തീവ്രവാദികളെ രക്തസാക്ഷികളായി മഹത്വവത്കരിക്കരുത് :രാജ്‌നാഥ് സിംഗ്

Posted on: August 4, 2016 4:23 pm | Last updated: August 4, 2016 at 10:04 pm
SHARE

rajnath singhഇസ്ലാമാബാദ്: സാര്‍ക് ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജനാഥ് സിംഗ് രംഗത്ത്. തീവ്രവാദികളെ രക്തസാക്ഷികളായി മഹത്വവത്കരിക്കുന്ന നടപടി പാകിസ്ഥാനില്‍ നിന്ന് ഉണ്ടാവരുതെന്ന് രാജ്‌നാഥ് മുന്നറിയിപ്പ് നല്‍കി. ഭീകരര്‍ക്കും സംഘടനകള്‍ക്കും മാത്രമല്ല, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ആളുകള്‍ക്കും രാജ്യങ്ങള്‍ക്കുമെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്‌നാഥ് സിംഗിന്റെ പ്രസംഗം പാക് മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു.

കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രക്തസാക്ഷി എന്നു വിശേഷിപ്പിച്ചത് ഇന്ത്യയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത് കൂടി മനസില്‍ വച്ചായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രസംഗം.

ഭീകരരെ ഭീകരരായി തന്നെ കാണണം. അല്ലാതെ അവരെ രക്തസാക്ഷിയെന്ന് വിളിച്ച് മഹത്വവത്കരിക്കുകയല്ല ചെയ്യേണ്ടത്.നല്ല തീവ്രവാദികളെന്നും മോശം തീവ്രവാദികളെന്നുമില്ല. ഭീകരത എന്നത് ഭീകരത മാത്രമാണ്. അതിന് മതവും ഇല്ല രാജ്‌നാഥ് സിംഗ് പറഞ്ഞു. ഭീകരരുടെ സ്വര്‍ഗമായ രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ലഷ്‌കറെ തയ്ബ, ജെയ്‌ഷെ മുഹമ്മദ് സംഘടനകളുടെ പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണം.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സാര്‍ക് രാജ്യങ്ങള്‍ സ്വീകരിക്കണം രാജ്‌നാഥ് ആവശ്യപ്പെട്ടു. സിംഗിന്റെ പ്രസംഗം പാകിസ്ഥാന്‍ സര്‍ക്കാരിന്റെ മാധ്യമമായ പി.ടി.വി സംപ്രേഷണം ചെയ്തില്ല. ഇന്ത്യന്‍ മാധ്യമങ്ങളേയും യോഗം നടന്ന ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല. സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് രാജ്‌നാഥ് സിങ് ഇസ്ലാമാബാദിലെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here