Connect with us

Kerala

2014 ബാച്ചിലെ എസ് ഐമാരെ വിമര്‍ശിച്ച് കംപ്ലെയിന്റ് അതോറിറ്റി

Published

|

Last Updated

കൊച്ചി: 2014ല്‍ പുറത്തിറങ്ങിയ പോലിസ് എസ്‌ഐ ബാച്ചിന് പോലിസ് കംപ്ലെയിന്റ് അതോറിറ്റിയുടെ രൂക്ഷ വിമര്‍ശനം. കംപ്ലെയിന്റ് അതോറിറ്റിക്ക് മുന്നിലെത്തിയ കേസുകളില്‍ ഭൂരിഭാഗവും ഈ ബാച്ചില്‍ പുറത്തിറങ്ങിയ പോലിസ് സബ് ഇന്‍സ്‌പെക്ടമാര്‍ക്ക് എതിരെയാണെന്ന് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. 2014 ബാച്ചില്‍പെട്ട പോലിസുകാര്‍ക്കെതിരെയാണ് ഇവിടെ വരുന്ന കേസുകളിലധികവും. ഇവര്‍ പൊതുജനങ്ങളെ സ്റ്റേഷനില്‍ വരുത്തി അകാരണമായി മര്‍ദ്ദിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. “തെറി” ഇവരുടെ മാതൃഭാഷയായി മാറിയിരിക്കുകയാണ്. മിനിമം ഒരു ഇടിയെങ്കിലും കൊടുത്തില്ലെങ്കില്‍ 2014 ലെ ബാച്ചിന്റെ ഫിലോസഫിക്ക് എതിരാണെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇന്നലെ എറണാകുളം റസ്റ്റ്ഹൗസില്‍ 74 കാരനായ മുകുന്ദരാജിന്റെ പരാതി പരിഗണിക്കവെയാണ് അതോറിറ്റി ചെയര്‍മാന്‍ വിമര്‍ശനം ഉന്നയിച്ചത്.
മജിസ്‌ട്രേറ്റ്് കോടതി തീര്‍പ്പാക്കിയ കേസില്‍ തന്നെ വടക്കേക്കര പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്‌ഐ അസഭ്യം പറഞ്ഞെന്നായിരുന്നു ഇയാളുടെ പരാതി. എന്നാല്‍ താന്‍ ആ കേസിലല്ല വിളിച്ചുവരുത്തിയതെന്നും പണമിടപാട് സംബന്ധിച്ച് മുകുന്ദരാജിനെതിരെ ഇയാളുടെ കുഞ്ഞമ്മ നല്‍കിയ പരാതിയിലാണ് വിളിച്ചുവരുത്തിയതെന്നും എസ്‌ഐ ജയകുമാര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം കേസുകള്‍ കോടതിയിലേക്കാണ് പറഞ്ഞുവിടേണ്ടതെന്നും ചെയര്‍മാന്‍ പറഞ്ഞു. ഭരണഘടനയില്‍ പൗരന്റെ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് വായിച്ചിട്ടുണ്ടോയെന്നും എസ്‌ഐയോട് ജസ്റ്റിസ് നാരായണക്കുറുപ്പ് ആരാഞ്ഞു. ഒരാള്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള അവകാശമാണ് ഭരണഘടനയുടെ 19, 21 വകുപ്പുകളില്‍ പറയുന്നത്. കുറ്റവാളിയായി ജയിലിലടച്ചാല്‍ പോലും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ചെയര്‍മാന്‍ ഓര്‍മിപ്പിച്ചു. പോലിസിന് ശിക്ഷിക്കാനുള്ള അധികാരമില്ല. എന്നാല്‍ കോടതിയുടെ അധികാരം മിക്കപ്പോഴും പോലിസ് ഏറ്റെടുക്കുകയാണ്. പല കേസുകളിലും സ്റ്റേഷനിലെത്തുന്നവരെ അകാരണമായി മര്‍ദ്ദിച്ച് അവശരാക്കുന്ന നടപടി തുടരുകയാണ്. ഇത്തരക്കാര്‍ക്കെതിരെ അധികാരികള്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചാല്‍ ഇതൊഴിവാക്കാന്‍ കഴിയുമെന്നും ചെയര്‍മാന്‍ പറഞ്ഞു.