Connect with us

Articles

റിയോയില്‍ ഇനി എന്തെല്ലാം പുതിയ റെക്കോര്‍ഡുകള്‍?

Published

|

Last Updated

പുതിയ വേഗവും ഉയരവും തേടി വെള്ളിയാഴ്ച ബ്രസീലിലെ റിയോയില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. പുതിയ റെക്കോര്‍ഡുകള്‍ക്കായി ലോകം കാതോര്‍ത്തിരിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് “മരുന്നടി” തന്നെയാണ്. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ബ്രസീലിലെ സാമ്പത്തിക തകര്‍ച്ചയും രാഷ്ട്രീയ അനിശ്ചിതത്വവും സിക വൈറസ് ആക്രമണവും ഒളിമ്പിക്‌സിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നെങ്കിലും രാജ്യം അതെല്ലാം അവഗണിച്ച് ഒളിമ്പിക്‌സ് വന്‍ വിജയമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് “മരുന്നടി” വിവാദങ്ങള്‍. മെഡലുകള്‍ക്ക് വേണ്ടി ഉത്തേജകമരുന്നുകള്‍ ഉപയോഗിച്ചവര്‍, റഷ്യയെ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള കായിക അസോസിയേഷനുകളുടെ അറിവോടെ മരുന്നുകള്‍ ഉപയോഗിച്ചവരും അടക്കം മൊത്തം ഒരു “മരുന്നടി” സംഘമാക്കി മാറ്റിയിയിരിക്കുകയാണ് ഒളിമ്പിക്‌സിനെ. അധികൃതരുടെ ഒത്താശയോടെ വ്യാപക മരുന്നടി നടത്തിയതിനെ തുടര്‍ന്ന് റഷ്യ ഒളിമ്പിക്‌സി ല്‍നിന്ന് പൂര്‍ണമായ വിലക്ക് നേരിടുന്നതുവരെ എത്തിയിരുന്നു. എന്നാല്‍ പൂര്‍ണമായിട്ടില്ലെങ്കിലും മരുന്നടിയില്‍പ്പെട്ട താരങ്ങളൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് പങ്കെടുക്കുന്നതിന് ഓരോ കായികവിഭാഗത്തിന്റെയും രാജ്യാന്തര അസോസിയേഷനുകള്‍ക്കും അനുമതി നല്‍കാമെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. 68 ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളടക്കം 387 അംഗ സംഘത്തിനെ റിയോയിലേക്ക് പറഞ്ഞയക്കാനായിരുന്നു റഷ്യയുടെ തീരുമാനം. ഇതില്‍ എത്രപേര്‍ ഒളിമ്പിക്‌സിനെത്തുമെന്നത് വിവിധ അസോസിയേഷനുകളുടെ തീരുമാനങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും. ഒളിമ്പിക്‌സ് തുടങ്ങുന്നതിനു മുമ്പുള്ള കഥകളാണിതൊക്കെയെങ്കില്‍ ഓരോ മത്സരങ്ങള്‍ക്ക് ശേഷവും വരുന്ന ഉത്തേജക മരുന്ന് പരിശോധന ഫലങ്ങള്‍ കായികതാരങ്ങള്‍ മികച്ച സമയങ്ങള്‍ക്കും റെക്കോര്‍ഡുകള്‍ക്കും വേണ്ടി “മരുന്നടി” നടത്തുന്നുണ്ട് എന്നതിന്റെ നേര്‍ക്കാഴ്ചയായി മാറും. മെഡലുകള്‍ നേടി വര്‍ഷങ്ങള്‍ക്കു ശേഷം ഉത്തേജകം ഉപയോഗിച്ചതിന്റെ വെളിപ്പെടുത്തലുകള്‍ ലോകം കണ്ടതാണല്ലോ.
