തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കാന്‍ തങ്ങള്‍ തയാറാകില്ലെന്നു വളരെ വ്യക്തമായി മുഖ്യമന്ത്രി പറയുക മാത്രമല്ല അത് പ്രവൃത്തിയില്‍ കാണിച്ചിട്ടുമുണ്ട്. ഡല്‍ഹി സര്‍ക്കാറിലെ നിയമ മന്ത്രി ആയിരുന്ന തോമര്‍ രണ്ട് പതിറ്റാണ്ടോളമായി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും പ്രക്റ്റീസ് നടത്തിവരികയാണ്. ഇദ്ദേഹത്തിന്റെ ബിരുദം സംബന്ധിച്ച ചില പരാതികള്‍ ഉയരുകയും ഹൈക്കോടതിയില്‍ ഒരു കേസ് ആരോ കൊടുക്കുകയും ചെയ്തു. കുറ്റവാളിയെങ്കില്‍ തോമറിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെ ആം ആദ്മി പാര്‍ട്ടി എതിര്‍ക്കുന്നുമില്ല. അദ്ദേഹം ബാര്‍ കൗണ്‍സിലില്‍ നല്‍കിയ രേഖകള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ട ഉടനെ പാര്‍ട്ടിയില്‍ നിന്നു പുരത്താക്കി. ഒരു വക്കീലിനെ നല്‍കാന്‍ പോലും പാര്‍ട്ടി തയാറായതുമില്ല. എന്നാല്‍ മന്ത്രി ആയിരിക്കുന്ന വ്യക്തിയെ നേരം പുലരും മുമ്പ് പിടികിട്ടാപ്പുള്ളിയെന്ന പോലെ അറസ്റ്റ് ചെയ്ത് കൈയാമം വെച്ച് തെരുവിലൂടെ നടത്തേണ്ടതുണ്ടായിരുന്നുവോ?
ബി ജെ പി അടക്കം മറ്റെല്ലാ കക്ഷികളുടെയും നിരവധി നേതാക്കളും ജനപ്രതിനിധികളും മത്സരിക്കുന്നതിന് മുമ്പ് തന്നെ കൊലപാതകമടക്കം നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്. ആം ആദ്മി പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥിയും ഒരു ക്രിമിനല്‍ കേസിലും പ്രതിയായിരുന്നില്ല. എല്ലാ കേസുകളും ഇപ്പോള്‍ ഉണ്ടാക്കിയതാണ്. ഐ പി എല്‍ തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായ ലളിത് മോദിയെ സഹായിക്കാന്‍ അനധികൃതമായി ഇടപെട്ട സുഷമ സ്വരാജ് ഇപ്പോഴും വിദേശ മന്ത്രിയാണ്.
മന്ത്രിസഭയിലെ ഭക്ഷ്യ പരിസ്ഥിതി മന്ത്രിയായിരുന്ന അസിം അഹമ്മദ് ഖാന്‍ കോഴ ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഒരു ടെലഫോണ്‍ സംഭാഷണത്തിന്റെ ടേപ് കിട്ടിയ ഉടനെ തന്നെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി സിസോദിയയും അത് കേള്‍ക്കുകയും സത്യമുണ്ടെന്നു കണ്ടെത്തി മൂന്ന് മണിക്കൂറുകള്‍ക്കകം പത്രസമ്മേളനം വിളിച്ച് അദ്ദേഹത്തെ പുറത്താക്കിയതായി അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ടേപ് വിദഗ്ധ പരിശോധനയോ എഫ് ഐ ആറോ കോടതി വിധിയോ ഒന്നും വേണ്ടിവന്നില്ല. പ്രതിപക്ഷമോ മാധ്യമങ്ങളോ അറിഞ്ഞില്ല. കേസ് സി ബി ഐ തന്നെ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആ പത്രസമ്മേളനത്തില്‍ ഒരു കാര്യം മുഖ്യമന്ത്രി വെട്ടിത്തുറന്നുപറഞ്ഞു, ‘ആര്‍ അഴിമതി നടത്തിയാലും ആ വ്യക്തിയെ അധികാരത്തില്‍ നിന്നു പുറത്താക്കും, അത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആയാലും, എന്റെ മകന്‍ ആയാലും. ഞാനാണ് അതു ചെയ്യുന്നതെങ്കില്‍ ഉപമുഖ്യമന്ത്രി എന്നെ തന്നെ പുറത്താക്കും.’
