റാസല്‍ ഖൈമയിലെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ബസ് സര്‍വീസ്

Posted on: August 4, 2016 5:13 pm | Last updated: August 4, 2016 at 5:13 pm

rasal khaimaറാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ സാധാരണക്കാരുടെ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടാക്‌സി സര്‍വീസുകള്‍ കൂടാതെ ഷെയറിംഗ് ടാക്‌സികളും ബസ് സര്‍വീസുകളും നിലവില്‍ വന്നു.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുരുങ്ങിയ നിരക്കില്‍ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആശ്രയിച്ചിരുന്നത് സ്വകാര്യ ടാക്‌സികളായിരുന്നു. കമ്പനി ടാക്‌സികളുടെ വരവോടുകൂടെ 2010ല്‍ സ്വകാര്യ ടാക്‌സികള്‍ പൂര്‍ണമായും നിരത്തില്‍ നിന്നും പിന്‍വലിച്ചു. കമ്പനി ടാക്‌സിയില്‍ ഷെയറിംഗ് സംവിധാനം ഒഴിവാക്കിയതും വലിയ ചാര്‍ജ് നല്‍കേണ്ടിവരുന്നതും സാധാരണക്കാര്‍ക്ക് റാസല്‍ ഖൈമയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് പ്രയാസകരമാക്കിയിരുന്നു. ഇപ്പോള്‍ ചുരുങ്ങിയ നിരക്കില്‍ റാസല്‍ ഖൈമയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ഒരുക്കിയത് യാത്രക്കാര്‍ക്ക്് വലിയ ആശ്വാസമായിരിക്കുകയാണ്.

പ്രധാന സിറ്റിയായ നഖീല്‍, ദുബൈ ഇസ്‌ലാമിക് ബേങ്കിന്റെ പിറകു വശത്ത് ഒരുക്കിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും റാസല്‍ ഖൈമയുടെ മൂന്ന് അതിര്‍ത്തി പ്രദേശങ്ങളായ അല്‍ജീലര്‍, അല്‍ ഖൈല്‍, അല്‍ ഹംറ എന്നിവടങ്ങളിലേക്ക് രാവിലെ ആറു മുതല്‍ രാത്രി 10 വരെ ആറ് സര്‍വീസുകള്‍ വീതം നടത്തുന്നു. മൂന്ന് മണിക്കൂര്‍ കൂടുമ്പോഴാണ് സര്‍വീസുകള്‍ നടത്തുന്നത്. ഉച്ചക്ക് 12ന് പുറപ്പെട്ടാല്‍ മൂന്ന് മണിക്കൂറും ഒരു മണിക്കൂര്‍ വിശ്രമവും കഴിഞ്ഞ് നാലിന് വൈകുന്നേരം സര്‍വീസുകള്‍ പുനരാരംഭിക്കും.
നഖീലില്‍ നിന്നും പുറപ്പെട്ട ബസുകള്‍ മൂന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും രാവിലെ 7.30 മുതല്‍ രാത്രി 11.30 വരെ തിരിച്ച് നഖീലിലേക്കും ആറ് സര്‍വീസുകള്‍ വീതം നടത്തുന്നു. അല്‍ ജീലര്‍, അല്‍ ഖൈല്‍ ഭാഗങ്ങളില്‍ പോകുന്ന ബസുകള്‍ക്ക് ആറ് സ്ഥലങ്ങിലും അല്‍ ഹംറ പോകുന്ന ബസുകള്‍ക്ക് രണ്ട് സ്ഥലങ്ങളിലുമാണ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. ഏത് സ്റ്റോപ്പില്‍ ഇറങ്ങുകയാണെങ്കിലും യാത്രക്കാരന്‍ അഞ്ച് ദിര്‍ഹം നല്‍കണം. ഒന്നേകാല്‍ മണിക്കൂറാണ് മൂന്ന് ദിശകളിലേക്കും ബസ് യാത്രക്ക് ആവശ്യമായ സമയം.

അല്‍ ഖൈല്‍ ഭാഗങ്ങളിലേക്ക് ബസുകളെ കൂടാതെ മുഷാറക എന്ന പേരില്‍ ഷെയറിംഗ് ടാക്‌സികളും ഒരുക്കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ രാത്രി 12 വരെ ഓരോ മണിക്കൂറിലും മുഷാറക ടാക്‌സി സര്‍വീസ് നടത്തും. അല്‍ ഖൈല്‍, അദന്‍ ഭാഗങ്ങളിലേക്ക് ഒരാള്‍ക്ക് 15 ദിര്‍ഹമും എയര്‍പോര്‍ട്, ദിഗ്ധാഗ, ഖറാന്‍ ഭാഗങ്ങളിലേക്ക് 10 ദിര്‍ഹമും നല്‍കണം. പ്രത്യേക സ്റ്റോപ്പുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാരന് ആവശ്യമായ സ്ഥലങ്ങില്‍ ഇറങ്ങാം. എട്ട് ടാക്‌സികളാണ് ഇപ്പോള്‍ നിരത്തില്‍ ഇറക്കിയിട്ടുള്ളത്. നഖീലില്‍ ഒമാന്‍ റോഡിലെ ഗള്‍ഫ് സിനിമ സിഗ്‌നലിന്റെ അടുത്ത് നിന്നാണ് ടാക്‌സികള്‍ പുറപ്പെടുന്നത്.

30 ദിര്‍ഹമില്‍ കുറയാതെ ടാക്‌സി ചാര്‍ജ്് കൊടുത്ത് നഖീലില്‍ നിന്നും ബസ് സ്റ്റാന്‍ഡില്‍ എത്തി 25 ദിര്‍ഹം നല്‍കി ദുബൈയിലേക്കും ഷാര്‍ജയിലേക്കും പോകുന്നവരുടെ സൗകര്യങ്ങള്‍ മാനിച്ച് ദുബൈ-ഷാര്‍ജ ബസിന്റെ സമയത്തിനനുസരിച്ച് നഖീലില്‍ നിന്നും പ്രധാന ബസ് സ്റ്റാന്‍ഡിലേക്കും തിരിച്ച് ബസ് സ്റ്റാന്‍ഡില്‍നിന്ന് നഖീലിലേക്കും ബസ് സര്‍വീസുകള്‍ സ്ഥാപിക്കുന്നത് റാസല്‍ ഖൈമയില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രാക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകും.
റാസല്‍ ഖൈമയിലെ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റര്‍സിറ്റി ബസ് സര്‍വീസുകളുടെ എണ്ണവും ഷെയറിംഗ് ടാക്‌സികളുടെ റൂട്ടുകളും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.