ദേശീയ പാതകളിലും നിര്‍മാണത്തിന് പ്ലാസ്റ്റിക് മിശ്രിതം: ഇനി പ്ലാസ്റ്റിക് റോഡുകള്‍

Posted on: August 4, 2016 6:02 am | Last updated: August 3, 2016 at 11:48 pm

roadകണ്ണൂര്‍: റോഡു നിര്‍മാണത്തിന് സംസ്ഥാനത്ത് എല്ലായിടത്തും പ്ലാസ്റ്റിക് മിശ്രിതം ഇപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ആലോചന.
റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതിനു ശേഷം പെട്ടെന്നുണ്ടാകുന്ന തകര്‍ച്ച ഒഴിവാക്കുന്നതിനും വാര്‍ഷിക അറ്റകുറ്റപ്പണികളുടെ ആവര്‍ത്തന ചെലവ് കുറക്കുന്നതിനുമാണ് പ്ലാസ്റ്റിക് ബിറ്റുമിന്‍ ഉപയോഗിച്ചുള്ള റോഡുനിര്‍മാണം എല്ലായിടത്തേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് മാലിന്യം കൊണ്ടുള്ള പരിസ്ഥിതി പ്രശ്‌നം ഒഴിവാക്കാനും ഇതുമൂലം സാധിക്കും. 2006ലാണ് ആദ്യമായി പ്ലാസ്റ്റിക് ബിറ്റുമിന്‍ ഉപയോഗിച്ച് റോഡ്‌നിര്‍മാണത്തിന് സര്‍ക്കാര്‍ തുടക്കമിട്ടത്. തിരുവനന്തപുരം ജില്ലയിലെ ചാവടിമുക്ക്- പുല്ലാന്നിവിള, ഞാറക്കല്‍ റോഡില്‍ നാല് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോഡ് നിര്‍മിച്ചത്.
പിന്നീട് പരീക്ഷാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം വരെ കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, വയനാട്, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിലായി 17 റോഡുകള്‍ നിര്‍മിച്ചു. ശുദ്ധീകരിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ച 27.45 കി മി റോഡുകളുടെ ഉപരിതലം വര്‍ഷങ്ങളായും നശിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് പ്ലാസ്റ്റിക് റോഡുകള്‍ക്ക് പ്രചാരമേറിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും നഗരപരിധിയിലെ 50 കി മി ചുറ്റളവില്‍ വരുന്ന റോഡുകളുടെ നിര്‍മാണത്തിന് പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിക്കാമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദേശീയ പാതകളിലും പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് റോഡുകള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ദേശീയ പാതാ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് മുതല്‍ എട്ട് ശതമാനം വരെ പ്ലാസ്റ്റിക് ബിറ്റുമിന്‍ മിശ്രിതത്തില്‍ ചേര്‍ക്കാമെന്നാണ് നിര്‍ദേശം. 56 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് വര്‍ഷം തോറും രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം രാജ്യത്തെ 60 വലിയ നഗരങ്ങള്‍ 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസം പുറന്തള്ളുന്നുണ്ട്. ഡല്‍ഹിയില്‍ മാത്രം ദിവസം 7000 ടണ്ണാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പരിസ്ഥിതിക്കു കേടുവരുമെന്നതിനാല്‍ ഇതിന്റെ നിര്‍മാര്‍ജനം വലിയ തലവേദനയാണ് വരുത്തി വെക്കുന്നത്. ഈ അവസ്ഥക്ക് പരിഹാരം കാണാനും റോഡുകള്‍ക്ക് കൂടുതല്‍ കാലം ഗുണമേന്മ ഉറപ്പുവരുത്താനും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡുകളില്‍ ഏറെ വിജയം കൈവരിച്ചതാണ് ടാര്‍ പ്ലാസ്റ്റിക് റോഡ് പദ്ധതി. 60 മൈക്രോണ്‍ വരെ കനമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുക. ഇതില്‍ വെള്ളം ഇറങ്ങാത്തതിനാലാണ് കൂടുതല്‍ കാലം നിലനില്‍ക്കുന്നത്. പ്ലാസ്റ്റിക് ഉരുക്കി മെറ്റലിനോട് കലര്‍ത്തിയാണ് ടാറിംഗിനായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ റോഡുകളിലും ഏറെ വിജയം കൈവരിച്ച ഒന്നാണ് ടാര്‍ പ്ലാസ്റ്റിക് റോഡ് പദ്ധതി.
പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഇത്തരം റോഡുകളുടെ നിര്‍മാണ ചെലവും കുറക്കുകയും റോഡിന് കൂടുതല്‍ ബലം കിട്ടാനിടയാക്കുകയും ചെയ്യുമെന്ന് വിലയിരുത്തലുണ്ട്. ചൂടാക്കിയ മെറ്റലില്‍ പ്ലാസ്റ്റിക് തരികള്‍ ഇടുന്നതിനാല്‍ വേനല്‍ക്കാലത്തും റോഡ് സുരക്ഷിതമായി നിലനില്‍ക്കുമെന്നാണ് കരുതുന്നത്.