സിക വൈറസ് ഭീതിയെ തുടര്‍ന്ന് പലയിനങ്ങളിലും ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. സാമ്പത്തിക ഞെരുക്കം മൂലം രാജ്യത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്നതും വിവിധ സംഭവങ്ങളിലായി അമ്പതോളം പോലീസുകാര്‍ കൊല്ലപ്പെട്ടതും ഒളിമ്പിക്‌സിനെത്തുന്ന താരങ്ങള്‍ക്ക് ഭീതി സമ്മാനിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് ലോകകപ്പ് ഫുട്‌ബോള്‍ നടക്കുമ്പോള്‍ പ്രസിഡന്റായിരുന്ന ദില്‍മ റൂസെഫ് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുകയാണെന്നതും രാജ്യം സാമ്പത്തിക തകര്‍ച്ച നേരിടുമ്പോള്‍ അടിക്കടി നടത്തുന്ന ഇത്തരമൊരു ലോകമാമാങ്കങ്ങളും രാജ്യത്ത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആഗസ്ത് അഞ്ചിന് ഒളിമ്പിക്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുക താത്കാലിക പ്രസിഡന്റായ മിഷേല്‍ ടൈമര്‍ ആയിരിക്കും.
വിവിധയിനങ്ങളില്‍ ഒളിമ്പിക്‌സ് മെഡലുകള്‍ തേടി അത്‌ലറ്റുകളും അവരുടെ ഒഫീഷ്യലുകളുമായി ഔദ്യോഗിക കണക്കുപ്രകാരം 17,000ത്തോളം പേരാണ് വിവിധ രാജ്യങ്ങളില്‍നിന്നായി ബ്രസീലിലെത്തുന്നത്. ഇവരുടെയൊക്കെ സുരക്ഷക്കായി 85,000 സുരക്ഷാ ഭടന്മാരെയാണ് ബ്രസീല്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് ലണ്ടനില്‍ ഒളിമ്പിക്‌സില്‍ 42,000 പേര്‍ മാത്രമായിരുന്നു സുരക്ഷാകാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടത് എന്നറിയുമ്പോള്‍ രാജ്യം എത്ര മാത്രം സുരക്ഷാഭീതി നേരിടുന്നുണ്ട് എന്ന് മനസ്സിലാക്കാം.
ഒളിമ്പിക്‌സിനോടനുബന്ധിച്ച് ബ്രസീലിലെത്തുന്ന ലക്ഷക്കണക്കിന് ടൂറിസ്റ്റുകളുടെ വരവ് രാജ്യത്ത് ലൈംഗിക അരാജകത്വം സൃഷ്ടിക്കുമെന്നതാണ് മറ്റൊരു പ്രശ്‌നമായി കാണുന്നത്. ടൂറിസ്റ്റുകളെയും കാത്ത് രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ ലൈംഗിക വ്യാപാരികള്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇതാണ് തെളിയിക്കുന്നത്. ഇതിനെ നേരിടാന്‍ ബ്രസീല്‍ സര്‍ക്കാര്‍ ചെയ്യുന്ന പ്രതിവിധിയാണ് അതിലേറെ കൗതുകം പകരുന്നത്. ഏതാണ്ട് നാലര ലക്ഷത്തോളം ടൂറിസ്റ്റുകളെ പ്രതിക്ഷിക്കുന്ന സര്‍ക്കാര്‍ പ്രതിദിനം അത്രയും ഗര്‍ഭനിരോധന ഉറകള്‍ വിവിധ സ്ഥലങ്ങളിലായി സൗജന്യമായി വിതരണം ചെയ്യാനുള്ള നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. വിവിധ ഒളിമ്പിക് വേദികളെ ബന്ധപ്പെടുത്തി 16 കിലോമീറ്റര്‍ ദൂരംവരുന്ന ഭൂഗര്‍ഭ മെട്രോ റെയില്‍ കഴിഞ്ഞ ദിവസം തുറന്നിരിക്കുകയാണ്.
ഇന്ത്യന്‍ പ്രതീക്ഷകളും
മരുന്നടിയും
ആര്‍ച്ചറി, ഗുസ്തി, ഷൂട്ടിംഗ്, ടെന്നീസ്, ബാഡ്മിന്റണ്‍, ബോക്‌സിംഗ് എന്നീ ഇനങ്ങളിലാണ് രാജ്യം മെഡല്‍ പ്രതീക്ഷകള്‍ പുലര്‍ത്തുന്നത്. 83 അംഗ സംഘത്തില്‍ ട്രാക്കില്‍ നിന്ന് ഉറച്ച മെഡല്‍ പ്രതീക്ഷകളൊന്നുമില്ലെങ്കിലും ചില അപ്രതീക്ഷിത താരോദയങ്ങള്‍ തള്ളിക്കളയാന്‍ കഴിയില്ല. മെഡലുകള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ തയാറെടുപ്പ് അവസാന ഘട്ടത്തിലെത്തുമ്പോള്‍ ഉത്തേജക വിവാദത്തിെത്തിയിരിക്കുകയാണ്. സാധാരണ മെഡല്‍ നേടാനുള്ള കുറുക്കുവഴിയായിട്ടാണ് ഉത്തജേകമരുന്നുകള്‍ ഉപയോഗിക്കുന്നതെങ്കില്‍ സഹതാരത്തിന്റെ വഴികള്‍ അടയ്ക്കുന്നതിനു വേണ്ടി നടത്തിയ ഗൂഢാലോചനകളുടെ ഫലമായി ഉത്തേജകമരുന്ന് പരിശോധനയില്‍ കായികതാരങ്ങള്‍ പരാജയപ്പെട്ട വാര്‍ത്തകളാണ് രാജ്യം കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടത്. 