മോദി സര്‍ക്കാര്‍ എടുത്ത കള്ളക്കേസുകളുടെ മുഴുവന്‍ വിശദാശംശങ്ങളും ഒരുമിച്ചു ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഇക്കഴിഞ്ഞ ദിവസം പത്രങ്ങള്‍ക്കു നല്‍കി. യാതൊരു അടിസ്ഥാനവുമില്ലാതെ രാഷ്ട്രീയ വൈരാഗ്യം വച്ചുകൊണ്ടെടുത്ത കേസുകളാണിവയെന്നു ഇതില്‍ നിന്നും വ്യക്തമാണ്. മിക്ക കേസുകളും അറസ്റ്റ് ചെയ്യുമ്പോള്‍ വലിയ വാര്‍ത്തകളാകും. എന്നാല്‍ കോടതികള്‍ ഇവ തള്ളുമ്പോള്‍ അതറിഞ്ഞതായിപ്പോലും മാധ്യമങ്ങള്‍ നടിക്കാറില്ലെന്നും അവര്‍ പരാതിപ്പെട്ടു.
മുന്‍ നിയമമന്ത്രിയും മാളവിയ നഗര്‍ എം എല്‍ എയുമായ സോമനാഥ് ഭാരതിക്കെതിരെയുള്ള കേസ് അതിവിചിത്രമെന്നു കോടതി തന്നെ നിരീക്ഷിച്ചതാണ്.. 2015 സെപ്തംബര്‍ 25നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചില കുടുംബ പ്രശനങ്ങളുടെ പേരില്‍ ഭാര്യ ലിപിക മിത്ര തന്നെ കൊടുത്ത പരാതിയിലായിരുന്നു ആ കേസ്. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം തുടരാന്‍ സുപ്രീം കോടതി അനുവദിക്കുകയും ചെയ്തു. വീട്ടിലെ വളര്‍ത്തുപട്ടിയെ വിട്ടു ഭര്‍ത്താവ് തന്നെ കടിപ്പിച്ചെന്നും ചൂടേറിയ പ്രഷര്‍ കുക്കര്‍ വെച്ച് കൈ പോള്ളിച്ചെന്നും കൈ പിരിച്ചൊടിച്ചു കൊല്ലാന്‍ ശ്രമിച്ചു എന്നുമായിരുന്നു പരാതി.. ഒക്ടോബര്‍ ഏഴിന് ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട് കോടതി നടത്തിയ നിരീക്ഷണത്തില്‍ പറയുന്നു, കൈ പിരിച്ചൊടിച്ചതിന്റെ യാതൊരടയാളങ്ങളും കണ്ടില്ല, അകത്തും പുറത്തും യാതൊരു മുറിവുകളും ഇല്ല എന്ന്. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെക്കൊണ്ട് നായയെ പരിശോധിപ്പിച്ചു. നായക്ക് ഭാര്യയുടെ ശാസനകളോടാണ് കൂടുതല്‍ അനുസരണ എന്നവര്‍ കണ്ടെത്തി. ഒരു വീട്ടില്‍ ഒരുമിച്ചു താമസിക്കുകയും ഭര്‍ത്താവില്ലാത്തപ്പോള്‍ നായയെ പരിചരിക്കുകയും ചെയ്യുന്ന ഭാര്യയെ ഭര്‍ത്താവിന്റെ ആജ്ഞ അനുസരിച്ച് ഒരു നായ കടിക്കില്ലെന്നു കോടതിക്കും ബോധ്യമായി.
