Connect with us

Ongoing News

ഇത് താന്‍ടാ ആന്ധ്രാ പോലീസ്

Published

|

Last Updated

കൊച്ചി: പ്രതിയുമായെത്തിയ ആന്ധ്ര പോലീസ് തൊണ്ടിമുതലെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വര്‍ണക്കടയില്‍ നിന്ന് മുഴുവന്‍ സ്വര്‍ണവും 13 ലക്ഷം രൂപയും രശീതി നല്‍കാതെ കൊണ്ടുപോയതായി പരാതി. പോലീസ് നടപടിക്കിടെ ഹൃദയ സംബന്ധമായ അസുഖമുള്ള ജ്വല്ലറി ഉടമ നിസാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് കൊച്ചി ബ്രോഡ് വെയിലായിരുന്നു സംഭവം. ഒരു ഡി വൈ എസ് പിയുടെ നേതൃത്വത്തിലെത്തിയ ആന്ധ്രാ പോലീസ് ഉദ്യോഗസ്ഥര്‍ കടയുടെ ഷട്ടര്‍ താഴ്ത്തി സി സി ടി വി ബന്ധങ്ങള്‍ വിച്ഛേദിച്ചായിരുന്നു മുഴുവന്‍ സ്വര്‍ണാഭരണങ്ങളും 13 ലക്ഷം രൂപയും ബലമായി എടുത്തു കൊണ്ടുപോയത്. ആന്ധ്ര മഹാറാണപേട്ട പോലീസ് അറസ്റ്റ് ചെയ്ത ശബരിഗണേശ് ഈ ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണമാണ് പിടിച്ചെടുക്കുന്നതെന്ന് പറഞ്ഞായിരുന്നു പോലീസ് നടപടി. എന്നാല്‍ കടയിലുണ്ടായിരുന്ന സ്വര്‍ണം വാങ്ങിയതിന്റെ രേഖകള്‍ ഹാജരാക്കിയെങ്കിലും ആന്ധ്ര പോലീസ് അംഗീകരിച്ചില്ലെന്ന് ഉടമ ആരോപിക്കുന്നു.
ഈ കേസില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട്് മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. പിന്നീടായിരുന്നു സ്വര്‍ണവും പണവും പിടിച്ചെടുത്തുള്ള ആന്ധ്രാ പോലീസ് നടപടി. ഉടമയുടെയും ജീവനക്കാരുടെയും മൊബൈല്‍ ഫോണുകള്‍ വാങ്ങി സ്വിച്ച് ഓഫ് ചെയ്തതിനാല്‍ പോലീസ് നടപടി സംബന്ധിച്ച വിവരം മറ്റുള്ള വ്യാപാരികള്‍ വൈകിയാണ് അറിഞ്ഞത്. പോലീസ് അതിക്രമത്തിനെതിരെ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വ്യാപാരികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. അന്യായമായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സ്വര്‍ണ വ്യാപാരികള്‍ കടകള്‍ അടച്ച് കൊച്ചി റേഞ്ച് ഐ ജി ഓഫീസിനു മുന്നിലേക്ക് മാര്‍ച്ച് നടത്തി.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സമാനമായ കേസുകള്‍ ടെക്‌സ്‌റ്റെല്‍ മേഖലയിലും അടിച്ചേല്‍പ്പിക്കുന്നുണ്ടെന്ന് സമിതി യൂനിറ്റ് സെക്രട്ടറി എസ് സുല്‍ഫിക്കര്‍ അലി പറഞ്ഞു. ഇതര സംസ്ഥാനത്തു നിന്നുള്ള കേസുകള്‍ കേരളത്തിലെ ലോക്കല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത് നടപടിയെടുക്കാനുള്ള നിയമം നിര്‍മിക്കണമെന്ന് സമിതി ജില്ലാ സെക്രട്ടറി ടി എം അബ്ദുല്‍ വാഹിദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന ജ്വല്ലറി ഉടമ നിസാറിനെ പോലീസ് ബലമായി ഡിസ്ചാര്‍ജ് ചെയ്യിക്കാന്‍ ശ്രമിച്ചെന്നും വ്യാപാരി വ്യവസായി സമിതി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.