സഊദിയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ആശ്വാസ പാക്കേജ്

Posted on: August 3, 2016 11:49 pm | Last updated: August 3, 2016 at 11:49 pm

തിരുവനന്തപുരം: തൊഴില്‍ പ്രതിസന്ധിമൂലം സഊദി അറേബ്യയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ആശ്വാസ പാക്കേജ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തി. സഊദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാനാണ് ആദ്യശ്രമമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സഊദിയിലേക്ക് പോകുമെന്നും മന്ത്രി അറിയിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ചു മന്ത്രി കെ ടി ജലീലിനെയും സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വി കെ ബേബിയെയും സഊദിയിലേക്ക് അയക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സഊദി സര്‍ക്കാര്‍, വിവിധ മലയാളി സംഘടനകള്‍, ഇന്ത്യന്‍ എംബസി അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. താത്പര്യമുള്ളവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ജിദ്ദ, മദീന തുടങ്ങിയ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യസംഘം ഇന്ന് നാട്ടിലേക്കു തിരിക്കും. മദീന വിമാനത്താവളത്തില്‍ നിന്ന് പ്രാദേശികസമയം 5.30നു വിമാനം പുറപ്പെടും. ഹജ്ജ് തീര്‍ഥാടകരുമായി എത്തിയ വിമാനത്തിലാണ് തൊഴിലാളികളുടെ മടക്കം. ജോലി നഷ്ടപ്പെട്ട് 7,700 പേര്‍ 20 ക്യാമ്പുകളിലായി സഊദിയുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്നുണ്ടെന്നാണ് അറിയുന്നത്. മലയാളികളുടെ എണ്ണം 200 എന്നാണ് കേരള സര്‍ക്കാറിനു ലഭിച്ചിട്ടുള്ള പുതിയ വിവരം.