ഓഖലാ എം എല്‍ എ അമാനത്തുല്ല ഖാനെതിരായ കേസ് നോക്കുക. 35കാരിയായ ഡോ. ഷമീന എന്ന വനിതയെ 22 വയസുള്ള യുവാവ് ബലാത്‌സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എന്നും അത് ഈ എം എല്‍ എയുടെ പ്രേരണയാലാണെന്നുമാണ് പരാതി. അറസ്റ്റ് ചെയ്തു ജാമ്യത്തിനെത്തിയപ്പോള്‍ കോടതി പറഞ്ഞു, എം എല്‍ എ ഭീഷണിപ്പെടുത്തിയതായി ഒരു പരാതിയുമില്ല. പ്രതിയെന്നു പറയുന്ന വ്യക്തിയെ പോലീസ് പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വക്കാനും കഴിയില്ല എന്ന്.
മുംബൈ ഭീകരാക്രമണക്കേസില്‍ കമാന്‍ഡോ ആയി പ്രവര്‍ത്തിച്ചു ഭീകരരുടെ ബോംബ് പൊട്ടി അംഗഭംഗം വന്ന കന്റോണ്‍മെന്റ് എം എല്‍ എ സുരേന്ദര്‍ സിംഗാണ് മറ്റൊരു കേസിലെ പ്രതി. നഗരസഭയിലെ ചില ജോലിക്കാരെ അടിച്ചു എന്നാണ് കേസ്. ഇവിടെയും കോടതി നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. പ്രോസിക്യൂഷന്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ചാല്‍ പോലും ഇദ്ദേഹത്തിനെതിരെ എടുത്തിരിക്കുന്ന ഐ പി സി 367 (തട്ടിക്കൊണ്ടുപോകല്‍, അടിമയാക്കല്‍, ഗുരുതരമായി പരിക്കേല്‍പിക്കല്‍) എന്നത് നിലനില്‍ക്കില്ല. വാറന്റില്ലാതെ തടവിലാക്കാന്‍ വേണ്ടി തയാറാക്കിയ ഈ എഫ് ഐ ആര്‍ തീര്‍ത്തും രാഷ്ട്രീയപ്രതികാരമാണ് എന്നും കോടതി പറഞ്ഞു.
പാലം മണ്ഡലത്തിലെ എം എല്‍ എ ഭാവന ഗൗര്‍ തന്റെ നാമനിര്‍ദേശപത്രികയില്‍ 2013ലും നല്‍കിയ വിദ്യാഭ്യാസയോഗ്യതകള്‍ സംബന്ധിച്ച പ്രസ്താവനകളില്‍ പൊരുത്തക്കേടുണ്ടെന്നതാണ്. ഇതേ കാര്യം കൂടുതല്‍ ഗൗരവതരമായി തെറ്റിച്ചെഴുതിയ സ്മൃതി ഇറാനി ഇപ്പോള്‍ മോദി മന്ത്രിസഭാംഗമാണ് എന്നത് മറ്റൊരു കാര്യം. എന്നാല്‍, ഈ കേസില്‍ ജനപ്രതിനിധ്യ നിയമം അനുസരിച്ചു ഭാവന കുറ്റക്കാറിയല്ലെന്നു കോടതി വിധിച്ചു. 2013ല്‍ തന്റെ ഒരു വിദ്യാഭ്യാസയോഗ്യത എഴുതാന്‍ വിട്ടു പോയി എന്നത് ഒരു തരത്തിലും വഞ്ചനാപരമായ കുറ്റമല്ലെന്ന് കോടതി നിരീക്ഷിച്ചു.