74 കി. ഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ പ്രതിനിധി നര്‍സിംഗ് യാദവ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതാണ് ഇത്തരമൊരു “ചതി” പുറത്തുവരാന്‍ ഇടയാക്കിയത്. കഴിഞ്ഞ മാസം അഞ്ചിന് സോനിപത്തിലെ സായ് (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ താരത്തിന്റെ സാമ്പിളുകള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് താരത്തിന്റെ ഒളിമ്പിക്‌സ് സ്വപ്‌നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ആരാണ് ഈ ചതിക്ക് പിന്നില്‍ ചരടുവലിച്ചത് എന്നത് വരുംനാളുകളില്‍ ഇന്ത്യന്‍ കായികരംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുമെന്നതില്‍ സംശയമില്ല.
ആദ്യം തന്നെ ഈ വിഭാഗത്തില്‍ മത്സരിക്കുന്നതിനു വേണ്ടിയുള്ള സുശീല്‍കുമാറിന്റെ ശ്രമങ്ങളാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് ഇന്ത്യന്‍ കായികരംഗത്തെ എത്തിച്ചതെന്നതാണ് സാഹചര്യങ്ങളും നാഡ അച്ചടക്ക സമിതിയുടെ തീരുമാനങ്ങളും ബോധ്യപ്പെടുത്തുന്നത്. വിവിധ തലങ്ങളില്‍ നടന്ന “പോരാട്ടങ്ങള്‍”ക്കുശേഷം അവസാനം കോടതി തീരുമാനപ്രകാരമാണ് നര്‍സിംഗ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച് ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ സുശീല്‍കുമാറും പരിശീലകന്‍ സത്പാല്‍ സിംഗുമാണ് ഈ “ചതി”ക്ക് പിന്നിലെന്ന് മനസ്സിലാകുന്നത്. പല സാഹചര്യതെളിവുകളും സാക്ഷിമൊഴികളും സുശീല്‍കുമാറിനെതിരെയാണ്. അത്തരമൊരു ഗൂഢാലോചന മനസ്സിലാക്കിയിട്ട് തന്നെയാണ് നാഡ അച്ചടക്കസമിതി നര്‍സിംഗിന് “ടിക്കറ്റ്” നല്‍കിയിരിക്കുന്നത്. ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിംഗും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരിക്കുകയാണ്. രണ്ടുപേരും ഈ “പരാജയ”ത്തിന് പിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നുവെന്നത് ഇന്ത്യന്‍ കായികരംഗത്തിന്റെ അപചയങ്ങളെയാണ് സൂചിപ്പിക്കുന്നത്. അത്തരമൊരു നീക്കം ഇതിനുപിന്നില്‍ നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയും വിവിധ അസോസിയേഷനുകളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇതിനുപിന്നില്‍ നടന്നിട്ടുള്ള ഗൂഢാലോചന പുറത്ത് കൊണ്ടുവരേണ്ട ബാധ്യതയും അവര്‍ക്കുണ്ട്. അവസരങ്ങള്‍ക്കുവേണ്ടി താരങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇത്തരം വഴിവിട്ട രീതിയിലേക്ക് മാറുന്നത് ഇന്ത്യന്‍ കായികരംഗത്തിനു തന്നെ ഭീഷണിയായിരിക്കും. റഷ്യ നല്‍കുന്ന പാഠങ്ങള്‍ നമുക്ക് മുന്നിലുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും.
