ഒറ്റ എസ് എം എസ് മതി; സ്ഥലപ്പേരിന്റെ പിന്നിലെ കഥയറിയാന്‍

Posted on: August 4, 2016 8:44 pm | Last updated: August 4, 2016 at 8:44 pm

17 (1)ദോഹ: പക്ഷികള്‍ പതിവായി കൂടൊരുക്കുന്ന കേന്ദ്രമായതിനാലാണ് അല്‍ വക്‌റക്ക് ആ പേര് വന്നതെന്ന് എത്ര പേര്‍ക്കറിയാം. ഒരു പക്ഷെ വയോവൃദ്ധരിലും സ്ഥലനാമപ്പൊരുള്‍ അറിയാന്‍ ഗവേഷണം ചെയ്യുന്നവരിലും മാത്രം ഒതുങ്ങിപ്പോകുന്ന ഇത്തരം അറിവുകള്‍ ജനകീയമാക്കാന്‍ നൂതന പദ്ധതി ഒരുക്കിയിരിക്കുകയാണ് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളുടെയും തെരുവുകളുടെയും പേരിന്റെ പിന്നിലെ കഥയറിയാന്‍ 92192 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസ്സേജ് അയച്ചാല്‍ മാത്രം മതി.
അല്‍ വസ്ല്‍ ചെടികള്‍ വളരുന്ന കൊച്ചുഗ്രാമത്തില്‍ നിന്നാണത്രെ ലുസൈലിന്റെ പിറവി. ഈ സ്ഥലത്തിന് ആദ്യം അല്‍ വുസൈല്‍ എന്നും പിന്നീട് ലുസൈല്‍ എന്നും നാമകരണം ചെയ്യുകയായിരുന്നു. സുലാല്‍ എന്ന കൂറ്റന്‍ പാറകള്‍ ചേര്‍ന്ന വലിയ പുല്‍മേടാണ് ഉം സലാല്‍ മുഹമ്മദ് എന്ന പേരിന് കാരണമായത്. ശൈഖ് മുഹമ്മദ് ബിന്‍ ജാസിം പതിവായി സന്ദര്‍ശിക്കുന്ന ഇടമായതിനാല്‍ മുഹമ്മദ് എന്ന് കൂടെ ചേര്‍ത്തു. അല്‍ സഅദ് എന്ന ചെടി വളരുന്ന മണ്ണ് നിറഞ്ഞതിനാലാണ് ഉം സഈദ് ആ പേരിലറിയപ്പെടുന്നത്. വട്ടം ചുറ്റിയുള്ള മേഖലയായതിനാല്‍ റാസ്‌ലഫാന് ആ പേരും വീണു. കടലിലെ വെള്ളത്തിന്റെ വായ ആണത്രെ അല്‍ ഖോര്‍. സമുദ്രത്തില്‍ നിന്നുള്ള ഒരു കഴുത്ത് കണക്കെ കരയിലേക്ക് നീണ്ടുകിടക്കുന്ന പ്രദേശമായതിനാല്‍ അല്‍ ഖോറിന് ഈ പേര് ലഭിച്ചു.