സംഗം വിഹാര്‍ എം എല്‍ എ തന്റെ ഓഫീസില്‍ സന്ദര്‍ശനത്തിനെത്തിയ സറിനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറി എന്നും അവരെ ഭീഷണിപ്പെടുത്തി എന്നും പുറത്തേക്കു തള്ളി എന്നും മറ്റുമായിരുന്നു കേസ്. കേസിന്റെ അന്വേഷണം പൂര്‍ത്തിയായതിനാല്‍ കസ്റ്റഡിയില്‍ ഇനി വെക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
മോഡല്‍ ടൗണ്‍ എം എല്‍ ഇ ക്കെതിരെ സുഷമ സിംഗ് എന്ന സ്ത്രീ ഒരു പരാതി നല്‍കി. പൊലീസ് ഉടനെ അറസ്റ്റ് ചെയ്തു. ഒരു സഹപ്രവര്‍ത്തകന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സുഹൃത്തിനോടൊപ്പം പോകുമ്പോള്‍ ഒരു ആണ്‍കുട്ടി വന്നു അവരോട് ഒരു മുറിയില്‍ വന്നിരിക്കാന്‍ പറഞ്ഞുവെന്നും അതിനകത്തു അവരെ പൂട്ടിയിട്ടു എന്നും ആ കുട്ടി അവരോട് അപമര്യാദയായി പെരുമാറിയെന്നും എം എല്‍ എ വന്നു തന്റെ സുഹൃത്തിനെ അടിച്ചു എന്നുമായിരുന്നു പരാതി. പ്രതിയെ വെറുതെ വിട്ടുകൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇങ്ങനെ: താന്‍ തിരെഞ്ഞെടുപ്പില്‍ തന്റെ ഭര്‍ത്താവ് ഇദ്ദേഹത്തിനെതിരായി മത്സരിച്ചു പരാജയപ്പെട്ടതാണെന്നും അന്ന് താന്‍ ഭര്‍ത്താവിനോടൊപ്പം പ്രവര്‍ത്തിച്ചു എന്നും ഏതു സഹപ്രവര്‍ത്തകന്റെ സംസ്‌കാരച്ചടങ്ങിനു പോകുമ്പോഴാണ് സംഭവം നടന്നതെന്ന് ഓര്‍മയില്ലെന്നും കൂടെ ആ മുറിയില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെട്ട പെണ്‍കുട്ടികളുടെ പേര് അറിയില്ലെന്നും പരാതിക്കാരി കോടതിയില്‍ സമ്മതിച്ചിരിക്കുന്നു. ദൃക്‌സാക്ഷികള്‍ എന്ന് പറയപ്പെടുന്ന ആ പെണ്‍കുട്ടികളുടെ മൊഴി പോലീസ് എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ ഇതൊരു വ്യാജ്യകേസെന്നു വിലയിരുത്താം. ഇത്തരം നായാട്ട് ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കാമെന്ന് കെജ്‌രിവാള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു ആര്‍ക്കും ബോധ്യമാകും.
ഏറ്റവുമൊടുവില്‍ മേഹ്രുളി എം എല്‍ എ ആയ നരേഷ് യാദവിനെ പഞ്ചാബില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഏതോ ഒരു വ്യക്തി വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചു. അത് ഈ എം എല്‍ എയുടെ പ്രേരണയാലാണെന്ന് ആ പ്രതി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. പഞ്ചാബിലെ ആം ആദ്മി മുന്നേറ്റം തടയുന്നതിന് വേണ്ടി നടത്തുന്ന നാടകങ്ങള്‍ ആണിതെന്നു വ്യക്തം.
‘കാല്‍ സംസ്ഥാനത്തിന്റെ അര മുഖ്യ മന്ത്രി മാത്രമായ എന്നോട് ഇന്ത്യാ രാജ്യത്തിന്റെ പ്രധാന മന്ത്രിയായ നരേന്ദ്ര മോദി ഇങ്ങനെ വിവേചനം കാണിക്കുന്നത് എന്തു കൊണ്ടാണ്? അദ്ദേഹത്തേ പോലെ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച് അധികാരം ഏല്‍പ്പിച്ചതാണു എന്നേയും. ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രിക്കും ഇല്ലേ? ഈ ചോദ്യം പലവട്ടം ആവര്‍ത്തിച്ചിട്ടും മറുപടി പറയാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തതെന്തു കൊണ്ട്? മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഭരണത്തില്‍ ഇടപെടുന്നതെന്തു കൊണ്ട്?’
