Connect with us

Malappuram

നിലമ്പൂര്‍ ജില്ലാ ആശുപത്രി ഒ പി ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയായി വര്‍ധിപ്പിക്കും

Published

|

Last Updated

നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ ഒ പി ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാന്‍ ധാരണ. പാര്‍ക്കിംഗ് ഫീസ് സെപ്റ്റംബര്‍ മുതല്‍ വര്‍ധിപ്പിക്കാനും പുന:ക്രമീകരണങ്ങള്‍ നടത്താനും കിഡ്‌നി ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം ഈ മാസം 15 മുതല്‍ മൂന്ന് ഷിഫ്റ്റാക്കാനും ജില്ലാ എച്ച് എം സി യോഗം തീരുമാനിച്ചു.
ഒ പി ടിക്കറ്റ് ചാര്‍ജ് നിലവില്‍ രണ്ട് രൂപ എന്നത് പത്ത് രൂപയാക്കും. പേവാര്‍ഡില്‍ രാത്രി കാലങ്ങളില്‍ നഴ്‌സിംഗ് സ്റ്റാഫിന്റെ സേവനം ഉറപ്പുവരുത്തും. വനിതാ കാന്റീന്‍ ആരംഭിക്കുന്നതിനായി കുടുംബശ്രീ യൂനിറ്റുകളില്‍ നിന്നും ഓപ്പണ്‍ ടെന്‍ഡര്‍ സ്വീകരിക്കും. ഓപ്പണ്‍ ടെന്‍ഡര്‍ കൂടാതെ കെല്ലിനെ കൊണ്ട് പുതിയ ജനറേറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. നേരത്തെ ജില്ലാ പഞ്ചായത്ത് കെല്ലിന്റെ സഹായത്തോടെ ആശുപത്രിയില്‍ ജനറേറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നഷ്ടമാണെന്ന് കാണിച്ച് ആശുപത്രി വികസന സമിതി തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു. ഇതിനെതിരെ ചില അംഗങ്ങള്‍ രംഗത്തുവന്നതോടെയാണ് പഴയ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചത്.
പി വി അന്‍വര്‍ എം എല്‍ എ സ്വന്തം ചെലവില്‍ കഴിഞ്ഞ മേയില്‍ ആശുപത്രിയില്‍ സ്ഥാപിച്ച ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി പ്രശ്‌നം പരിഹരിക്കുന്നത്. എം എല്‍ എ ജനറേറ്റര്‍ സ്ഥാപിച്ചതിനെ ലീഗ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പ്രശംസിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, പി വി അന്‍വര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി വര്‍ഗീസ്, വി സുധാകരന്‍, ഒ ടി ജെയിംസ്, ആശുപത്രി സൂപ്രണ്ട് പി സി മാമു, പി ടി ഉമ്മര്‍, കെ റഹീം, മാത്യു കാരംവേലി, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.