ലഹരി ഉപയോഗം: വിദ്യാര്‍ഥികളെ പ്രതിയാക്കില്ലെന്ന് ഋഷിരാജ് സിംഗ്‌

Posted on: August 4, 2016 6:00 am | Last updated: August 4, 2016 at 12:19 am

rishiraj singhകൊച്ചി: ലഹരി മരുന്നു ഉപയോഗത്തിന്റെ പേരില്‍ പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളെ കേസില്‍ പ്രതിയാക്കില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഇവരെ സാക്ഷികളാക്കുകയും ഇവര്‍ക്ക് മയക്കുമരുന്നു നല്‍കിയവരെ പ്രതിയാക്കുകയും ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ വിവിധ സ്‌കൂളുകളില്‍ ലഹരിഉപയോഗത്തെക്കുറിച്ച് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
സഹ വിദ്യാര്‍ഥികള്‍ മയക്കുമരുന്നു ഉപയോഗിക്കുന്ന വിവരം അധികൃതരെ അറിയിച്ചാല്‍ അവര്‍ പിടിക്കപ്പെടുകയും സ്‌കുളില്‍ നിന്ന് പുറത്താകുകയും അവരുടെ ഭാവി അപകടത്തിലാകുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചുള്ള ആശങ്ക വിദ്യാര്‍ഥികള്‍ പങ്കുവെച്ചപ്പോഴാണ് അവരെ കേസില്‍ പ്രതിയാക്കില്ലെന്ന് ഋഷിരാജ് സിംഗ് ഉറപ്പു നല്‍കിയത്.
എന്നാല്‍ ക്ലാസില്‍ ആരെങ്കിലും ലഹരി മരുന്നു ഉപയോഗിക്കുന്നുണ്ടെന്ന് വിവരം കിട്ടിയാല്‍ അനന്തര ഫലത്തെക്കുറിച്ച് ആലോചിക്കാതെ അത് അധ്യാപകരെ നേരിട്ടോ രക്ഷിതാക്കള്‍ മുഖേനയോ അറിയിക്കണം. അറിയിച്ചാല്‍ എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന് ഓരോരുത്തരും ഭയപ്പെട്ടാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാതെയാകും. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെക്കുറിച്ച് അറിഞ്ഞാല്‍ അത് അറിയിക്കേണ്ടവരെ അറിയിക്കേണ്ടത് ഓരോ വിദ്യാര്‍ഥിയുടെയും കടമയാണ്. ഇക്കാര്യത്തില്‍ കുറച്ച് സാഹസം കാണിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതിന് രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളില്‍ ചെലുത്തുന്ന അമിതസമ്മര്‍ദവും ശിക്ഷാ നടപടികളുമാണ് പലപ്പോഴും അവര്‍ ലഹരിമരുന്നിന്റെ വഴികളിലേക്ക് തിരിഞ്ഞു പോകാന്‍ കാരണമാകുന്നത്. കുട്ടികളെല്ലാം 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങണമെന്ന് രക്ഷിതാക്കളും അധ്യാപകരും ശഠിക്കുമ്പോള്‍ കുറഞ്ഞ മാര്‍ക്ക് ലഭിക്കുന്നവന്‍ കൊള്ളരുതാത്തവനാകുന്നു. കുട്ടികളിലെ കലാപരവും കായികവുമായ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ അധ്യാപകരോ രക്ഷിതാക്കളോ തയ്യാറാകുന്നില്ല. അവര്‍ വേവലാതിപ്പെടുന്നത് ഉയര്‍ന്ന മാര്‍ക്കിനെക്കുറിച്ച്് മാത്രമാണ്.
കേരളത്തില്‍ പുതിയ തലമുറയില്‍ നിന്ന് വലിയ കായിക താരങ്ങളും കലാകാരന്‍മാരും ഉയര്‍ന്നുവരാത്തത് രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസത്തെക്കുറിച്ച് പുലര്‍ത്തുന്ന അബദ്ധ ധാരണ മൂലമാണെന്ന് കുട്ടികളുടെ കരഘോഷത്തിനിടയില്‍ ഋഷിരാജ് സിംഗ് പറഞ്ഞു.
സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണും മോട്ടോര്‍ വാഹനങ്ങളും കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിക്കണമെന്ന് ഋഷിരാജ് സിംഗ് നിര്‍ദേശിച്ചു. ലൈസന്‍സില്ലാതെ വാഹനമോടിച്ച് വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടമായാല്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് അതിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളിലെ കുടുംബങ്ങളില്‍ സംഭവിക്കുന്ന ദുരന്തം രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെയും ഉണ്ടാകുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പ്രിന്‍സിപ്പല്‍ ടി എന്‍ രാമകുമാര്‍, ഡോ. കെ പ്രസന്ന, ട്രസ്റ്റ് അംഗം വി എന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.