2014മെയില്‍ പാലമെന്റില്‍ ഒറ്റക്കു വന്‍ ഭൂരിപക്ഷം നേടി മോദി അധികാരത്തിലെത്തുകയും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടുകയും ചെയ്ത ശേഷമാണ് 2015 ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ 49 ദിവസം മാത്രം ഭരിച്ചു രാജിവെച്ചു പോയ, ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റും കിട്ടാത്ത ആം ആദ്മി പാര്‍ട്ടി തനിക്കൊരു ഭീഷണിയല്ലെന്നാണ് മോദി കരുതിയത്. രാജ്യമാകെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനു അവിടെ ഒന്നും ചെയ്യാനില്ല. തന്നെയുമല്ല കഴിഞ്ഞ 8 മാസമായി മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ തന്നെ നേരിട്ടു ഭരിക്കുകയാണ് ഡല്‍ഹി. മോദി നേടന്ന എല്ലാ ദിഗ് വിജയങ്ങള്‍ക്കും അന്നാട്ടുകാര്‍ സാക്ഷികളുമാണ്. എല്ലാ കേന്ദ്ര മന്ത്രിമാരും എം പിമാരും ആ ചെറിയ സംസ്ഥാനത്ത് ശക്തമായ പ്രചരണം നടത്തി. മോദി തന്നെ നേരിട്ടുവന്ന് കെജ്‌രിവാളിനെതിരെ ശകാര വര്‍ഷം ചൊരിഞ്ഞു. ഭരിക്കാന്‍ അറിയാത്ത കെജ്‌രിവാള്‍ നക്‌സലുകളോടൊപ്പം കാട്ടില്‍ ജീവിക്കട്ടേയെന്നു വരെ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ അടുത്തെത്തിയപ്പോള്‍ ചിത്രം അത്ര ശുഭകരമല്ലെന്ന് അദ്ദേഹത്തിനു തന്നെ തോന്നി. തന്റെ വ്യക്തി പ്രഭാവം കൊണ്ടു മാത്രം കെജ്‌രിവാളിനെ നേരിടാന്‍ കഴിയില്ലെന്നായപ്പോഴാണ് അഴിമതി വിരുദ്ധ സമരത്തില്‍ അന്നാ ഹസാരെക്കൊപ്പം നിന്ന കിരണ്‍ ബേദിയെ രംഗത്തിറക്കിയത്. പക്ഷേ, ഫലം അത്യന്തം നിരാശാജനകമായിരുന്നു. മോദിയെ എന്നും നേരില്‍ക്കണ്ടിരുന്നവര്‍, അദ്ദേഹത്തിന്റെ ഭരണം നേരിട്ട് അനുഭവിച്ചവര്‍, അദ്ദേഹം വാഗ്ദാനം ചെയ്ത അച്ഛാ ദിന്‍ അത്ര ‘അച്ഛാ’ അല്ലെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യന്‍ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ അത്യപൂര്‍വമായ ഒരു ഫലം നാം ഡല്‍ഹിയില്‍ കണ്ടു. 70ല്‍ 67 സീറ്റ് മാത്രമല്ലാ, പോള്‍ ചെയ്ത വോട്ടിന്റെ 54 ശതമാനം ആം ആദ്മിക്കു കിട്ടി. ഈ തെറ്റിന് (ആം ആദ്മി പാര്‍ട്ടിക്കല്ല, ആം ആദ്മികളായ ഡല്‍ഹി ജനതക്ക്) മാപ്പു കൊടുക്കാന്‍ മോദി ഇതുവരെ തയ്യാറായിട്ടില്ല. താന്‍ അജയ്യനാണെന്നു ധരിച്ച ഒരു നേതാവിന് ഇങ്ങനെ തോന്നുന്നതില്‍ തെറ്റില്ല. ജനാധിപത്യം എന്നതിന് സ്വന്തം ആധിപത്യം എന്ന അര്‍ഥം നല്‍കുന്ന ഫാസിസ്റ്റിന് ഇതു സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. മോദിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് മറ്റു കക്ഷികള്‍ക്കും ഇതു വഴി ബോധ്യമായി.
