Connect with us

Kerala

കരിഞ്ചന്തയില്‍ ടിക്കറ്റ്: റെയില്‍വേ റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്കെതിരെ അന്വേഷണം

Published

|

Last Updated

കോഴിക്കോട്: കരിഞ്ചന്തയില്‍ റിസര്‍വേഷന്‍ ടിക്കറ്റ് വില്‍പ്പന നടത്തി പിടിയിലായ കോഴിക്കോട് റെയില്‍വേ റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ സി ബാലസുബ്രഹ്മണ്യത്തിനെതിരെ വകുപ്പ്തല അന്വേഷണം. ഇതിനുളള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.
ആര്‍ പി എഫ് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ക്ക് കോഴിക്കോട് റെയില്‍വേ ഇന്‍സ്‌പെക്ടര്‍ കേസ് സംബന്ധിച്ച വിശദവിവരങ്ങള്‍ അയച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുക. സീനിയര്‍ ഡിവിഷണല്‍ കോമേഴ്‌സ്യല്‍ മാനേജര്‍ക്ക് ആര്‍ പി എഫിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയുണ്ടാകും.
കഴിഞ്ഞ ദിവസമാണ് ബാലസുബ്രഹ്മണ്യം, മിഠായി തെരുവിന് സമീപം കോര്‍ട്ട് റോഡിലുളള ശ്രീ ഗണേഷ് ട്രാവല്‍സ് ഉടമ രാജേഷ്, സ്ഥാപനത്തിലെ ജീവനക്കാരന്‍ രജീഷ് എന്നിവരെ ആര്‍ പി എഫ് എസ് ഐ നിഷാന്തിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം 10,000 രൂപ സെക്യൂരിറ്റിയിലും ആള്‍ ജാമ്യത്തിലുമാണ് മൂവരേയും കഴിഞ്ഞ ദിവസം വിട്ടയച്ചത്.
ശ്രീ ഗണേഷ് ട്രാവല്‍ ഏജന്‍സിക്കെതിരെ ഇതേ കേസില്‍ രണ്ട് പ്രാവശ്യം നടപടി ഉണ്ടായിരുന്നുവെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലാകുമ്പോള്‍ ഇവരില്‍ നിന്ന് 33 റിസര്‍േേവഷന്‍ ടിക്കറ്റുകളും 45,400 രൂപയും കണ്ടെത്തിയിരുന്നു. മാസങ്ങളായി ആര്‍ പി എഫിന്റെ നിരീക്ഷണത്തിലായിരുന്നു മൂവരും. ടിക്കറ്റിനായി നല്ല തിരക്കുളളപ്പോള്‍ റിസര്‍വേഷന്‍ സുപ്പര്‍വൈസറെ സമീപിച്ച് ഏജന്‍സിക്കാര്‍ ടിക്കറ്റ് വാങ്ങും. ടിക്കറ്റ് സംബന്ധമായ അപേക്ഷയും രേഖകളും ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ച് ഏജന്‍സി ജീവനക്കാരന്‍ മാറി നില്‍ക്കും. വരി നില്‍ക്കുന്ന യാത്രക്കാരോട് കുശലാന്വേഷണം നടത്തി ഏജന്‍സിക്ക് വേണ്ട ടിക്കറ്റുകള്‍ അടിച്ചുകൊടുക്കുന്നതാണ് ക്ലാര്‍ക്ക് സുബ്രഹ്മണ്യത്തിന്റെ രീതി.
ജോലിക്കിടയിലാണെന്ന് വരുത്തി തീര്‍ത്തശേഷം ഏജന്‍സിയുടെ അപേക്ഷകളില്‍ ടിക്കറ്റ് ഉറപ്പാക്കുകയാണ് ചെയ്യുക. യാത്രക്കാരോട് സംസാരിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഏജന്‍സിക്കുളള ടിക്കറ്റുകള്‍ അടിച്ചുകൊണ്ടേയിരിക്കും. ഏജന്‍സിയില്‍ നിന്ന് ഒരോ ടിക്കറ്റിനും നിശ്ചിത കമ്മീഷന്‍ ബാലസുബ്രഹ്മണ്യന് ലഭിക്കുകയും ചെയ്തിരുന്നു.