പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി

Posted on: August 4, 2016 6:01 am | Last updated: August 3, 2016 at 11:52 pm
പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷം  പാര്‍ലിമെന്റിനെ അഭിമുഖീകരിച്ച് സംസാരിച്ച പ്രചണ്ഡ  ഇരിപ്പിടത്തിലേക്ക് മടങ്ങുന്നു
പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷം
പാര്‍ലിമെന്റിനെ അഭിമുഖീകരിച്ച് സംസാരിച്ച പ്രചണ്ഡ
ഇരിപ്പിടത്തിലേക്ക് മടങ്ങുന്നു

കാഠ്മണ്ഡു: നേപ്പാളിന്റെ 39ാമത് പ്രധാനമന്ത്രിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒാഫ് നേപ്പാള്‍ (മാവോയിസ്റ്റ്) നേതാവ് പ്രചണ്ഡയെ തിരഞ്ഞെടുത്തു. ഭൂരിപക്ഷം എം പിമാരുടെയും പിന്തുണ പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡക്ക് ലഭിച്ചതായി സ്പീക്കര്‍ ഒന്‍സാരി ഗാര്‍തി മഹല്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് 61കാരനായ പ്രചണ്ഡ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. 595 അംഗ പാര്‍ലിമെന്റില്‍ 363 പേര്‍ പ്രചണ്ഡക്ക് അനുകൂലമായി വോട്ട് ചെയ്തു. 210 പേര്‍ എതിര്‍ത്തു. 22 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് പ്രചണ്ഡ മന്ത്രിസഭ രൂപവത്കരിക്കുന്നത്. രാജ്യത്തെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തികവളര്‍ച്ച കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രചണ്ഡ വ്യക്തമാക്കി. സി പി എന്‍ (മാവോയിസ്റ്റ്) ന് പുറമെ നേപ്പാളി കോണ്‍ഗ്രസ്, സി പി എന്‍ (യു എം എല്‍), രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി എന്നിവയും സര്‍ക്കാരില്‍ പങ്കാളികളാവും.കഴിഞ്ഞ ആഴ്ച പാര്‍ലിമെന്റില്‍ അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിന് തൊട്ടുമുമ്പ് കെ പി ശര്‍മ ഒലി രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വന്നത്. യുണൈറ്റഡ് ഡെമോക്രാറ്റിക് മധേസി ഫ്രണ്ട്, ഫെഡറല്‍ അലൈന്‍സ് തുടങ്ങിയ ചെറു പാര്‍ട്ടികളുടേയും പിന്തുണ പ്രചണ്ഡക്കുണ്ട്. കഴിഞ്ഞ വര്‍ഷം പുതിയ ഭരണഘടനക്കും പുതിയ പ്രവിശ്യകളുടെ രൂപവത്കരണത്തിനും എതിരായി ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഇന്ത്യന്‍ വംശജരായ മധേസികള്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് നേപ്പാളും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉലഞ്ഞു. ഇന്ത്യയാണ് നേപ്പാളില്‍ സംഘര്‍ഷമുണ്ടാക്കുന്നതെന്ന് കെ പി എസ് ഒലി നിരന്തരം ആരോപിച്ചിരുന്നു. ചൈനയുമായി കൂടുതല്‍ അടുക്കാനും ഒലി ശ്രമിച്ചു. ഇടക്ക് ഒലിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ചയില്‍ കുറവ് വന്നെങ്കിലും പിന്നെയും ബന്ധം സുഗമമായില്ല. അതേസമയം പ്രചണ്ഡയുടേയും നിലപാട് ചൈനയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നത് തന്നെയാണ് ഇതുവരെ. ഇന്ത്യക്കെതിരെ പ്രചണ്ഡയും പലപ്പോഴും രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. 2008ല്‍ ദീര്‍ഘകാലം നീണ്ട ജനകീയ പോരാട്ടത്തിനും സായുധ പ്രക്ഷോഭത്തിനും ശേഷം രാജഭരണം അവസാനിപ്പിക്കുകയും തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പിന് ശേഷം പ്രചണ്ഡയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നിരുന്നു.
എന്നാല്‍ 2009ല്‍ സൈന്യവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് പ്രചണ്ഡയ്ക്ക് അധികാരമൊഴിയേണ്ടി വന്നു. 1996 മുതല്‍ 2006 വരെ സായുധ പോരാട്ട പാതയിലായിരുന്ന മാവോയിസ്റ്റുകളെ നയിച്ചത് പ്രചണ്ഡയാണ്. 2006ല്‍ സമാധാനസന്ധിയെ തുടര്‍ന്നാണ് സായുധപോരാട്ടം നിര്‍ത്തിയത്.