മറ്റൊരു കാലത്തും ഇല്ലാത്ത തരത്തില്‍ ഗവര്‍ണറിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ ഇടപെടുകയാണ്. കേന്ദ്ര സര്‍വീസില്‍ നിന്നും സംസ്ഥാനം ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ നല്‍കുക എന്ന പതിവു മാറ്റി തങ്ങള്‍ക്കിഷ്ടപ്പെടുന്നവരെ മാത്രം നല്‍കുന്നു. പെട്ടന്നൊരു നാള്‍ അവരെ പിന്‍വലിക്കുന്നു, ഡല്‍ഹി സര്‍ക്കറിനോട് അനുതാപമുള്ളവരെ സി ബി ഐയെ ഉപയോഗിച്ചു പോലും വിരട്ടുന്നു, പ്രലോഭിപ്പിക്കുന്നു. ഇങ്ങനെ പലതും. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 77ഓഫീസര്‍മാരെ സി ബി ഐ ചോദ്യം ചെയ്തു. 12 സെക്രട്ടറിമാരെ ഒറ്റയടിക്ക് മാറ്റി.
ആം ആദ്മി പാര്‍ട്ടിയുടെ നയം നടപ്പിലാക്കന്‍ വേണ്ടിയാണല്ലോ ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്തത്. അവരുടെ മാനിഫെസ്‌റ്റോയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന് തടസ്സം നില്‍ക്കുക എന്നത് ജനവിരുദ്ധമാണ്, ജനാധിപത്യവിരുദ്ധമാണ്. പക്ഷേ ഇതൊന്നും മോദി സര്‍ക്കാറിന്് ബാധകമല്ല. എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 20,000 ലിറ്റര്‍ ജലം സൗജന്യമായും 200 യൂനിറ്റ് വരേയുള്ള വൈദ്യുതി പാതി നിരക്കിലും നല്‍കാമെന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കിക്കഴിഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം, രാജ്യത്തിനു വേണ്ടി ജീവന്‍ നഷ്ടപ്പെടുന്ന പട്ടാളക്കാര്‍ക്കും പോലിസുകാര്‍ക്കും ഒരു കോടി രൂപ നഷ്ട പരിഹാരം, ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ ശീതീകരിച്ച ക്ലിനിക്കുകള്‍, (ഇത്തരം 1000 എണ്ണത്തിന്റെ ടെന്റര്‍ നലികിക്കഴിഞ്ഞു), 8000 പുതിയ ക്ലാസ് മുറികള്‍, 25 പുതിയ സ്‌കൂളുകള്‍ ഈ വാഗ്ദാനങ്ങള്‍ ഒരു വര്‍ഷത്തിനകം നടപ്പിലായവയാണ്. മൂന്ന് ഫ്‌ളൈ ഓവറുകള്‍ നിര്‍മിച്ചപ്പോള്‍ 350 കോടി ചിലവു കുറഞ്ഞു. ആ പണം കൊണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും എക്‌സ് റേ, സ്‌കാനിംഗ് സംവിധാനങ്ങളും സ്ഥാപിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എല്ലാ വിധ ചികിത്സകളും പരിശോധനകളും സൗജന്യമായിക്കിട്ടുന്നു. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ചൂഷണം അവസാനിപ്പിക്കാന്‍ നടപടികള്‍ എടുത്തു. ഇതിനൊക്കെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ വേണമെന്നു പറഞ്ഞാല്‍ അതില്‍ എന്തു തെറ്റാണുള്ളത്? എന്നല്‍ കേന്ദ്രം നല്‍കുന്ന ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം തടസ്സം നില്‍ക്കുകയാണ്.