ഗര്‍ഭിണിയെ കൊന്ന് ജഡം റബര്‍ത്തോട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി

Posted on: August 4, 2016 6:27 pm | Last updated: August 4, 2016 at 6:27 pm

kottatyammurderകോട്ടയം: അതിരമ്പുഴയില്‍ ഗര്‍ഭിണിയെ കൊന്ന് ജഡം റബര്‍ത്തോട്ടത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കോട്ടയം ഗാന്ധിനഗര്‍ സ്വദേശി ബഷീറാണ് പിടിയിലായത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തലയ്ക്കു പിന്നിലേറ്റ ചതവും ശ്വാസംമുട്ടിച്ചതുമാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന് ആയുധം ഉപയോഗിച്ചിട്ടെല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ ആണ്‍കുട്ടിയാണ് ഗര്‍ഭത്തിലുണ്ടായിരുന്നത്. കുട്ടിയും മരിച്ചനിലയിലായിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറുമണിയോടെ അതിരമ്പുഴ ഒറ്റക്കപ്പലുമാവ് അമ്മഞ്ചേരി റോഡില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍തോട്ടത്തിലാണു യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പുതപ്പും പോളിത്തീന്‍ കവറും ഉപയോഗിച്ചു മൂടിയ നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ മൃതദേഹം മൂടിയിരുന്ന പോളിത്തീന്‍ കവര്‍ ആന്‍ജിയോഗ്രാം കിറ്റിനൊപ്പം ലഭിക്കുന്നതാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ഏകദേശം മുപ്പതു വയസ്സു തോന്നിക്കുന്ന യുവതിക്കു 152 സെന്റിമീറ്റര്‍ ഉയരമുണ്ട്. ഇരുകാതിലും മേല്‍ക്കാതിലും ചുവന്ന കല്ല് കമ്മല്‍ ധരിച്ചിട്ടുണ്ട്. കയ്യില്‍ കറുത്ത ചരടും കെട്ടിയിട്ടുണ്ട്.