വിവാദപ്രസംഗം: ബാലകൃഷ്ണപിള്ളക്കെതിരെ കേസെടുക്കും

Posted on: August 4, 2016 7:25 pm | Last updated: August 5, 2016 at 9:43 am

balakrishan pillaiതിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മന്‍ ആര്‍.ബാലകൃഷ്ണ പിള്ള നടത്തിയ വിവാദ പ്രസംഗത്തില്‍ കേസെടുക്കാന്‍നിര്‍ദേശം. ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കേസ്.പിള്ളക്കെതിരേ കേസെടുക്കാന്‍ കൊല്ലം റൂറല്‍ എസ്.പിക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദേശം നല്‍കിയത്‌. മതസ്പര്‍ധ വളര്‍ത്തിയതിന് 153 (എ) പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക. അതേ സമയം കേസുമായി സഹകരിക്കുമെന്ന് ബാലകൃഷ്ണപിള്ള. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

വിവിധ സംഘടനകളുടെയും വ്യക്തികളുടെയും പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ റൂറല്‍ എസ്പി എസ്.അജിതാബീഗം കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പുനലൂര്‍ ഡിവൈഎസ്പി എ.ഷാനവാസിനായിരുന്നു അന്വേഷണച്ചുമതല.

പത്തനാപുരം കമുകുംചേരി എന്‍.എസ്.എസ് കരയോഗത്തിലായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം. തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുര പോലെ തന്നെയാണ് അവിടെ അഞ്ചു നേരവും. അടുത്തൊരു പള്ളി കൊണ്ടുവച്ച് ഇങ്ങോട്ട് വാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. വാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി.എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളുവെന്നുമായിരുന്നു പിള്ളയുടെ പ്രസംഗം.

എന്നാല്‍, പ്രചാരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.