Connect with us

International

യമനില്‍ മൂന്നര ലക്ഷം കുട്ടികള്‍ പട്ടിണിയില്‍: യു എന്‍

Published

|

Last Updated

സന്‍അ: യമനില്‍ മൂന്നരലക്ഷത്തിലധികം കുട്ടികള്‍ കൊടിയ പട്ടിണിയിലാണെന്ന് യു എന്‍. ഹൂത്തികളും സര്‍ക്കാരും തമ്മില്‍ ആക്രമണം രൂക്ഷമായ യമനിലെ സാമൂഹിക അവസ്ഥ കൂടുതല്‍ ഭീതിജനകമാണെന്ന് യു എന്‍ വക്താക്കള്‍ അറിയിച്ചു. രാജ്യത്തെ പകുതിയോളം ജനങ്ങളും ദാരിദ്രത്തിന്റെ പിടിയിലകപ്പെട്ടിട്ടുണ്ടെന്നും ഇവരില്‍ 3,70,000 ഓളം കുട്ടികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അഞ്ച് വയസ്സിന് താഴെയുള്ള അഞ്ച് ലക്ഷം കുട്ടികളും പോഷകാഹാരകുറവ് മൂലമുള്ള രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്നും രാജ്യത്ത് ശിശു ശുശ്രൂഷക്കുള്ള സംവിധാനം അപര്യാപ്തമാണെന്നും യു എന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ദാരിദ്ര്യാവസ്ഥ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
ഹൂത്തികളും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള ആക്രമണവും സഊദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സൈന്യത്തിന്റെ ഇടപെടലുമാണ് യമനിനെ കൊടിയ ദുരിതത്തിലേക്ക് കൂപ്പുകുത്തിച്ചത്. 2014 മുതലാണ് യമനില്‍ ഹൂത്തികളുടെ ആക്രമണം ശക്തമായത്.
സ്വാധീന മേഖല പിടിച്ചടക്കുകയും സര്‍ക്കാര്‍ സൈന്യവുമായി ഏറ്റുമുട്ടുകയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുകയായിരുന്നു. സഊദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സേനയുടെയും യു എസ് സേനയുടെയും വ്യോമാക്രമണം കൂടിയായതോടെ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലായി.
ആശുപത്രി, ആംബുലന്‍സ്, ഗതാഗതം, വൈദ്യുതി, വിനിമയം തുടങ്ങി അവശ്യ സര്‍വീസുകളെല്ലാം അവതാളത്തിലായിരിക്കുകയാണ്. പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയുമുണ്ട്. ഭക്ഷണം, മരുന്ന് തുടങ്ങിയവ ആവശ്യക്കാരിലേക്കെത്തിക്കാനുള്ള സൗകര്യം പോലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നില്ല. ലക്ഷക്കണക്കിനാളുകളാണ് പല അയല്‍ രാജ്യങ്ങളിലേക്കുമായി കുടിയേറിപ്പാര്‍ത്തത്. ഇതിനിടെ, കുവൈത്തില്‍ നടന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടത് മനുഷ്യാവകാശ സംഘടനകളെ സങ്കടത്തിലാക്കിയിട്ടുണ്ട്.

Latest