Connect with us

Gulf

വി പി എന്‍ സൈറ്റുകള്‍ക്ക് വിലക്കില്ല; ദുരുപയോഗം ശിക്ഷാര്‍ഹമെന്ന് ട്രാ

Published

|

Last Updated

അബുദാബി: വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക് (വി പി എന്‍) സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് രാജ്യത്ത് വിലക്കില്ലെന്ന് യു എ ഇ ടെലികമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലും മറ്റുമായി ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അത്തരം കിംവദന്തികള്‍ മുഖവിലക്കെടുക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
വി പി എന്‍ സൈറ്റുകള്‍ക്ക് വിലക്കില്ലെങ്കിലും മറ്റേതു സാങ്കേതിക സംവിധാനങ്ങളേയും പോലെ ദുരുപയോഗം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ക്കെതിരെ കടുത്ത നിയമ നടപടി കൈകൊള്ളുമെന്നും ട്രാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ സാമ്പത്തിക ഗമനത്തെ തടസ്സപ്പെടുത്തുന്ന ഒരു നിയമവും നടപ്പില്‍ വരുത്തില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന തദ്ദേശീയമോ അന്തര്‍ദേശീയമോ ആയ കമ്പനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനവും രാജ്യത്ത് നടപ്പാക്കുകയില്ല, അധികൃതര്‍ തീര്‍ത്തു പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങായി രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്ന ചില സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് വി പി എന്‍ സൈറ്റുകള്‍ക്ക് വിലക്കുണ്ടോയെന്ന് ട്രാ ഓഫീസുകളിലെത്തിയ അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. രാജ്യത്തെ ബേങ്കുകളുള്‍പെടെ നിരവധി സ്ഥാപനങ്ങള്‍ തങ്ങളുടെ ആഭ്യന്തര സൈറ്റുകളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കുന്നത് വി പി എന്‍ സൈറ്റുകളാണ്. അതിനാല്‍തന്നെ അവയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന ഒരു നീക്കവും ട്രായുടെ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മലയാളികളുള്‍പെടെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ വി പി എന്‍ സൈറ്റുകള്‍ക്ക് നിരോധനമുണ്ടെന്നും പിടിക്കപ്പെട്ടാല്‍ വന്‍തുക പിഴയുള്‍പെടെയുള്ള നിയമ നടപടികള്‍ക്ക് വിധേയമാകുമെന്നുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.
ഇത്തരം പ്രചരണങ്ങളില്‍ പെട്ട് തെറ്റിദ്ധരിച്ചവര്‍ക്ക് വ്യക്തത വരുത്തുകയാണ് ഇതിലൂടെ ട്രാ ചെയ്തത്. മറ്റേത് സാങ്കേതിക സൗകര്യവുംപോലെ വി പി എന്‍ സൈറ്റുകളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗപ്പെടുത്തിയാല്‍ ശരിക്കും കണക്ക് പറയേണ്ടി വരുമെന്നും ട്രാ മുന്നറിയിപ്പ് നല്‍കി.