ന്യായവിലക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍: മൂവായിരം ജന്‍ ഔഷധി സ്റ്റോറുകള്‍ തുറക്കും

Posted on: August 4, 2016 12:25 am | Last updated: August 4, 2016 at 12:25 am

aushadhi medical storeന്യൂഡല്‍ഹി: ഗുണനിലവാരമുള്ള മരുന്നുകള്‍ ന്യായവിലക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പ്രധാന്‍മന്ത്രി ജന്‍ ഔഷധി യോജനക്ക് കീഴില്‍ 3,000 ജന്‍ ഔഷധി സ്റ്റോറുകള്‍ കൂടി തുറക്കുമെന്നു കേന്ദ്ര രാസ, വളം സഹമന്ത്രി മന്‍സുഖ് എല്‍ മാണ്ഡവ്യ ലോക്‌സഭയില്‍ അറിയിച്ചു. 2017 മാര്‍ച്ചിനകം ഇത്പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് ജന്‍ ഔഷധി സ്റ്റോറുകള്‍ തുറക്കുന്നതിന് റീട്ടെയില്‍ വില്‍പനക്കാര്‍ക്ക് 20 ശതമാനം മാര്‍ജിനില്‍ ഒറ്റത്തവണ സഹായമായി രണ്ടര ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ മരുന്നുകളും കേന്ദ്രസര്‍ക്കാര്‍ നല്‍കും.
ഇതോടൊപ്പം സര്‍ക്കാര്‍ ആശുപത്രി പരിസരത്തിന് പുറത്ത് ആരംഭിക്കുന്ന ജന്‍ ഔഷധി സ്റ്റോറിന് 20 ശതമാനം മാര്‍ജിന് പുറമേ പ്രതിമാസ വില്‍പ്പനയുടെ 15 ശതമാനം ഇന്‍സെന്റീവായും (പരമാവധി പ്രതിമാസം 10,000 രൂപ) ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാറുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, വ്യക്തിഗതാ സംരംഭകര്‍, ഫാര്‍മസിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, റജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ട്രീഷണര്‍മാര്‍, സന്നദ്ധ സംഘടനകള്‍, ട്രസ്റ്റുകള്‍, സാമൂഹിക, ചാരിറ്റി സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ബിഫാം ഡിഗ്രിയോ ഡിഫാം ഡിപ്ലോമയോ ഉള്ള സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്കാണ് ജന്‍ ഔഷധി സ്റ്റോറുകള്‍ അനുവദിക്കുക.സ്വന്തമായോ വാടകക്കോ കുറഞ്ഞത് 120 ചതുരശ്ര അടി സ്ഥലമുണ്ടായിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം. ഇതുസംബന്ധിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ http://janaushadhi.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.