കുവൈത്ത്- ഖത്വര്‍ കോസ്‌വേയുടെ 34 ശതമാനം നിര്‍മാണം പൂര്‍ത്തിയായി

Posted on: August 3, 2016 7:22 pm | Last updated: August 5, 2016 at 7:37 pm
SHARE
കുവൈത്ത്- ഖത്വര്‍ കോസ്‌വേ നിര്‍മാണം പുരോഗമിക്കുന്നു
കുവൈത്ത്- ഖത്വര്‍ കോസ്‌വേ നിര്‍മാണം പുരോഗമിക്കുന്നു

ദോഹ: കുവൈത്തിനെയും ഖത്വറിനെയും കരമാര്‍ഗം ബന്ധിപ്പിക്കുന്ന ശൈഖ് ജാബിര്‍ അല്‍ അഹ്മദ് കോസ്‌വേ പദ്ധതിയുടെ 34 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. പദ്ധതിയുടെ നിര്‍മാണം ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലും സഹകരണത്തിലും ദ്രുതഗതിയില്‍ നടക്കുകയാണെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി (റോഡ് എന്‍ജിനീയറിംഗ്) അഹ്മദ് അല്‍ ഹസ്സന്‍ പറഞ്ഞതായി കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 169 മില്യന്‍ കുവൈത്ത് ദിനാര്‍ ചെലവില്‍ നിര്‍മിക്കുന്ന ഗള്‍ഫ് മേഖലയിലെ പ്രധാനപ്പെട്ട പദ്ധതി 1462 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കും.
കുവൈത്തിലെ എന്റര്‍ടെയ്ന്‍മെന്റ് സിറ്റിക്ക് സമീപമുള്ള ശുവൈഖ് വഴിയാണ് ദോഹയുമായി ബന്ധിപ്പിക്കുന്നത്. ഇതിനായി ഗസാലി പാലത്തിന്റെ നിര്‍മാണം ആരംഭിക്കും. കുവൈത്തിലെ ഗതാഗത തടസ്സം പരിഹരിക്കാനും രാജ്യത്തുടനീളം റോഡ് ശൃംഖല വ്യാപിപ്പിക്കാനും ഇതിലൂടെ സാധിക്കും. ദോഹയിലേക്ക് ദീര്‍ഘിപ്പിക്കുന്ന ഭാഗത്തെ പാലത്തിന്റെ നിര്‍മാണം ലോകത്തെ തന്നെ ഏറ്റവും വലുതാകുമെന്നാണ് കണക്കുകൂട്ടല്‍. ശുവൈഖ് പോര്‍ട്ടില്‍ നിന്ന് തുടങ്ങുന്ന കടല്‍പ്പാലം കുവൈത്ത് ഉള്‍ക്കടലിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് നീളും. ഉം അല്‍ നാമില്‍ ദ്വീപ്‌സമൂഹത്തിനരികിലൂടെയാണ് ദോഹയിലേക്ക് കടക്കുന്നത്. തുടര്‍ന്ന് ദോഹ എക്‌സ്പ്രസ്‌വേയുമായി ബന്ധിപ്പിക്കും. 12.4 കിലോമീറ്റര്‍ നീളത്തിലാണ് ഇത്. കടല്‍പ്പാലത്തിന് ഏഴ് കിലോമീറ്റര്‍ നീളവും രണ്ട് ഇന്റര്‍സെക്ഷനുകളും ഉണ്ടാകും. പദ്ധതിയിലെ പ്രധാന പാലമായ സുബ്ബിയ്യയുടെ അതേ സവിശേഷതകള്‍ ദോഹ പാലത്തിനും ഉണ്ടാകും. ഖത്വറിനെയും ബഹ്‌റൈനെയും ബന്ധിപ്പിക്കാനും കോസ്‌വേ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സഊദി അറേബ്യയെയും ഈജിപ്തിനെയും കരമാര്‍ഗം ബന്ധിപ്പിക്കുന്നതിന് കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച കിംഗ് സല്‍മാന്‍ കോസ്‌വേയുമായി ജി സി സി റെയില്‍ ബന്ധിപ്പിക്കാന്‍ സാധ്യതകളുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here