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് തന്നേയാണ് പ്രശ്‌നമെന്നു വ്യക്തമാണ്. ഡല്‍ഹി ഗവര്‍ണറെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലെ നൃപേന്ദ്ര മിശ്ര എന്ന ഉദ്യോഗസ്ഥനാണ്. ഡല്‍ഹി തിരഞ്ഞെടുപ്പിനു ശേഷം കെജ്‌രിവാളിന്റെ പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ മോദിയുടെ രക്തം തിളക്കുമത്രേ. തങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കാന്‍ വേണ്ടി പലവട്ടം കെജ്‌രിവാള്‍ ശ്രമിച്ചതാണ്. മുഖ്യമന്ത്രി വിളിച്ചാല്‍ പലപ്പോഴും ഫോണ്‍ എടുക്കുക തന്നെയില്ല. നേരിട്ടു ചെന്ന് പലവട്ടം കണ്ടിട്ടുണ്ട്. ‘നമ്മള്‍ രണ്ടു പേരും ജനങ്ങളുടെ വോട്ടു കിട്ടി ഭരണമേറ്റവരല്ലേ? ഇത്ര ചെറിയ സ്ഥാനമുള്ള എന്നോട് താങ്കള്‍ വിരോധം കാട്ടുന്നതെന്തിന്? രാഷ്ട്രീയം തിരഞ്ഞെടുപ്പിലാണ്. അതു കഴിഞ്ഞാല്‍ കക്ഷി രാഷ്ട്രീയമല്ല ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പാര്‍ട്ടികളുടെ സര്‍ക്കാര്‍ അല്ലല്ലോ, ജനങ്ങളുടെ സര്‍ക്കാറല്ലേ? താങ്കളുടെ സ്വപ്‌നങ്ങള്‍ യാഥര്‍ഥ്യമാക്കാന്‍ എനിക്കു സഹായം നല്‍കുക. രണ്ട് വര്‍ഷത്തിനകം സ്വച്ഛ് ഭാരതിന്റെ ഭാഗമായ സ്വച്ഛ് ദില്ലി നമുക്കുണ്ടാക്കാം. മറ്റു സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതു പോലെ ഞങ്ങള്‍ പണമോ ഭൂമിയോ ആവശ്യപ്പെടുന്നില്ല. നിയമമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ മതി.’ ഇത്തരം ചോദ്യങ്ങള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടും മോദിജി ഒരക്ഷരം അനുകൂലമായോ പ്രതികൂലമായോ പറഞ്ഞില്ല. ഇതു തന്നേ അദ്ദേഹം അറിഞ്ഞിട്ടു തന്നെയാണ് ഇതൊക്കെ ചെയ്യുന്നതെന്നു സൂചിപ്പിക്കുന്നു. കെജ്‌രിവാളിനോട് ഇങ്ങനെ പെരുമാറുന്നതിന്റെ പിന്നിലെ സങ്കുചിത താത്പര്യം വ്യക്തം. സഹി കെട്ടപ്പോഴാണ് പ്രധാനമന്ത്രിക്ക് മാനസിക രോഗമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞത്.
പക്ഷേ, 2017ല്‍ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി വിജയിച്ചാല്‍ (അതേതാണ്ട് ഉറപ്പായിരിക്കുന്നു) മോദി എന്തു ചെയ്യും? അവിടെ പൂര്‍ണ സംസ്ഥനത്തിന്റെ അധികാരങ്ങള്‍ ഉണ്ട്. അതുവരെ ഡല്‍ഹിയിലെ ജനങ്ങള്‍ ഈ പ്രതികാരം സഹിക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here