ദക്ഷിണ സുഡാനില്‍ ജനം കനത്ത ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്‌

Posted on: August 4, 2016 5:55 am | Last updated: August 3, 2016 at 11:55 pm
SHARE

ജുബ: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ ജനങ്ങള്‍ കനത്ത ദുരിതത്തിലെന്ന് യു എന്‍. വംശീയ കലാപം രൂക്ഷമായതോടെ അഭയാര്‍ഥികളുടേയും കൊടുംദാരിദ്ര്യത്തില്‍ അകപ്പെട്ടവരുടേയും എണ്ണം കുത്തനെ വര്‍ധിച്ചിരിക്കുകയാണെന്ന് യു എന്‍ മനുഷ്യാവകാശ വിഭാഗം വക്താവ് സ്റ്റീഫന്‍ ഒബ്രെയ്ന്‍ വ്യക്തമാക്കി. ലോകത്തെ ഏറ്റവും പുതുതായി രൂപംകൊണ്ട ദക്ഷിണ സുഡാനിലെ സാമൂഹിക അവസ്ഥ ഭീതി ജനകമാണ്. ഒരു ഭാഗത്ത് വംശീയ ആക്രമണം ശക്തമാകുമ്പോള്‍ മറ്റൊരു ഭാഗത്ത് സാമ്പത്തി മാന്ദ്യവും പട്ടിണിയും രാജ്യത്തെ പിടിച്ചുലക്കുകയാണ്. അടിയന്തര സഹായങ്ങള്‍ സുഡാനില്‍ അത്യാവശ്യമായിരിക്കുകയാണെന്ന് യു എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജൂലൈയില്‍ മാത്രം 300 പേരാണ് ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കനുസരിച്ച് ദക്ഷിണ സുഡാനിലെ 60,000 പേര്‍ അയല്‍രാജ്യമായ ഉഗാണ്ടയില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ സംവിധാനങ്ങളെല്ലാം അവതാളത്തിലായിരിക്കുകയാണ്.
സുഡാന്‍ പ്രസിഡന്റ് സല്‍വ കീറിന്റേയും മുന്‍ വൈസ് പ്രസിഡന്റ് റിയാക് മച്ചറിന്റേയും വംശങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കളായതിനാല്‍ ഇരുവിഭാഗത്തിനും നല്ല ആയുധ, സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here