കോപ്പിയടി: കേരള പി വി സിക്കെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സിന്‍ഡിക്കേറ്റിന് മടി

Posted on: August 5, 2016 5:55 am | Last updated: August 4, 2016 at 11:56 pm
SHARE

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി പഠനവിഭാഗത്തിന് കീഴില്‍ ഗവേഷണം നടത്തി സമര്‍പ്പിച്ച പി എച്ച് ഡി പ്രബന്ധം കോപ്പിയടിയാണെന്ന് തെളിഞ്ഞിട്ടും കേരള സര്‍വകലാശാല പ്രോവൈസ് ചാന്‍സിലറായ ഡോ. വീരമണികണ്ഠനെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിന് മടി. കേരളത്തിന് പുറത്തുള്ള വിഷയ വിദഗ്ധര്‍ രണ്ടിലേറെ തവണ പ്രബന്ധം പരിശോധിച്ചപ്പോഴും കോപ്പിയടി സ്ഥിരീകരിച്ചിരുന്നു.
വിദേശ ജേര്‍ണലുകളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ നിന്നും കോപ്പിയടിച്ചെന്നാണ് കണ്ടെത്തിയത്. ഇതിന് പുറമേ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മീഷനെ നിയോഗിച്ച് വിശദമായ പരിശോധനയും ഹിയറിംഗ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ച് പ്രബന്ധം കോപ്പിയടിയാണെന്ന് റിപ്പോര്‍ട്ട’് നല്‍കിയിട്ടും ഇനിയും പഠിക്കാനുണ്ടെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. ഇതിനാല്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ കേരള പി വി സിക്കെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചില്ല. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഇടതുപക്ഷ പ്രതിനിധികളായ പുതിയ അംഗങ്ങള്‍ വിഷയം വിശദമായി പഠിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കാതിരുന്നത്. വിഷയത്തില്‍ അവഗാഹമുള്ള ഡല്‍ഹിയിലെയും മറ്റ് സര്‍വകലാശാലകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് നേരത്തെ രണ്ടു തവണ പ്രബന്ധത്തില്‍ കോപ്പിയടി സ്ഥിരീകരിച്ചത്.
എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാനാകില്ലെന്നാണ് പുതിയ സിന്‍ഡിക്കേറ്റംഗങ്ങളുടെ വാദം. കഴിഞ്ഞ സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് പരിഗണിച്ചിരുന്നെങ്കില്‍ വിഷയം തിങ്കളാഴ്ച ചേരുന്ന സെനറ്റിന്റയും പരിഗണനക്ക് വരുമായിരുന്നു. എന്നാല്‍ വിശദമായി പഠിക്കേണ്ട വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകളില്ലാതെ അംഗീകരിച്ച ഇടത് അംഗങ്ങള്‍ വീരമണികണ്ഠന്റെ കാര്യത്തില്‍ മാത്രം മെല്ലെപോക്ക് സമീപനം സ്വീകരിക്കുകയായിരുന്നുവെന്ന് മറ്റൊരു പ്രമുഖ സിന്‍ഡിക്കേറ്റംഗം പറഞ്ഞു. ഇടത് അംഗങ്ങളുടെ നിലപാടില്‍ ദുരൂഹതയുണ്ടെും സിന്‍ഡിക്കേറ്റിലെ മറ്റ് അംഗങ്ങള്‍ ആരോപിച്ചു. മുന്‍ വൈസ് ചാന്‍സിലറുടെ കാലത്താണ് ഇതുസംബന്ധിച്ച അന്വേഷണവും നടപടികളും ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here