മലയാളത്തിന്റെ കണ്ണീരും സ്‌നേഹവും ഏറ്റുവാങ്ങി ജാസിം അല്‍ ബലൂശി

Posted on: August 4, 2016 11:59 pm | Last updated: August 4, 2016 at 11:59 pm
SHARE
ഖറമിലെ ശൈഖ് റാശിദ് മസ്ജിദില്‍ നടന്ന ജാസിം അല്‍ ബലൂശിയുടെ മയ്യിത്ത് നിസ്‌കാരം
ഖറമിലെ ശൈഖ് റാശിദ് മസ്ജിദില്‍ നടന്ന ജാസിം അല്‍ ബലൂശിയുടെ മയ്യിത്ത് നിസ്‌കാരം

ദുബൈ: തിരുവനന്തപുരത്ത് നിന്ന് നിറയെ യാത്രക്കാരുമായി പറന്നിറങ്ങവേ അപകടത്തില്‍പ്പെട്ട എമിറേറ്റ്‌സ് വിമാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ജാസിം ഈസ മുഹമ്മദ് അല്‍ ബലൂശിയുടെ വിയോഗം മലയാളികളുടെകൂടി നൊമ്പരമായി. 300ഓളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കര്‍മരംഗത്തിറങ്ങിയ ജാസിം ഈസയുടെ സേവനത്തെ പുകഴ്ത്തിയാണ് ഇദ്ദേഹത്തിന് പ്രവാസികളടക്കമുള്ള മലയാളികള്‍ അന്ത്യയാത്രാമൊഴി പറഞ്ഞത്. സ്വന്തം ജീവന്‍ പണയം വെച്ച് സഹജീവികളായ നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെ പുകഴ്ത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കുകയുമാണ് പ്രവാസലോകം.
ജാസിം ഈ അല്‍ ബലൂശിയുടെ രക്തസാക്ഷിത്വത്തെ രാജ്യ ഭരണാധികാരികളും പുകഴ്ത്തുകയും സന്തപ്ത കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നാടിന്റെ പുത്രനാണ് അദ്ദേഹമാണെന്നാണ് ട്വീറ്റ് ചെയ്തത്.
വിമാനാപകടത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജാസിം അല്‍ ബലൂശിയുടെ വിയോഗത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രാജ്യ ഭരണാധികാരികളേയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി 90 സെക്കന്റിനുള്ളില്‍ യാത്രക്കാരെ പൂര്‍ണമായും രക്ഷപ്പെടുത്തിയ ഭരണകൂടത്തിന്റെയും സുരക്ഷാ അധികൃതരുടെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും സേവനം എന്നും ഏവര്‍ക്കും മാതൃകയും പ്രശംസനീയവുമാണെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. എല്ലാവരും രക്ഷപ്പെട്ടെന്ന സന്തോഷം നമുക്കുണ്ടെങ്കിലും ധീര മരണം വരിച്ച ജാസിം അല്‍ ബലൂശിയുടെ മരണം ലോകത്തിന്റെ ദുഃഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ഥന നിര്‍വഹിക്കാനും മയ്യിത്ത് നിസ്‌കരിക്കുന്നതിനും ഖലീല്‍ തങ്ങള്‍ അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here