അറിഞ്ഞുകൊണ്ട് താന്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന നര്‍സിംഗ് യാദവിന്റെ വാദം “നാഡ” (ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി) അംഗീകരിച്ചതോടെ താരത്തിന് റിയോയില്‍ മത്സരിക്കാനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. അറിഞ്ഞുകൊണ്ടായാലും ഇല്ലെങ്കിലും കായികതാരങ്ങള്‍ വ്യാപകമായി മരുന്നടിക്ക് വിധേയരാകുന്നുവെന്നത് രാജ്യത്തെ ഒളിമ്പിക്‌സില്‍ നിന്ന് വിലക്കുന്നതിലേക്ക് എത്തിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കും. ഇപ്പോള്‍ അത്തരമൊരു അവസ്ഥയില്ലെങ്കിലും ഭാവിയില്‍ ഈ പ്രവണത വര്‍ധിക്കുമെന്ന് കണ്ടുതന്നെ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മികച്ച വേഗവും ഉയരവും താണ്ടുന്നതിനുവേണ്ടി താരങ്ങള്‍ അറിയാതെ പരിശീലകരും അസോസിയേഷനുകളും ഭക്ഷണത്തിലൂടെയും മറ്റും ഉത്തേജകമരുന്നുകള്‍ കായികതാരങ്ങള്‍ക്ക് നല്‍കുന്നുവെന്നത് ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്.
ചരിത്രമാകുന്ന
“അഭയാര്‍ഥി സംഘം”
റിയോ ഒളിമ്പിക്‌സ് ലോകത്ത് ഒരു പുതുചരിത്രം സൃഷ്ടിക്കുന്നുവെന്നതാണ് പ്രത്യേകത. ലോകചരിത്രത്തില്‍ ആദ്യമായിട്ട് അഭയാര്‍ഥികളുടെ ഒരു ടീം മത്സരിക്കുന്നുവെന്നതാണത്. ഒളിമ്പിക് പതാകക്ക് കീഴിലാണ് “രാജ്യമില്ലാത്ത”വരുടെ ഈ സംഘം മത്സരിക്കുന്നത്. ആഭ്യന്തരപ്രശ്‌നങ്ങള്‍ നടക്കുന്ന ദക്ഷിണ സുഡാനില്‍ നിന്ന് അഞ്ചും സിറിയയില്‍ നിന്ന് രണ്ടുപേരും കോംഗോയില്‍നിന്ന് രണ്ടും എത്യോപ്യയില്‍ നിന്നും ഒരാളുമടങ്ങുന്ന പത്തംഗ സംഘം ഈ ഒളിമ്പിക്‌സ് മാര്‍ച്ച് പാസ്റ്റിലെ വേറിട്ട കാഴ്ചയായിരിക്കും. ആഭ്യന്തരസംഘര്‍ഷങ്ങളില്‍നിന്ന് രക്ഷപ്പെട്ട് പലായനം ചെയ്ത് വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന ഇവര്‍ റിയോയില്‍ തീര്‍ക്കുന്ന ചലനങ്ങള്‍ക്കായി ലോകമെങ്ങും കൗതുകപൂര്‍വം കാത്തിരിക്കുകയാണ്. ലോകത്ത് വിവിധ രാജ്യങ്ങളിലായി ആഭ്യന്തര സംഘര്‍ഷങ്ങളും അഭയാര്‍ഥിപ്രശ്‌നവും രൂക്ഷമായ അവസ്ഥയിലാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇത്തരമൊരു തീരുമാനത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. ഇങ്ങനെ കണ്ടെത്തിയ 43 അത്‌ലറ്റുകളില്‍ നിന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തിരഞ്ഞെടുത്തതവരാണ് ഈ പത്തുപേര്‍. എന്തായാലും ഈ സംഘത്തിന്റെ ഒളിമ്പിക് പ്രവേശനവും അവരുടെ പ്രകടനവും ലോക കായികചരിത്രത്തിലിടം പിടിക്കുമെന്ന് തന്നെ പറയാം.

---- facebook comment plugin here -----

Latest