മാധ്യമ- അഭിഭാഷക തര്‍ക്കം: നോട്ടീസിന് മറുപടി നല്‍കിയെന്ന് അഡ്വ. ജയശങ്കര്‍

Posted on: August 5, 2016 12:01 am | Last updated: August 4, 2016 at 11:58 pm

കൊച്ചി: മാധ്യമ- അഭിഭാഷക തര്‍ക്കത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനൂകൂലമായി സംസാരിച്ചതിന്റെ പേരില്‍ അഭിഭാഷക അസോസിയേഷനില്‍ നിന്ന് ലഭിച്ച നോട്ടീസിന് മറുപടി നല്‍കിയതായി അഡ്വ. ജയശങ്കര്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് സംഘടിപ്പിക്കുന്ന ഇക്കോ ലീഗല്‍ ക്യാംപിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന്‍ നല്‍കിയിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് തനിക്ക് മനസിലാകുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് ബോധ്യമാകുന്ന വിധത്തിലുളള നോട്ടീസ് നല്‍കിയാല്‍ അതിന് മറുപടി നല്‍കാമെന്ന് അസോസിയേഷന്‍ ഭാരവാഹികളെ താന്‍ അറിയിച്ചതായും ജയശങ്കര്‍ പറഞ്ഞു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. നാളിതുവരെ സൗഹാര്‍ദ്ദത്തില്‍ കഴിഞ്ഞ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നത്തിന് പിന്നില്‍ ദുരഹൂതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.